അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം എന്ന നിലയ്ക്ക് തനിക്ക് ലഭിച്ച സാമ്പത്തിക സുസ്ഥിതിക്ക് നന്ദിയായി സമ്പത്തിന്റെ ദാതാവായ അല്ലാഹു നിശ്ചയിച്ചതാണ് സകാത്ത്. ദാതാവിനോടുള്ള നന്ദി നിര്‍വഹിക്കുമ്പോള്‍ സമസൃഷ്ടികള്‍ക്ക് സമൃദ്ധി കൈവരുന്നു. എന്നാല്‍ ഒരാളുടെ സമ്പത്തില്‍ എപ്പോഴാണ് സകാത്ത് ബാധ്യതയായി വരുന്നത് എന്ന കാര്യവും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. കൈവശമുള്ള എത്ര ചെറിയ മൂല്യത്തിനും അതില്‍ നിന്നൊരംശം കൊടുക്കുക എന്നതല്ല സകാത്തിന്റെ രീതി. മറിച്ച് സകാത്ത് നിര്‍ബന്ധമായിത്തീരാന്‍ ആവശ്യമായ ചില സാഹചര്യങ്ങള്‍ പൂര്‍ത്തിയാവേണ്ടതുണ്ട്.
ഉടമസ്ഥത: സ്വന്തം ഉടമസ്ഥതയിലുള്ള സമ്പത്തിനു മാത്രമേ സകാത്ത് ബാധകമാവൂ. അമാനത്തായി ആരെങ്കിലും ഏല്പിച്ചതോ മറ്റൊരു ഉടമ സംരക്ഷണച്ചുമതല ഏല്പിച്ചതോ ആയ മുതലിന് അത് കൈവശമുള്ളവന്‍ സകാത്ത് കൊടുക്കേണ്ടതില്ല.
വികസനക്ഷമത: വികസിതമോ വികസനക്ഷമമോ ആയ ധനത്തിന് മാത്രമേ സകാത്ത് ബാധകമാവുന്നുള്ളൂ. അതുകൊണ്ടാണ് ഭൂമി, താമസിക്കുന്ന വീട്, യാത്രയ്ക്കുള്ള വാഹനം, തൊഴിലുപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് സകാത്തില്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ചത്. അവ വികസനക്ഷമമല്ല. സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവ വികസനക്ഷമമാണ്. അത് വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും.
വര്‍ഷം തികയല്‍: സ്വത്ത്/പണം കൈവശം വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ മാത്രമേ സകാത്ത് നിര്‍ബന്ധമാകുന്നുള്ളൂ. എന്നാല്‍ ഒന്നിച്ച് കൈവശം വരുന്ന 'മാലുല്‍ മുസ്തഫാദ്' ഈ നിബന്ധനയില്‍ നിന്നൊഴിവാണ്. അവ കൈവശം വരുമ്പോള്‍ സകാത്ത് കൊടുക്കണം. കാര്‍ഷികോത്പന്നങ്ങള്‍ക്ക് സകാത്തു നല്‌കേണ്ടത് വിളപെടുപ്പ് സമയത്താണ്.
നിസ്വാബ്: മേല്‍പറഞ്ഞ നിബന്ധനകള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും സമ്പത്ത് ഒരു നിശ്ചിത പരിധിയില്‍ താഴെയാണെങ്കില്‍ സകാത്ത് ബാധകമല്ല. 590 ഗ്രാമില്‍ താഴെയുള്ളുവെങ്കില്‍ വെള്ളിക്ക് സകാത്തില്ല. നാല്പത് എണ്ണത്തില്‍ താഴെയാണെങ്കില്‍ ആടിനും സകാത്തില്ല. ഇങ്ങനെയുള്ള ചുരുങ്ങിയ പരിധിയെ നിസ്വാബ് എന്നു പറയുന്നു.
മിച്ചം: ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ കഴിച്ച് മിച്ചം വരുന്നവര്‍ക്കു മാത്രമേ സകാത്ത് നിര്‍ബന്ധമുള്ളൂ. കിട്ടുന്നതെല്ലാം ചെലവഴിക്കുക എന്ന ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും രീതി അടിസ്ഥാനാവശ്യങ്ങള്‍ എന്ന പരിധിയില്‍പെടില്ല.