സകാത്ത് നല്‍കേണ്ട ഓരോ ഇനത്തിനും അവയ്ക്ക് സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമായിത്തീരുന്ന കുറഞ്ഞ എണ്ണം അല്ലെങ്കില്‍ അളവിനെയാണ് നിസ്വാബ് എന്ന് പറയുന്നത്. അതിനാല്‍ സകാത്ത് നല്‍കേണ്ട ഓരോ ഇനത്തിനും അവയുടെ നിസ്വാബ് തികഞ്ഞിരിക്കേണ്ടതാണ്.
അടിസ്ഥാനാവശ്യങ്ങള്‍ കഴിച്ച് നിസ്വാബ് തികയുക
സകാത്ത് നല്‍കേണ്ട സ്വത്തുക്കള്‍ കണക്കാക്കുമ്പോള്‍ ഒരാള്‍ തന്റെയും കുടുംബത്തിന്റെയും ഉപയോഗത്തിനുള്ള വീട്, വസ്ത്രം, വാഹനം വീട്ടുപകരണങ്ങള്‍, തൊഴിലുപകരണങ്ങള്‍, പഠന സാമഗ്രികള്‍, പുസ്തകങ്ങള്‍ മുതലായ അടിസ്ഥാനാവശ്യവസ്തുക്കള്‍ ഒഴിവാക്കിയാണ് സകാത്ത് നല്‍കേണ്ടസ്വത്തുക്കള്‍ കണക്കാക്കേണ്ടത്. അതുപോലെ കച്ചവടം, വ്യവസായം, കൃഷി എന്നിവയുടെ സകാത്ത് നല്‍കേണ്ട സ്വത്തുക്കള്‍ കണക്കാക്കുമ്പോള്‍ അവയുടെ ഉത്പാദനത്തിനും സംഭരണത്തിനും വില്പനക്കും ആവശ്യമായ കെട്ടിടങ്ങള്‍, യന്ത്ര സാമഗ്രികള്‍, വാഹനങ്ങള്‍ ഓഫീസുകള്‍, ഫര്‍ണിച്ചറുകള്‍ മുതലായവ ഒഴിവാക്കേണ്ടതാണ്.
എന്നാല്‍ വീടുണ്ടാക്കാനോ സ്വന്തം ഉപയോഗത്തിനുള്ള വാഹനം വാങ്ങാനോ അവിവാഹിതനായ ഒരു വ്യക്തി മഹ്‌റിന് വേണ്ടിയോ സ്വരൂപിച്ചുവെച്ച പണം നിസ്വാബെത്തുകയും വര്‍ഷം പൂര്‍ത്തിയാവു കയും ചെയ്താല്‍ സകാത്ത് നല്‍കേണ്ടതാണ്.
കട ബാധ്യതകള്‍ കഴിച്ചു നിസ്വാബ് തികയുക
ഒരു വ്യക്തിക്ക് സകാത്ത് നിര്‍ബന്ധമാവുന്ന അത്രയും സ്വത്തുണ്ടെങ്കിലും അദ്ദേഹത്തിന് കടബാധ്യതകള്‍ ഉണ്ടെങ്കില്‍ അതുകഴിച്ച് ബാക്കി ധനം മാത്രം സകാത്തിനായി പരിഗണിച്ചാല്‍ മതി. ബാക്കിയുള്ള സ്വത്തിനു നിസ്വാബ് തികയുന്നുണ്ടെങ്കില്‍ മാത്രമേ സകാത്ത് നല്‍കേണ്ടതുള്ളൂ. ഉദാ: ഒരാളുടെ പക്കല്‍ ഇരുനൂറു ദിര്‍ഹം (വെള്ളി നാണയം) ഉണ്ടെങ്കില്‍ അയാള്‍ സകാത്ത് കൊടുക്കേണ്ടതാണ്. എന്നാല്‍ അയാള്‍ക്ക് അന്‍പതു ദിര്‍ഹം കടംവാങ്ങിയത് കൊടുക്കാനുണ്ടെങ്കില്‍ ആ അന്‍പതു ദിര്‍ഹം കഴിച്ച് ബാക്കി നൂറ്റി അന്‍പതു ദിര്‍ഹമേ ഉണ്ടാവുകയുള്ളൂ. അത് നിസ്വാബ് തികയുകയില്ല അതിനാല്‍ സകാത്ത് നല്‍കേണ്ടതില്ല.
വര്‍ഷം തികയല്‍
കാര്‍ഷികോത്പന്നങ്ങള്‍, നിധി എന്നിവ ഒഴികെയുള്ള സകാത്ത് നല്‍കേണ്ട സ്വത്തുക്കള്‍ക്ക് ഒരു ചാന്ദ്രവര്‍ഷം പൂര്‍ത്തിയായിട്ടേ സകാത്ത് നല്‍കേണ്ടതുള്ളൂ. കാര്‍ഷികോത്പന്നങ്ങള്‍ക്കു അവയുടെ വിളവെടുപ്പ് സമയത്തുതന്നെ സകാത്ത് നല്‍കേണ്ടതാണ്. 'അതിന്റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത്‌വീട്ടുകയും ചെയ്യുക'(6:141) എന്ന ഖുര്‍ആന്‍ വചനം ഇതാണ് സൂചിപ്പിക്കുന്നത്. സകാത്ത് കണക്കുകൂട്ടിക്കൊണ്ടിരിക്കുന്ന വര്‍ഷത്തിന്റെ ഇടയ്ക്ക് എപ്പോഴെങ്കിലും ലഭിക്കുന്ന സ്വത്തുകള്‍ നേരത്തെ നിസ്വാബ് തികഞ്ഞു കണക്കുകൂട്ടിക്കൊണ്ടിരിക്കുന്ന സ്വത്തിലേക്കു ചേര്‍ത്ത് കണക്കുകൂട്ടേണ്ടതാണ്.
എന്നാല്‍ നിസ്വാബ് തികഞ്ഞ് കണക്കുകൂട്ടികൊണ്ടിരിക്കുന്ന ഒരു സ്വത്ത്, വര്‍ഷം തികയുന്നതിനു മുമ്പ് നിസ്വാബിനെക്കാളും കുറഞ്ഞുപോവുകയും പിന്നീട് കുറച്ചുകഴിഞ്ഞു നിസ്വാബ് തികയുകയും ചെയ്താല്‍ രണ്ടാമതും നിസ്വാബ് തികഞ്ഞതുമുതല്‍ സകാത്ത് കണക്കുകൂട്ടിയാല്‍ മതി. ഉദാ: ഒന്നാം മാസം ഒരാളുടെ പക്കല്‍ 200 ദിര്‍ഹം കരുതലായി ഉണ്ടായിരുന്നു. എന്നാല്‍ അഞ്ചാംമാസം അതില്‍ നിന്ന് 50 ദിര്‍ഹം ചിലവായി. വീണ്ടും ഏഴാംമാസം 50 ദിര്‍ഹം മിച്ചമുണ്ടാവുകയും തന്റെ കരുതല്‍ ധനമായ 150 ദിര്‍ഹമിലേക്കു ചേര്‍ത്തുവെക്കുകയും ചെയ്തു. ഇവിടെ ഈ വ്യക്തിക്ക് പന്ത്രണ്ടാം മാസത്തില്‍ ആ 200 ദിര്‍ഹമിന് സകാത്ത് നല്‍കേണ്ടതില്ല. ഏഴാം മാസം മുതലേ സകാത്ത് കണക്കുകൂട്ടേണ്ടതുള്ളൂ.