Skip to main content

അടിസ്ഥാന ആവശ്യങ്ങളും സകാത്തും

വരുമാനത്തിന്‍റെ സകാത്ത് കണക്കാക്കുന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ രണ്ട് വീക്ഷാഗതികള്‍ കാണാവുന്നതാണ്. ദാതാവിന്‍റെ വരുമാനത്തില്‍ നിന്ന് നത്യനിദാന ചെലവുകള്‍ കഴിച്ച ശേഷം നിസ്വാബ് അഥവാ 590 ഗ്രാം വെള്ളിയുടെ മൂല്യം കൈവശമുണ്ടെങ്കില്‍ രണ്ടര ശതമാനം സകാത്ത് നല്കണമെന്നാണ് ഒരു വീക്ഷണം. 

കിട്ടുന്ന മൊത്ത വരുമാനം (Gross Amount) നിസ്വാബ് എത്തുമെങ്കില്‍ സകാത്ത് നിര്‍ബന്ധമാണ് എന്നതാണ് രണ്ടാമത്തെ വീക്ഷണം. 

വിശുദ്ധ ഖുര്‍ആനിലോ നബിവചനങ്ങളിലോ ഖണ്ഡിതമായി പ്രതിപാദിക്കാത്ത വിഷയങ്ങളുടെ വിശദാംശങ്ങളില്‍ വീക്ഷണവ്യത്യാസം സ്വാഭാവികം.

"തങ്ങള്‍ എന്താണ് ചെലവഴിക്കേണ്ടത് എന്നവര്‍ നിന്നോട് ചോദിച്ചാല്‍ മിച്ചമുള്ളത് എന്നു നീ പറഞ്ഞേക്കുക" (2: 219)
'ഐശ്വര്യാവസ്ഥയിലല്ലാതെ സ്വദഖയില്ല' (ബുഖാരി)

ഈ രണ്ടു പ്രമാണങ്ങള്‍ വിശദീകരിക്കുന്നിടത്താണ് വീക്ഷണവ്യത്യാസം ഉണ്ടാവുന്നത്. 

ചെലവു കഴിച്ച ശേഷം നിസ്വാബ് ഉണ്ടെങ്കില്‍ സകാത്ത് കൊടുക്കണമെന്ന വീക്ഷണത്തിനാണ് മുന്‍തൂക്കമുള്ളത്. പക്ഷേ ഒരാളുടെ ജീവിതച്ചെലവുകള്‍ മുഴുവന്‍ കഴിഞ്ഞിട്ടേ സകാത്ത് നിര്‍ബന്ധമുള്ളൂ എന്നല്ല ഇതിനര്‍ഥം. ജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ എന്നീ കാര്യങ്ങള്‍ക്കു വേണ്ടി വരുന്ന ചെലവുകള്‍ മാത്രമാണ് ഉദ്ദേശ്യം. ജീവിതത്തിലെ സൗകര്യ സംവര്‍ധക സംവിധാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞ് മിച്ചമുള്ളവര്‍ സമൂഹത്തില്‍ തുലോം തുച്ഛമായിരിക്കും. 

അപ്പോള്‍ സകാത്ത് കണക്കു കൂട്ടുമ്പോള്‍ രണ്ടു തരത്തിലാവാം. 

1.    വരുമാനം കണക്കാക്കി പരിധി(നിസ്വാബ്) എത്തുന്നുവെങ്കില്‍ അതിന്‍റെ രണ്ടര ശതമാനം സകാത്ത് നല്കുക.
2.    വരുമാനത്തില്‍ നിന്ന് അനിവാര്യമായ ജീവിതാവശ്യങ്ങള്‍ കഴിച്ചുള്ളത് പരിധി(നിസ്വാബ്) എത്തുമെങ്കില്‍ അതിന്‍റെ രണ്ടര ശതമാനം സകാത്തു നല്കുക. 

സൂക്ഷ്മത (തഖ്വാ)യുള്ള മനസ്സാക്ഷിയനുസരിച്ച് ആരാധനാ കര്‍മങ്ങളെ സമീപിക്കുകയാണ് വേണ്ടത്.

 

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback
  • Sunday Nov 24, 2024
  • Jumada al-Ula 22 1446