ജിഹാദ് എന്ന പദം കേള്‍ക്കാത്തവര്‍ വളരെ കുറവായിരിക്കും. മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും പരിചിതമാണത്. പക്ഷേ, അതിന്റെ സാക്ഷാല്‍ വിവക്ഷയെക്കുറിച്ച് പലരും അജ്ഞരാകുന്നു. സമകാലമാധ്യമങ്ങളാല്‍ സ്വാധീനിക്കപ്പെട്ട മിക്കവരും കരുതുന്നത് ചാവേര്‍ ആക്രമണം അഥവാ ഭീകരാക്രമണം എന്നര്‍ഥമുള്ള ഒരു പദമാണ് ജിഹാദ് എന്നാകുന്നു. അറബി ഭാഷയിലോ ഇസ്‌ലാമിക പ്രമാണങ്ങളിലോ ജിഹാദിന് അങ്ങനെയൊരര്‍ഥം ഇല്ല. ജിഹാദ് എന്നാല്‍ മതയുദ്ധം എന്ന് ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. യുദ്ധം എന്ന ആശയത്തിന് അറബിയില്‍ ജിഹാദ് എന്ന് പറയാറുമില്ല. ഹര്‍ബ്, ഖിതാല്‍ എന്നീ പദങ്ങളാണ് യുദ്ധം എന്നതിനുള്ള അറബീ പ്രയോഗം. എന്നാല്‍ വിശ്വാസ ജീവിതത്തിനും നിലനില്പിനും വേണ്ടി യുദ്ധം ചെയ്യേണ്ടി വന്നാല്‍ വിശാലാര്‍ഥത്തില്‍ അത് ജിഹാദില്‍ ഉള്‍പ്പെടുന്നുവെന്നു മാത്രം.
പ്രയത്‌നം അഥവാ പരിശ്രമം എന്നര്‍ഥമുള്ള ജുഹ്ദ് എന്ന ശബ്ദ ധാതുവില്‍ നിന്ന് നിഷ്പന്നമായ ഒരു പദമാണ് ജിഹാദ്. ഊര്‍ജിതശ്രമം അഥവാ എതിര്‍പ്പുകളെ അതിവര്‍ത്തിക്കാനുള്ള ശ്രമം എന്നാണ് അതിന്റെ അര്‍ഥം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിര്‍വഹിക്കേണ്ട ജിഹാദിനെക്കുറിച്ച് അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സത്യനിഷേധികളെ അനുസരിക്കരുതെന്നും സത്യനിഷേധികളോട് ഖുര്‍ആന്‍ മുഖേന വലിയ ഒരു ജിഹാദ് നടത്തണമെന്നും (25:52) അല്ലാഹു ആജ്ഞാപിച്ചിട്ടുണ്ട്. ഈ ജിഹാദ് കായികമോ സായുധമോ അല്ല. ആശയപരമാണ്. ഈ കാര്യത്തില്‍ സംശയത്തിന് അവകാശമില്ല. സത്യനിഷേധികളില്‍ പലരും സത്യവിശ്വാസത്തെയും തദടിസ്ഥാനത്തിലുള്ള ധാര്‍മിക ജീവിതത്തെയും എതിര്‍ക്കുന്നവരായിരിക്കും. അവരുടെ സംശയങ്ങള്‍ക്ക് ഖുര്‍ആന്‍ സൂക്തങ്ങളുടെ പിന്‍ബലത്തോടെ മറുപടി നല്‍കുന്നതും ഖുര്‍ആന്‍ മുഖേന നിര്‍വഹിക്കുന്ന ജിഹാദാകുന്നു.
സത്യവിശ്വാസവും ശരിയായ ജീവിതക്രമവും സ്വീകരിച്ചതിന്റെ പേരില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ വെറുപ്പ് പ്രകടിപ്പിക്കുമ്പോഴും, ആദര്‍ശം കൈയൊഴിച്ച് അവരോടൊപ്പം നില്ക്കാന്‍ അവര്‍ സമ്മര്‍ദം ചെലുത്തുമ്പോഴും അതിനൊന്നും വഴങ്ങിക്കൊടുക്കാതിരിക്കലും ജിഹാദിന്റെ വകുപ്പില്‍ പെട്ടതു തന്നെ. ഒരു മനുഷ്യന്‍ ഏറെ ആദരിക്കേണ്ടവരാണ് തന്റെ മാതാപിതാക്കള്‍. എന്നാല്‍ അല്ലാഹുവല്ലാത്ത ഏതെങ്കിലും ആരാധനാമൂര്‍ത്തിയെ ആരാധിക്കാന്‍ അവര്‍ സമ്മര്‍ദം ചെലുത്തിയാല്‍ അവരെ അനുസരിക്കരുതെന്ന് ഖുര്‍ആനില്‍ അല്ലാഹു പഠിപ്പിക്കുന്നു.
''നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ നിന്നോടു ജിഹാദ് ചെയ്യുകയാണെങ്കില്‍ (നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുകയാണെങ്കില്‍) അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് അവരോട് നീ നല്ല നിലയില്‍ സഹവസിക്കുകയും എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യണം. പിന്നെ എന്റെയടുത്തേക്കാണ് നിങ്ങളുടെ മടക്കം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെക്കുറിച്ച് അപ്പോള്‍ ഞാന്‍ നിങ്ങളെ വിവരമറിയിക്കും'' (വി.ഖു.31:15).
പ്രലോഭനങ്ങള്‍ കൊണ്ടോ പ്രകോപനങ്ങള്‍ കൊണ്ടോ മുസ്‌ലിംകളെ സത്യമതത്തില്‍ നിന്നു തെറ്റിക്കാന്‍ വേണ്ടി പിശാചും കൂട്ടാളികളും എക്കാലത്തും ശ്രമിച്ചു പോന്നിട്ടുണ്ട്. ഇതിനെ കഴിയുന്ന വിധം ചെറുക്കാന്‍ ഓരോ സത്യവിശ്വാസിയും ബാധ്യസ്ഥനാകുന്നു. പലരും നേരിടുന്ന പ്രലോഭനങ്ങളും പ്രകോപനങ്ങളും വ്യത്യസ്ത തരത്തിലുള്ളതായിരിക്കും. അതിനെയൊക്കെ ചെറുക്കാനും അതിജീവിക്കാനും വിശ്വാസിക്ക് അവലംബിക്കാനുള്ള മാര്‍ഗങ്ങളും വിഭിന്നമായിരിക്കും. നബി(സ്വ)യുടെ മക്കാജീവിത കാലത്ത് പരസ്യമായി ആരാധനകളും പ്രബോധനവും നടത്തുന്നതില്‍ നിന്ന് അദ്ദേഹത്തെയും അനുചരന്‍മാരെയും തടയാനുള്ള പല ശക്തമായ നീക്കങ്ങളും നടന്നിരുന്നു. പക്ഷേ, എതിര്‍പ്പുകാരുമായി ഒരിക്കലും അദ്ദേഹം ഏറ്റുമുട്ടുകയോ അവരെ നേരിടാന്‍ അനുചരന്‍മാരോട് നിര്‍ദേശിക്കുകയോ ചെയ്തില്ല. പ്രത്യക്ഷമായി ശത്രുത പുലര്‍ത്താത്ത ചിലരുടെ പിന്തുണ ആര്‍ജിച്ചുകൊണ്ട് എതിര്‍പ്പുകളെ മറികടക്കാനുള്ള ശ്രമങ്ങളാണ്, പ്രവാചക നിയോഗം ലഭിച്ചത് മുതല്‍ സ്വദേശമായ മക്കയില്‍ താമസിച്ച പതിമൂന്നു വര്‍ഷക്കാലം മുഴുവന്‍ അദ്ദേഹം നടത്തിയത്. അതിനിടയില്‍ സാധിക്കുന്ന വിധത്തിലെല്ലാം അദ്ദേഹം ഇസ്‌ലാമിക ആദര്‍ശം പ്രബോധനം ചെയ്യുകയും അനുചരന്‍മാരെ ഇസ്‌ലാമിക ജീവിതക്രമം ശീലിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.
എതിര്‍പ്പുകള്‍ ഏറെയുണ്ടെങ്കിലും അദ്ദേഹം ജനങ്ങളെ ബഹുദൈവ വിശ്വാസത്തിനും അധാര്‍മിക ജീവിതരീതികള്‍ക്കുമെതിരില്‍ ബോധവത്കരിച്ചു കൊണ്ടേയിരുന്നു. ഇതിനു വേണ്ടി അദ്ദേഹം ചെയ്ത അധ്വാന പരിശ്രമങ്ങളും ത്യാഗങ്ങളുമെല്ലാം ജിഹാദിന്റെ അര്‍ഥപരിധിയില്‍ വരുന്നു.
അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഊര്‍ജിത ശ്രമങ്ങള്‍ എപ്പോള്‍ എങ്ങനെ നടത്തണമെന്നത് സ്ഥലകാലസാഹചര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനിക്കേണ്ടത്. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നീ തലങ്ങളില്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ് സംബന്ധിച്ച സാധ്യതകളും ബാധ്യതകളും വ്യത്യസ്തമായിരിക്കും. വിശുദ്ധ ഖുര്‍ആനില്‍ ഇതു സംബന്ധിച്ചു പറയുന്നത് ഇങ്ങനെയാണ്: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ ജിഹാദ് ചെയ്യണം. അവന്‍ നിങ്ങളെ ഉത്കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതത്തില്‍ യാതൊരു പ്രയാസവും അവന്‍ നിങ്ങളുടെ മേല്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവ് ഇബ്രാഹീമിന്റെ മാര്‍ഗമത്രെ അത്. മുന്‍ വേദങ്ങളിലും ഈ വേദഗ്രന്ഥത്തിലും അല്ലാഹു നിങ്ങള്‍ക്ക് മുസ്‌ലിംകളെന്ന് (ജീവിതം അല്ലാഹുവിന് സമര്‍പിച്ചവരെന്ന്) പേരിട്ടിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കാനും നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കാനും വേണ്ടി. അതിനാല്‍ നിങ്ങള്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്കുകയും അല്ലാഹുവെ മുറുകെപ്പിടിക്കുകയും ചെയ്യണം. അവനാണു നിങ്ങളുടെ രക്ഷാധികാരി. അവന്‍ എത്ര നല്ല സഹായി ! '' (22:78).
ഈ സൂക്തത്തില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറപ്രകാരം ജിഹാദ് ചെയ്യണമെന്ന് കല്പിച്ചശേഷം ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗമാണത് എന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാകുന്നു. ഇബ്‌റാഹീം നബി(അ) അല്ലാഹുവിന്റെ സത്യമതം പ്രബോധനം ചെയ്യുന്ന വിഷയത്തിലും അവന്റെ വിവിധ ആജ്ഞകള്‍ നിറവേറ്റുന്ന വിഷയത്തിലും നിര്‍ഭയവും ധീരവുമായ ഒട്ടേറെ ത്യാഗപരിശ്രമങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹം എതിരാളികളോട് യുദ്ധം ചെയ്തതായി ഖുര്‍ആനിലോ പ്രബലമായ ഹദീസുകളിലോ രേഖപ്പെടുത്തിയിട്ടില്ല. അദ്ദേഹം നിര്‍വഹിച്ച മാതൃകാപരമായ ജിഹാദ് സത്യമതത്തിന്റെ കാര്യത്തില്‍അദ്ദേഹം നടത്തിയ ഊര്‍ജിത യത്‌നങ്ങളും ധര്‍മസമരവുമാണെന്നത്രെ ഈ സൂക്തത്തില്‍ നിന്ന് ഗ്രഹിക്കാവുന്നത്.
പ്രവാചക ജീവിതത്തിലെ ഒരു സംഭവം ഇവിടെ പ്രസ്താവ്യമാണ്. മക്കയില്‍ സത്യനിഷേധികളുടെ എതിര്‍പ്പ് രൂക്ഷമായപ്പോള്‍ നബി(സ്വ)യുടെ അനുവാദത്തോടെ അനുചരന്മാരില്‍ ചിലര്‍ ആദ്യമായി അഭയം തേടിപ്പോയത് ഹബ്ശ (അബ്‌സീനിയ - എത്യോപ്യ)യിലേക്കായിരുന്നു. അവിടുത്തെ ക്രിസ്ത്യന്‍ രാജാവ് നജ്ജാശി(നേഗസ്) മുസ്‌ലിംകള്‍ക്ക് അഭയം നല്‍കുകയും അവരോട് നന്നായി പെരുമാറുകയും ചെയ്തു. കുറെ മുസ്‌ലിംകള്‍ ഹബ്ശയില്‍ സുരക്ഷിതരായി കഴിയുന്നു എന്ന വിവരം മക്കയിലെ ശത്രുക്കള്‍ അറിഞ്ഞപ്പോള്‍ അവരിലെ രണ്ട് പ്രമുഖരെ അങ്ങോട്ടയച്ചു. രാജാവിനെ സമീപിച്ച് മുസ്ലിംകള്‍ക്കെതിരില്‍ ഏഷണി പറഞ്ഞ് അവര്‍ക്ക് അഭയം നിഷേധിക്കാന്‍ അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. അവര്‍ നജ്ജാശി രാജാവിനെ സമീപിച്ച് ഇപ്രകാരം പറഞ്ഞു.
'മഹാരാജാവേ, ഞങ്ങളുടെ നാട്ടില്‍നിന്ന് ഏതാനും അവിവേകികള്‍ താങ്കളുടെ നാട്ടില്‍ നുഴഞ്ഞുകയറിയിരിക്കുന്നു. അവര്‍ സ്വന്തം ജനതയുടെ മതം പരിത്യജിച്ച് ഞങ്ങള്‍ക്കോ താങ്കള്‍ക്കോ പരിചയമില്ലാത്ത ഒരു പുതിയ മതം കൊണ്ടുവന്നിരിക്കുകയാണ്. അവരുടെ പിതാക്കളും പിതൃവ്യരും അടുത്ത ബന്ധുക്കളും വരെ തിരിച്ചു കൊണ്ടു പോകാന്‍ വേണ്ടി ഞങ്ങളെ നിയോഗിച്ചതാണ്''
ചക്രവര്‍ത്തി മുസ്ലിം അഭയാര്‍ഥികളെ വിളിച്ചുവരുത്തി അവര്‍ പൂര്‍വികരുടെ മതം ഉപേക്ഷിച്ച് പുതിയ മതം സ്വീകരിക്കാന്‍ കാരണമെന്താണെന്ന് അന്വേഷിച്ചപ്പോള്‍ മുസ്്‌ലിം പക്ഷത്തുനിന്ന് ജഅ്ഫറുബ്‌നു അബീത്വാലിബ് സംസാരിച്ചു. അദ്ദേഹം പറഞ്ഞു: 'ഞങ്ങള്‍ അജ്ഞരായ ഒരു ജനതയായിരുന്നു. വിഗ്രഹത്തെ പൂജിക്കുകയും ശവം ഭുജിക്കുകയും അസാന്മാര്‍ഗിക പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും കുടുംബബന്ധം വിച്ഛേദിക്കുകയും അയല്‍ക്കാരനെ ദ്രോഹിക്കുകയും ശക്തര്‍ ദുര്‍ബലരെ ചൂഷണം നടത്തുകയും ചെയ്യുന്ന ഒരു ജനത. അങ്ങനെയിരിക്കെ അല്ലാഹു ഞങ്ങളിലേക്ക് ഞങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചു. അദ്ദേഹത്തിന്റെ കുടുംബവും സത്യസന്ധതയും വിശ്വസ്തതയും മാന്യതയും ഞങ്ങള്‍ക്ക് നന്നായി അറിയാം. അദ്ദേഹം ഞങ്ങളെ ഏകദൈവാരാധനയിലേക്ക് ക്ഷണിച്ചു. ഞങ്ങളും പൂര്‍വ പിതാക്കളും ആരാധിച്ചിരുന്ന ശിലകളെയും ശില്‍പങ്ങളെയും കൈയൊഴിക്കാനും ആവശ്യപ്പെട്ടു. സത്യം പറയുക, വിശ്വസ്തത പാലിക്കുക, കുടുംബബന്ധം കൂട്ടിയിണക്കുക, അയല്‍ക്കാരോട് നന്നായി വര്‍ത്തിക്കുക, രക്തം ചിന്താതിരിക്കുക, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ വര്‍ജിക്കുക, കള്ളം പറയാതിരിക്കുക, അനാഥകളുടെ സ്വത്ത് ഭുജിക്കാതിരിക്കുക, പതിവ്രതകളെക്കുറിച്ച് അപവാദം പറയാതിരിക്കുക തുടങ്ങിയ ധാര്‍മിക മൂല്യങ്ങള്‍ അദ്ദേഹം ഞങ്ങളോട് കല്പിച്ചു. അല്ലാഹുവ മാത്രം ആരാധിക്കുക, അവനോട് യാതൊരു പങ്കാളിയെയും ചേര്‍ക്കാതിരിക്കുക, നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നീ അനുഷ്ഠനങ്ങള്‍ നിര്‍വഹിക്കുക എന്നീ കാര്യങ്ങളും അദ്ദേഹം കല്പിച്ചു. ഞങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും എല്ലാഹുവിങ്കല്‍ നിന്ന് അദ്ദേഹം കൊണ്ടുവന്ന മതകാര്യങ്ങളില്‍ അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. അപ്പോള്‍ ഞങ്ങളുടെ ജനത ഞങ്ങളോട് അതിക്രമം കാണിക്കുകയും ഞങ്ങളെ പീഡിപ്പിക്കുകയും ചെയ്തു. ഞങ്ങളെ ഏകദൈവാരാധനയില്‍ നിന്ന് വിഗ്രഹ പൂജയിലേക്കും ഞങ്ങള്‍ കൈയൊഴിച്ച മ്‌ളേച്ഛതകളിലേക്കും തിരിച്ചുകൊണ്ടുപോകാന്‍ വേണ്ടി അവര്‍ ബലം പ്രയോഗിച്ചു. അപ്പോഴാണ് ഞങ്ങള്‍ താങ്കളുടെ നാട്ടിലേക്ക് പോന്നത്. മറ്റുള്ളവരെക്കാള്‍ താങ്കളെയാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. താങ്കളുടെ നാട്ടില്‍വെച്ച് ഞങ്ങള്‍ ആക്രമിക്കപ്പെടുകയില്ലെന്ന പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്.
ഇത് കേട്ടപ്പോള്‍ നജ്ജാശി ചക്രവര്‍ത്തി ചോദിച്ചു. അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ച വല്ലതും താങ്കളുടെ പക്കലുണ്ടോ? ജഅ്ഫര്‍ അതേ എന്ന് പറഞ്ഞപ്പോള്‍ അത് വായിച്ചുകേള്‍പ്പിക്കാന്‍ നജ്ജാശി ആവശ്യപ്പെട്ടു. ജഅ്ഫര്‍ ഖുര്‍ആനിലെ മര്‍യം അധ്യായത്തിന്റെ ആദ്യഭാഗം പാരായണം ചെയ്തുകേള്‍പ്പിച്ചു. ഇതുകേട്ട് നജ്ജാശിയും അവിടെയുണ്ടായിരുന്ന പുരോഹിതന്മാരും കരഞ്ഞു. മക്കയില്‍ നിന്നുവന്ന രണ്ട് ബഹുദൈവവാദി നേതാക്കള്‍ പിന്നീട് നജ്ജാശി രാജാവിനെ സമീപിച്ചുകൊണ്ട് മുസ്‌ലിംകള്‍ക്കെതിരില്‍ ഉന്നയിച്ച ആക്ഷേപം അവര്‍ യേശുക്രിസ്തുവിനെക്കുറിച്ച് മോശമായ അഭിപ്രായങ്ങള്‍ പറയുന്നു എന്നായിരുന്നു. അതിന് ജഅ്ഫര്‍(റ) നല്‍കിയ മറുപടി മര്‍യമിന്റെ മകന്‍ ഈസാ അല്ലാഹുവിന്റെ ദാസനും ദൂതനും അല്ലാഹുവിങ്കല്‍ നിന്നുള്ള ആത്മാവും മര്‍യമില്‍ അല്ലാഹു നിക്ഷേപിച്ച വചനവുമാണ് എന്നായിരുന്നു. ഈ മറുപടി സത്യവുമായി തികച്ചും യോജിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട നജ്ജാശി രാജാവ് മുസ്്‌ലിംകളെ ആക്ഷേപമുക്തരാക്കുകയും തന്റെ നാട്ടില്‍ തുടര്‍ന്നും അവര്‍ക്ക് അഭയം നല്‍കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
ഈ സംഭവം ഇവിടെ ഉദ്ധരിച്ചത് ഖുര്‍ആനില്‍ നിന്ന് പഠിച്ച ന്യായവാദങ്ങളുമായി എതിരാളികളെ നേരിട്ട് പരാജയപ്പെടുത്തുന്ന ആശയപരമായ ജിഹാദാണ് മുസ്‌ലിം അഭയാര്‍ഥികള്‍ എത്യോപ്യയില്‍ നടത്തിയത് എന്ന് വ്യക്തമാക്കാനാണ്. നബി(സ്വ)യില്‍ നിന്ന് തന്നെയാണ് സ്വഹാബികള്‍ ഈ ജിഹാദിന്റെ മാതൃക സ്വീകരിച്ചത്. പ്രവാചകത്വലബ്ധിക്കുശേഷം നബി(സ്വ)യും അനുചരരും മക്കയില്‍ ജീവിച്ച പതിമൂന്ന് വര്‍ഷക്കാലത്ത് എതിര്‍പ്പുകളെ നേരിടാന്‍ അവര്‍ സ്വീകരിച്ചത് ആശയപരവും നയതന്ത്രപരവുമായ ജിഹാദിന്റെ മാര്‍ഗങ്ങള്‍ മാത്രമായിരുന്നു.