Skip to main content

ഇന്ത്യയും ജിഹാദും

സായുധ ജിഹാദ് അനിവാര്യമാണോ അല്ലേ എന്നും അത് എപ്പോള്‍ എങ്ങനെ നിര്‍വഹിക്കണമെന്നും തീരുമാനിക്കേണ്ടത് ഇസ്ലാമിക രാഷ്ട്രത്തിന്റെ തലവനാണ്. നബി(സ്വ)യുടെ കാലത്ത് അദ്ദേഹത്തിന്റെ തീരുമാനപ്രകാരം മാത്രമേ ജിഹാദ് നടന്നിട്ടുള്ളൂ. അനുചരരും സ്വന്തം നിലയില്‍ തദ്‌സബന്ധമായി തീരുമാനമെടുക്കുകയോ നടപ്പാക്കുകയോ ചെയ്തിട്ടില്ല. നബി(സ്വ)യുടെ കാലശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമികളായി ഭരണത്തിന്റെ തലപ്പത്ത് വന്നവര്‍ മാത്രമാണ് സായുധ ജിഹാദ് സംബന്ധിച്ച അധികാരം കൈയാളിയത്. ഒറ്റപ്പെട്ട ഗ്രൂപ്പുകളോ സംഘങ്ങളോ സ്വന്തം ഹിതപ്രകാരം ജിഹാദ് പ്രഖ്യാപിക്കുന്നതിന് ഇസ്‌ലാമില്‍ മാതൃകയില്ല.

ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണല്ലോ. എല്ലാ മതക്കാര്‍ക്കും അവരവരുടെ മതം വിശ്വസിക്കാനും അതിന്റെ നിയമങ്ങള്‍ക്കനുസരിച്ച് ജീവിതം നയിക്കാനും മതം പ്രബോധനം ചെയ്യാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യവും അവകാശവുമുള്ള രാഷ്ട്രം. ഇവിടുത്തെ എല്ലാ മതക്കാരുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട ഭരണഘടനാ അസംബ്ലിയില്‍ വിശദമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ മതവിശ്വാസികളുടെ അടിസ്ഥാന അവകാശങ്ങളെല്ലാം മുഖ്യമായ മൗലികാവകാശങ്ങള്‍ എന്ന നിലയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ അവകാശങ്ങള്‍ ലംഘിക്കുന്ന സമീപനം ഇവിടുത്തെ നിയമ നിര്‍മാണ സഭകളില്‍ നിന്നോ ഭരണ നിര്‍വഹണ കേന്ദ്രങ്ങളില്‍ നിന്നോ കോടതികളില്‍ നിന്നോ ഉണ്ടായാല്‍ അത് തിരുത്തിക്കാന്‍ വേണ്ടി ജനാധിപത്യ മാര്‍ഗങ്ങള്‍ അവലംബിക്കുകയല്ലാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ സായുധാക്രമണങ്ങളോ നടത്താന്‍ ഇസ്ലാമിക പ്രമാണങ്ങളനുസരിച്ച് യാതൊരു ന്യായവുമില്ല.

Feedback