Skip to main content

മതേതരത്വം

ലത്തീന്‍ ഭാഷയിലെ Saeculum-സിക്യുലം- എന്ന പദത്തില്‍ നിന്ന് നിഷ്പന്നമായതാണ് മതേതരത്വം എന്നര്‍ഥത്തിലുള്ള ഇംഗ്ലീഷിലെ സെക്കുലറിസം. മതപരമായ വിവേചനം കാണിക്കുന്നതിനെതിരായ തത്ത്വശാസ്ത്രമാണത്. ഹാര്‍വി കോക്‌സ് നിര്‍വചിക്കുന്ന പ്രകാരം,  മനുഷ്യന്റെ യുക്തിയിലും ഭാഷയിലും മതവും അതിഭൗതിക ശാസ്ത്രവും ചെലുത്തുന്ന നിയന്ത്രണങ്ങളില്‍ നിന്നുള്ള മോചനം എന്ന നിലയിലാണ് ആദ്യം മതേതരത്വം സമീപിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ യൂറോപ്യന്‍ സെക്കുലറിസം എന്ന് അതിനെ വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതാണ്. എല്ലാ മതപരമായ സ്വാധീനങ്ങളെയും നിരാകരിക്കുന്ന സമീപനമാണ് യൂറോപ്യന്‍ സെക്കുലറിസത്തിന്റേത്. ആന്റി റിലീജ്യന്‍ എന്നതാണ് മുഖമുദ്ര. എന്നാല്‍, ഇന്ത്യന്‍ സെക്കുലറിസം മതനിരപേക്ഷതയാണ്. Nuetral to Religion എന്നതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ മുഖമുദ്ര. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നത് ഒരു മതത്തോടും വിധേയത്വമില്ല എന്നതാണ്. എന്നാല്‍ പൗരന്മാര്‍ക്ക് മതം വിശ്വസിക്കുന്നതിനോ അനുഷ്ഠിക്കുന്നതിനോ ഭരണഘടന  സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു. രാജ്യത്തിന് ഔദ്യോഗിക മതമില്ല എന്നതാണ് അതിന്റെ മറ്റൊരു വിവക്ഷ. 

യൂറോപ്യന്‍ സെക്കുലറിസം മതങ്ങള്‍ക്കെതിരാണ്. മതപരമായ എല്ലാ ചായ്‌വുകളെയും അത് നിരാകരിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ സെക്കുലറിസം മതനിരപേക്ഷതയാണ്. എല്ലാ മതങ്ങളെയും അത് അംഗീകരിക്കുന്നു. ഒരു മതത്തിനും അമിത പ്രാധാന്യമോ പരിഗണനയോ നല്കാതിരിക്കുക എന്നതാണ് അതിന്റെ താത്ത്വിക അടിത്തറ. മതവിരുദ്ധമായ സെക്കുലറിസത്തെക്കുറിച്ചാണ് നിരവധി പഠനങ്ങള്‍ നടന്നിട്ടുള്ളത്. ഇസ്‌ലാം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ചര്‍ച്ചയുടെ കാതല്‍. എന്നാല്‍, മതങ്ങളെ അംഗീകരിക്കുന്ന ഇന്ത്യന്‍ സെക്കുലറിസത്തോട് ഇസ്‌ലാം എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് അധികം പഠനങ്ങളില്ല. മതസ്വാതന്ത്യം അനുവദിക്കപ്പെടുന്ന ഒരു രാജ്യത്ത് മുസ്‌ലിമായി ജീവിക്കുന്നതില്‍ ഒട്ടും പ്രയാസമില്ല. പൗരന്‍ ഇസ്‌ലാമിക വിശ്വാസിയായി ജീവിക്കുന്നതിന് ഇന്ത്യന്‍ സെക്കുലറിസം എതിരല്ല. വിവിധ മതങ്ങളുടെ അസ്തിത്വം അംഗീകരിക്കുകയും അവരുടെ ആചാര്യന്‍മാരെ ആദരിക്കുകയും ചെയ്യുന്നുവെന്നതാണ് ഇസ്‌ലാമിക സമീപനം. ഉദാ: ജൂത, ക്രൈസ്തവ മതവിഭാഗങ്ങള്‍. ബഹുദൈവത്വ മതങ്ങളുടെ അസ്തിത്വവും ഇസ്‌ലാം അംഗീകരിക്കുന്നു. അഥവാ മതേതരത്വം എന്ന സങ്കല്പം ഇസ്‌ലാമിന് അന്യമല്ല.

Feedback