Skip to main content

ഇസ്‌ലാമിലെ രാഷ്ട്രീയം

'രാഷ്ട്രത്തെ സംബന്ധിക്കുന്ന'എന്നാണ് രാഷ്ട്രീയം എന്ന പദത്തിന്റെ അര്‍ഥം. എന്നാല്‍ വിപുലമായ മറ്റൊരര്‍ഥത്തിലാണ് അത് ഉപയോഗിക്കപ്പെടുന്നത്. ഒരു കൂട്ടം ആളുകള്‍ അവരുടെ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന പ്രക്രിയയാണ് രാഷ്ട്രീയം(Politics)എന്നു പറയാം. ഇന്ന് പൊളിറ്റിക്കല്‍ സയന്‍സ് വിശാലമായ ഒരു പഠന ഗവേഷണ വിഷയമായി വളര്‍ന്നിരിക്കുകയാണ്. ലോകത്ത് വിവിധ രാജ്യങ്ങളില്‍ വിവിധ തരത്തിലുള്ള രാഷ്ട്രീയ നിലപാടുകളും വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളുമുണ്ട്. രാജ്യങ്ങളില്‍ ഭരണം നടത്തേണ്ടത് ആരെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പുകള്‍ യാഥാര്‍ഥത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള മത്‌സരമാണ്. 'നഗരകാര്യങ്ങള്‍' എന്ന അര്‍ഥത്തിലുള്ള 'പൊളിറ്റിക്ക്' എന്ന ഗ്രീക്ക് പദമാണ് പൊളിറ്റിക്‌സിന്റെ നിഷ്പത്തി. അരിസ്‌റ്റോട്ടിലിന് 'പൊളിറ്റിക്‌സ്' എന്ന ഒരു ഗ്രന്ഥമുണ്ട്. രാഷ്ട്രീയം എന്നതിന് അറബിയില്‍ 'സിയാസ' എന്നാണ് പ്രയോഗിക്കുന്നത്. നേതൃത്വം നല്കി, നയിച്ചു എന്നെല്ലാം ആശയം വരുന്ന 'സാസ'യാണ് അതിന്റെ ക്രിയാരൂപം. 

ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ സമൂഹത്തിന് വലിയ പ്രാധാന്യമുണ്ട്. സമൂഹത്തിന് നേതൃത്വം ആവശ്യമാണ്. നേതാവും അനുയായികളുമായുള്ള നല്ല ബന്ധമാണ് കെട്ടുറപ്പുള്ള സമൂഹത്തിന്റെ മുഖമുദ്ര. നബി(സ്വ) തന്റെ ജീവിതത്തിലൂടെ നേതാവ് എങ്ങനെയാവണമെന്ന് കാണിച്ചു തന്നു. നേതാവിന്റെ കീഴില്‍ പ്രവര്‍ത്തിക്കേണ്ടതെങ്ങനെ എന്നും പഠിപ്പിച്ചു. സമൂഹത്തിന്റെ വിപുലവും ഉന്നതവുമായ രൂപമാണ് രാഷ്ട്രം എന്നു പറയാം. രാഷ്ട്രമാവുമ്പോള്‍ ഭരണാധികാരിയും ഭരണീയരുമാണുണ്ടാവുക. ആ മാതൃകയും നബി(സ്വ) ജീവിതകാലത്ത് കാണിച്ചു തന്നു. ഈയര്‍ഥത്തില്‍ രാഷ്ട്രീയത്തിന്റെ മൗലിക തത്ത്വങ്ങള്‍ പ്രവാചക ചര്യയിലുണ്ട്. 

ഇസ്‌ലാം ഒരു രാഷ്ട്രീയപ്രസ്ഥാനമോ രാഷ്ട്രീയ മുന്നേറ്റമോ അല്ല. രാഷ്ട്രീയം ഇസ്‌ലാമിന്റെ അവിഭാജ്യഘടകമോ അനിവാര്യഘടകമോ അല്ല. ഇസ്‌ലാമുമായി രാഷ്ട്രീയത്തിന് ഒരു ബന്ധവും ഇല്ലാ എന്നും പറയാവതല്ല. മാറ്റം വരുത്താന്‍ പാടില്ലാത്ത വിശ്വാസ അനുഷ്ഠാന കാര്യങ്ങളല്ലാത്ത മറ്റനേകം വ്യവഹാരങ്ങള്‍ ഇസ്‌ലാമിലുണ്ട്. കൃഷി, കച്ചവടം തുടങ്ങിയ ജീവിതായോധന കര്‍മങ്ങളും കല, സാഹിത്യം തുടങ്ങിയ വൈകാരിക മേഖലകളും ഉദാഹരണങ്ങളാണ്. ഇസ്‌ലാമിന്റെ മൗലിക തത്ത്വങ്ങള്‍ക്കും അടിസ്ഥാന നിയമങ്ങള്‍ക്കും വിരുദ്ധമാകാത്ത തരത്തില്‍ ഇവയെല്ലാം കൈകാര്യം ചെയ്യേണ്ടതാണ്. അതുതന്നെയാണ് രാഷ്ട്രീയത്തിന്റെയും സ്ഥിതി. ആധുനിക സങ്കല്പത്തിലുള്ള രാഷ്ട്രീയം എന്ന പ്രയോഗം പോലും നബി നടത്തിയിട്ടില്ല. എന്നാല്‍ ഏതുകാലത്തെ രാഷ്ട്രീയ കാലാവസ്ഥയിലും പരിഗണിക്കപ്പെടേണ്ട മൂല്യങ്ങള്‍ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. 

രാജ്യഭരണമാണല്ലോ രാഷ്ട്രീയത്തിന്റെ മുഖ്യ പ്രവര്‍ത്തന മേഖല. നബി(സ്വ) രാജ്യം ഭരിച്ചിട്ടുണ്ട്. എന്നാല്‍ നബിയുടെ കാലത്തെ രാഷ്ട്രീയമല്ല ഇന്നുള്ളത്. അതിന്നര്‍ഥം ഇസ്‌ലാമില്‍ അതിനൊന്നും പോംവഴി ഇല്ല എന്നല്ല. ഭരണം ദുന്‍യാവിന്റെ കാര്യമാണ്. ദീന്‍ കാര്യമല്ല. ദുന്‍യാവ് മാറിക്കൊണ്ടിരിക്കും. ആ മാറ്റങ്ങള്‍ക്കനുസരിച്ച് മുസ്‌ലിംകള്‍ പെരുമാറണം. ഇസ്‌ലാമിന്റെ തത്ത്വങ്ങള്‍ മുറുകെപ്പിടിക്കണമെന്നു മാത്രം. ഭരണത്തിന്റെ ആദ്യപടിയായ ഭരണാധികാരിയെ തെരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്ന് നബി പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പിന്‍ഗാമികളായ നാലു ഖലീഫമാര്‍ (ഖുലഫാഉര്‍റാശിദൂന്‍) നാലുവിധത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേ സമയം ഭരണാധികാരി നീതിമാനായിരിക്കണമെന്നതും ഭരണാധികാരി അനുസരിക്കപ്പെടണ മെന്നതും നബി(സ്വ) പഠിപ്പിച്ച ഭരണപാഠങ്ങളാണ്. കൂടിയാലോചന(ശൂറാ)യിലൂ ടെയാണ് പൊതുകാര്യങ്ങളില്‍ തീരുമാനത്തിലെത്തേണ്ടത് എന്ന തത്ത്വം ഏതവസ്ഥയിലും പാലിക്കപ്പെടണം. നീതിമാനായ ഭരണാധികാരി പരലോകത്ത് പ്രത്യേക പരിരക്ഷയ്ക്ക് അര്‍ഹനാണ് എന്ന് നബി സുവിശേഷമറിയിച്ചു. 

ഇസ്‌ലാമികമായി ഭരണം നടത്തുന്ന ഭരണാധികാരി അല്ലാഹുവിന്റെ നിയമങ്ങള്‍ക്കനുസരിച്ചാണ് ഭരണം നടത്തേണ്ടത്. വിശുദ്ധ ഖുര്‍ആനിന്റെ അടിസ്ഥാന നിയമങ്ങളില്‍ നിന്നുകൊണ്ട് മനുഷ്യന്‍ നിയമനിര്‍മാണം നടത്തേണ്ടി വരും. ഭൗതിക കാര്യങ്ങളില്‍ മനുഷ്യനിര്‍മിത നിയമങ്ങള്‍ അനിവാര്യമാണ്. നബി(സ്വ) ചെയ്യാത്ത പല കാര്യങ്ങളും ഭരണരംഗത്ത് ഖുലഫാഉര്‍റാശിദുകള്‍ ചെയ്തിട്ടുണ്ട്. അവര്‍ ചെയ്യാത്ത ഭരണ പരിഷ്‌കാരങ്ങളാണ് പില്കാല ഖലീഫമാര്‍ ചെയ്തത്. അത്തരം നിയമനിര്‍മാണങ്ങള്‍ ഇസ്‌ലാമിന്നെതിരല്ല. ആ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കല്‍ മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാണ്. പൊതുവിഷയങ്ങളില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലാത്ത രീതിയില്‍ നിയമനിര്‍മാണം നടത്തുക എന്ന ഉദാരനിലപാടാണ് ഇസ്‌ലാമിനുള്ളത്. ഇത് പ്രജകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു (4:59).

അടിസ്ഥാനപരമായ ഈ വസ്തുതകള്‍ക്ക് വിരുദ്ധമായ ധാരണകള്‍ വെച്ചു പുലര്‍ത്തിയവരുണ്ട്. ഇസ്‌ലാമിക സമൂഹത്തില്‍ ഏറ്റവുമാദ്യം ഭിന്നത ഉടലെടുത്തത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു. ഖവാരിജുകള്‍ എന്ന ഒരു വിഭാഗം തീവ്രവാദികള്‍ നാലാം ഖലീഫ അലി(റ)യുടെ കാലത്ത് രംഗത്തു വന്നു. അതിനെത്തുടര്‍ന്ന് അലി(റ)യുടെ പേരില്‍ ചിലര്‍ കക്ഷിത്വമുണ്ടാക്കി. നബി(സ്വ)ക്കു ശേഷം ഭരണം നടത്തേണ്ട നേര്‍പിന്‍ഗാമി അലിയാണ് എന്നാണവര്‍ വാദിച്ചത്. ഒരു തരം കക്ഷിത്വ വൈകാരികതയല്ലാതെ പ്രമാണമോ യുക്തിയോ അവരുടെ വാദങ്ങള്‍ക്ക് പിന്‍ബലമേകിയില്ല. ഈ കക്ഷിത്വത്തിന് മുസ്‌ലിം സമൂഹം വലിയ വില കൊടുക്കേണ്ടി വന്നു. സമുദായത്തെ രണ്ടായി പിളര്‍ത്തിക്കൊണ്ട് ഉടലെടുത്ത 'ശീഅ'കളാണ് ഈ വിഭാഗം. 

ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പേരില്‍ ഭരണസംസ്ഥാപനം തൗഹീദിന്റെ ഭാഗമാണെന്നു സിദ്ധാന്തിച്ച ഒരു തരം 'മതരാഷ്ട്രവാദം' ഇരുപതാം നൂറ്റാണ്ടില്‍ മുസ്‌ലിം സമൂഹത്തിനിടയില്‍ ഉടലെടുത്തു. ''ഭരണമില്ലാത്ത ദീന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത സങ്കല്പ വീടുപോലെയാണ്''(ഖുത്തുബാത്ത്) എന്ന് വാദിച്ച സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി (1903-1972)യാണ് ഈ ചിന്തയുടെ ഉപജ്ഞാതാവ്. ഈജിപ്തുകാരും മൗദൂദി സാഹിബിന്റെ സമകാലികരുമായ സയ്യിദ് ഖുത്വുബ്(1906-1966), ഹസനുല്‍ ബന്ന(1906-1949) എന്നിവര്‍ ഈ വാദം ഏറ്റുപിടിച്ചു. ഈ കാഴ്ചപ്പാടുകൾ ഇസ്‌ലാമിക പ്രമാണങ്ങളുമായി വിയോജിക്കുന്നു എന്ന് തിരിച്ചറിഞ്ഞ അനുയായികള്‍ തന്നെ പില്കാലത്ത് അതു കൈയൊഴിക്കുകയാണുണ്ടായത്. 

Feedback