ഏകാധിപത്യം എന്നത് ലോകത്ത് പല രാജ്യങ്ങളിലും നിലനിന്നിരുന്ന ഭരണ സംവിധാനമാണ്. ഇന്നും ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യമോ കൂടിയാലോചനകളോ ഇല്ലാത്ത ഭരണ സംവിധാനമാണത്. ഇസ്‌ലാം ഏതെങ്കിലും ഭരണ സംവിധാനത്തെ നിരുപാധികം എതിര്‍ക്കുന്നില്ല. ഇസ്‌ലാം മുന്നോട്ട് വെയ്ക്കുന്ന മൂല്യങ്ങളെ നിരാകരിക്കുകയും ഇസ്‌ലാം വിരുദ്ധമായ നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് അത്തരം ഭരണ സംവിധാനങ്ങളോട് വിയോജിപ്പുണ്ടാവുക. ഭരണത്തില്‍ കൂടിയാലോചനയും പ്രജകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാത്ത ഭരണം ഇസ്‌ലാമികമല്ല. എങ്കില്‍ പോലും അത്തരം ഭരണകൂടങ്ങള്‍ക്കു കീഴില്‍ ജീവിക്കേണ്ടി വരുമ്പോള്‍ അതത് രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ കരാറിലേര്‍പ്പെട്ടവര്‍ സ്വീകരിക്കേണ്ട മര്യാദകളുണ്ട്. അക്രമത്തിന്റെയോ അട്ടിമറികളുടെയോ മാര്‍ഗം സ്വീകരിച്ചുകൊണ്ട് അധികാരം പിടിച്ചെടുക്കല്‍ ഇസ്‌ലാമികമല്ല. ഗുണകാംക്ഷയുള്ള ഉപദേശവും ആവശ്യമെങ്കില്‍ ന്യായമായ രീതിയിലുള്ള പ്രതിഷേധവുമാണ് വിശ്വാസികള്‍ നിര്‍വഹിക്കേണ്ടതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അനീതി പ്രവര്‍ത്തിക്കുന്ന രാജാവിന്റെ അടുക്കല്‍ സത്യം പറയലാണ് ധര്‍മസമരമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു (തിര്‍മിദി 2329). എല്ലാവരും ഇടയന്മാരാണ്, ഓരോരുത്തരും അവരുടെ പറ്റത്തെ സംബന്ധിച്ച് ഉത്തരാവദിത്വമുള്ളവരാണ് എന്നും നബി(സ്വ) ഉണര്‍ത്തുന്നു (ബുഖാരി 2419). ഭരണനിര്‍വഹണത്തെ സംബന്ധിച്ച പൊതു തത്ത്വം കൂടി ഈ ഹദീസില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്.