അച്ചാരക്കച്ചവടം
ഒരു വസ്തു കച്ചവടമാക്കുകയും അതിന്റെ ഉറപ്പിനുവേണ്ടി വിലയുടെ ചെറിയ ഭാഗം അഡ്വാന്‍സ് അല്ലെങ്കില്‍ അച്ചാരം എന്ന നിലയില്‍ നല്കുകയും ചെയ്യാറുണ്ട്. ഇതിന് ബയ്ഉല്‍ ഉര്‍ബാന്‍ എന്നു പറയുന്നു. സാധാരണ നിലയില്‍ വസ്തുവിന്റെ വില നല്കുമ്പോള്‍ ഈ പണം കിഴിച്ചാണ് കൊടുക്കുക. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ആ കച്ചവടം ദുര്‍ബലപ്പെടുത്തിയാല്‍ അച്ചാരമായി കൊടുത്ത തുക ഉടമ സ്വന്തമാക്കുകയാണ് പതിവ്. ഇത് പാടില്ലെന്നും അത് തിരിച്ചു നല്‌കേണ്ടതുണ്ടെന്നുമാണ് ഭൂരിപക്ഷാഭിപ്രായം. എന്നാല്‍ അച്ചാരം തിരിച്ചു തരേണ്ടതില്ലെന്ന് നേരത്തെ തീരുമാനിക്കുകയോ ചരക്ക് മടക്കിയ വ്യക്തി സ്വന്തമായി അതു വിട്ടുകൊടുക്കുകയോ ആണെങ്കില്‍ അത് സ്വീകരിക്കാവുന്നതാണ്. ചരക്ക് വാങ്ങിയ വ്യക്തി ന്യായമില്ലാതെയാണ് ഇടപാടില്‍ നിന്ന് പിന്മാറിയത് എങ്കിലും ചരക്ക് മറ്റൊരു വില്പന നടത്താന്‍ ഉടമയ്ക്ക് തടസ്സമുണ്ടായി എന്ന കാരണത്താലും ഉടമക്ക് അഡ്വാന്‍സ് ഉപയോഗിക്കാമെന്നാണ് മറ്റുചിലര്‍ അഭിപ്രായപ്പെടുന്നത്. അഡ്വാന്‍സ് തിരിച്ചു നല്കുകയില്ല എന്ന് നേരത്തേ തീരുമാനെടുത്തിട്ടുണ്ടെങ്കില്‍ മാത്രം അത് അനുഭവിക്കുന്നതാകും സൂക്ഷ്മതക്കു നല്ലത്.
ഇതിന്റെ മറുവശവും ശ്രദ്ധിക്കേണ്ടതുണ്ട്. അഥവാ അച്ചാരം വാങ്ങി ഇടപാടു നടത്തിയാല്‍ അയാളെക്കാള്‍ കൂടിയ വില മറ്റൊരാള്‍ നല്കിയാല്‍ ആദ്യ കച്ചവടം ദുര്‍ബലപ്പെടുത്തി പുതിയ ഇടപാടുകാരനുമായി വിക്രേതാവ് കച്ചവടം നടത്താന്‍ പാടില്ല. അത് വഞ്ചനയാണ്.
കടക്കച്ചവടം
വില പൂര്‍ണമായോ ഭാഗികമായോ പിന്നീട് നല്കാമെന്ന വ്യവസ്ഥയില്‍ കച്ചവടം നടത്തുന്നത് അനുവദനീയമാണ്. ഇവിടെ വില, സമയം എന്നിവ നിശ്ചയിക്കപ്പെട്ടിരിക്കണം. ഇത്തരം കച്ചവടത്തിന്‍മേല്‍ റൊക്കത്തിനെക്കാള്‍ ന്യായമായ വില വര്‍ധിപ്പിച്ചു വാങ്ങുന്നത് കുറ്റകരമല്ല എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. (ഹയര്‍ പര്‍ചേയ്‌സും ഇന്‍സ്റ്റാള്‍മെന്റും ലിങ്ക് കാണുക)
ഒരു വസ്തു പിന്നീട് തിരിച്ചു വാങ്ങും എന്ന നിലയില്‍ വില്‍പന നടത്തുന്നതിനും കടക്കച്ചവടം എന്നു പറയും. ഇത് സാധുവാണെന്നു പറഞ്ഞവര്‍ വസ്തു പണയമായാണ് പരിഗണിക്കേണ്ടതെന്നും പ്രയോജനം ഉടമപ്പെടുത്താന്‍ പാടില്ലെന്നും നിബന്ധനവെച്ചിട്ടുണ്ട്. എന്നാല്‍ ഈ കച്ചവടം സാധുവല്ലെന്നതാണ് ശരി. പിന്നീട് വാങ്ങാം എന്നു പറയുന്നതോടു കൂടി തന്നെ ഇത് കച്ചവടമല്ലാതായി. വിക്രേതാവിന് പിന്നീട് ഇയാള്‍ക്കു തന്നെ വേണമെങ്കില്‍ വില്‍ക്കാമെന്നല്ലാതെ അയാള്‍ക്ക് അതില്‍ യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല. വില നിശ്ചയിക്കാനുള്ള അവകാശം വിക്രേതാവിനാണ്.
ഓര്‍ഡര്‍ കച്ചവടം
നേരത്തെ ആവശ്യപ്പെട്ടതനുസരിച്ച് ചരക്ക് നിര്‍മിക്കുകയും എത്തിക്കുകയും ചെയ്യുന്നതാണ് ബൈഉല്‍ ഇസ്തിസ്വ്‌നാഅ് എന്ന ഓര്‍ഡര്‍ കച്ചവടം. വില, വസ്തുവിന്റെ ഇനം, ഗുണം, അളവ് എന്നിവ നിശ്ചയിച്ച് ഇങ്ങനെ ഇടപാട് നടത്താവുന്നതാണ്. ലഭിച്ച വസ്തു നിര്‍ദേശിക്കപ്പെട്ടതു തന്നെയാണെങ്കില്‍ ക്രേതാവ് ഇടപാടില്‍ നിന്ന് പിന്മാറാന്‍ പാടില്ലെന്നാണ് ഇമാം അബൂയുസുഫിന്റെ അഭിപ്രായം. എന്നാല്‍ മറ്റു കച്ചവടങ്ങളെപ്പോലെ ഈ കച്ചവടത്തിലും കച്ചവടം ദുര്‍ബലപ്പെടുത്താന്‍ രണ്ടുപേര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നാണ് മറ്റൊരു അഭിപ്രായമുള്ളത്. ന്യായമായ കാരണങ്ങളില്ലാതെ കച്ചവടം ഒഴിയാതിരിക്കുക എന്നതാണ് ഇസ്‌ലാമികമായ മര്യാദ.
ഇളവു കച്ചവടം
സൗജന്യവും ഇളവും പ്രഖ്യാപിച്ചുകൊണ്ടുള്ള റിഡക്ഷന്‍ സെയിലുകളും വിറ്റൊഴിക്കല്‍ കച്ചവടവുമെല്ലാം അനുവദനീയമാണ്. എന്നാല്‍ ചരക്കിന്റെ പഴക്കം, ഗുണമേന്മക്കുറവ് തുടങ്ങിയ കാരണങ്ങളാലാണ് ഇങ്ങനെ വില്‍ക്കുന്നതെങ്കില്‍ അത് പരസ്യമാക്കുകയോ വാങ്ങുന്നവന് മനസ്സിലാകാവുന്ന വിധത്തില്‍ വസ്തു പ്രദര്‍ശിപ്പിക്കുകയോ വേണം.
സമ്മാനങ്ങള്‍ പ്രഖ്യാപിച്ചുള്ള കച്ചവടവും അനുവദനീയമാണ് പക്ഷേ, അതു ചൂതിനു സമാനമായതാകാതിരിക്കാനും ഉപഭോക്താവിനെ അനാവശ്യമായ വസ്തുക്കള്‍ വാങ്ങാന്‍ പ്രേരിപ്പിക്കാത്തതായിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരം ഇടപാടുകള്‍ മൂലം മാര്‍ക്കറ്റുവില കുറയാനും മറ്റുള്ള കച്ചവടക്കാര്‍ക്ക് നഷ്ടം വരാനും പാടില്ല. സഈദു ബിന്‍ മുസയ്യബ്(റ) പറയുന്നു: മാര്‍ക്കറ്റില്‍ കുറഞ്ഞവിലക്ക് ഉണങ്ങിയ മുന്തിരി വില്‍ക്കുന്ന ഹാത്വിബ് ബിന്‍ അബീ ബല്‍ത്വഅയോട് ഉമര്‍(റ) പറഞ്ഞു: ഒന്നുകില്‍ നിനക്ക് വില അല്‍പം കൂട്ടാം, അല്ലെങ്കില്‍ ഇവിടെ നിന്നും കച്ചവടം മാറ്റാം (ബൈഹഖി).
ഇത്തരം കച്ചവടങ്ങളില്‍ ഏറെ വഞ്ചന നടക്കുന്നത് പതിവാണ്. സാധാരണയില്‍ കവിഞ്ഞ വില നിശ്ചയിച്ച് അതിനുമേലാണ് പലപ്പോഴും ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുന്നത്. അതിനാല്‍ ഇതിന്റെ ശരിയായ വില അറിയാൻ ക്രേതാവിന് അവകാശമുണ്ടെന്ന് ഇസ്‌ലാമിക കര്‍മശാസ്ത്രം നിബന്ധനവെക്കുന്നുണ്ട്.