Skip to main content

കൂലി, വാടക

നിശ്ചിതമായ പ്രതിഫലം  വ്യവസ്ഥചെയ്ത് ഒരു വസ്തുവിന്റെ പ്രയോജനം വിട്ടുകൊടുക്കുകയാണ് കൂലി, വാടക, പാട്ടം എന്നിവ കൊണ്ട് ഉദ്ദേശിക്കുന്നത്.  വ്യക്തിയുടെ പ്രയോജനമാണെടുക്കുന്നതെങ്കില്‍ അതിന് കൂലി എന്നു പറയും. വൈദ്യന്‍, കല്പണിക്കാരന്‍, ബാര്‍ബര്‍, അധ്യാപകര്‍ തുടങ്ങി എല്ലാവിധ തൊഴിലിലും ഏര്‍പ്പെടുന്നവരുടെ പ്രവര്‍ത്തനം, അധ്വാനം എന്നിവയ്‌ക്കെല്ലാം പകരമായി നിശ്ചയിക്കുന്ന മൂല്യമാണ് കൂലി.

കൃഷിയല്ലാത്ത മറ്റു സ്ഥാവര ജംഗമ വസ്തുക്കളുടെ ഉപയോഗത്തിന് പകരമായി നിശ്ചയിക്കുന്ന പ്രതിഫലമാണ് വാടക. കൃഷിയുമായി ബന്ധപ്പെട്ട് ഭൂമി വാടകക്ക് നല്കുന്നതിനാണ് പൊതുവെ പാട്ടം എന്നു പറയുന്നത്. വാടകയും പാട്ടവും കൂലിയുമെല്ലാം ഏകദേശം ഒരേ ആശയം കുറിക്കുന്നതാണ്.

മനുഷ്യരുടെ പരസ്പര സഹകരണത്തിന്റെ വിശാല ഇടമാണ് ഇത്തരം  ഇടപാടുകള്‍. അവരുടെ ഉപജീവനവും സമ്പാദനമാര്‍ഗങ്ങളും ലളിതമാക്കുകന്നതിനും ഓരോ വ്യക്തികള്‍ക്കും തങ്ങള്‍ക്കാവശ്യമുള്ളതെല്ലാം ഉടമപ്പെടുത്താനുള്ള പ്രയാസം ദൂരീകരിച്ച് അവന് ആവശ്യമുള്ളതിന്റെയെല്ലാം പ്രയോജനങ്ങള്‍ നിശ്ചിത അവധിവരെ ഉപയോഗിക്കാനും സാധിക്കുന്നു. തന്റെ ഉപയോഗം കഴിഞ്ഞ് മിച്ചമുള്ള പ്രയോജനങ്ങള്‍ വെറുതെ നശിപ്പിക്കാതെ മറ്റൊരു ആവശ്യക്കാരനു നല്കി അതിനെ രണ്ടുപേര്‍ക്കും ഉപയോഗിക്കാനും അങ്ങനെ പരമാവധി പ്രയോജനമെടുക്കാനും കഴിയും. അധ്വാനശേഷിയോ സാമര്‍ഥ്യമോ ഇല്ലാത്ത വ്യക്തിയുടെ കൈവശമുള്ള പണം മുടക്കി വസ്തുകള്‍ വാങ്ങിയാല്‍, പണമില്ലാത്തവന് തന്റെ അധ്വാനശേഷിയും നൈപുണിയും ഉപയോഗപ്പെടുത്തി അതിന്റെ പ്രയോജനമെടുക്കാന്‍ കഴിയുന്നത് സമൂഹത്തിലെ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കുറയ്ക്കാനും സമ്പത്ത് വെറുതെ കിടന്ന് നശിക്കാതിരിക്കാനും ഉപയോഗപ്പെടും. അതുകൊണ്ടു തന്നെ ഉപകാരപ്രദമായ എല്ലാ വസ്തുക്കളുടെയും ശേഷികളുടെയും പ്രയോജനങ്ങള്‍ വാടകക്ക് കൊടുക്കാനും വാങ്ങാനും ഇസ്‌ലാം  അനുമതി നല്കിയിട്ടുണ്ട്.

മൂസാ നബി(അ) കൂലിക്ക് പണിയെടുത്തത് ഖുര്‍ആനില്‍ വിവരിക്കുന്നു. ''ആ രണ്ടു സ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ. അദ്ദേഹം (പിതാവ്) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് നിന്റെ ഇഷ്ടം. നിനക്ക് പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക് എന്നെ കാണാം'' (28:26. 27). 

താന്‍ ഖുറൈശികള്‍ക്കുവേണ്ടി കൂലിക്ക് ആടുമേച്ചതായി റസൂല്‍(സ്വ)പറയുന്നുണ്ട്. ഹിജ്‌റ വേളയില്‍ അബ്ദുല്ലാഹിബ്‌നു ഉറൈഖിത് എന്ന ബഹുദൈവാരാധകനെ വഴികാട്ടിയായി നബി(സ്വ) കൂലിക്ക് നിശ്ചയിച്ചിരുന്നു. മതത്തെ തെറ്റിദ്ധരിച്ച ചിലര്‍ മുസ്‌ലിംകള്‍ മുസ്‌ലിംകളുമായി മാത്രമേ ഇടപാടുകള്‍ നടത്താവൂ എന്നു പറയാറുണ്ട്. എന്നാല്‍ മാനുഷികമായ ഇടപാടുകളില്‍ മറ്റുമതവിശ്വാസികള്‍ക്കും ഇസ്‌ലാമികദൃഷ്ട്യാ യാതൊരുവിലക്കുമില്ല.

ഈ ഈടപാടുകള്‍ സാധുവാകാന്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. 

•    ഇരുകക്ഷികളും ബുദ്ധി, പ്രായപൂര്‍ത്തി എന്നിവ ഉള്ളവരായിരിക്കണം. 

•    വാടക, കൂലി, പാട്ടം എന്നിവ വ്യക്തമാക്കുന്ന വാക്കുകള്‍ പറഞ്ഞിരിക്കണം.  
•    പരസ്പരം തൃപ്തിപ്പെട്ടിരിക്കണം, ഉടമസ്ഥതയിലുള്ളതും ഉപകാരമെടുക്കാന്‍ കഴിയുന്നതുമായിരിക്കണം.

•    ഇടപാടിന്റെ എല്ലാ വിശദാംശങ്ങളും സംശയത്തിനിടമില്ലാത്ത വിധം വ്യക്തമാക്കിയിരിക്കണം.

•    വാടകയായി നല്കുന്ന വസ്തുക്കളും അവയുടെ പ്രയോജനങ്ങളും കൂലിയും ഇസ്‌ലാം അനുവദിച്ചവയാകണം.

ഇസ്‌ലാമിലെ എല്ലാ ഇടപാടുകളെയും പോലെ ഇവയും അല്ലാഹുവുമായിട്ടുള്ള കരാറിന്റെ ഭാഗമാണ്. ഇരു കക്ഷികളും ആത്മാര്‍ഥതയും സത്യസന്ധതയും നീതിയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. ആരും ആര്‍ക്കും മനഃപൂര്‍വം നഷ്ടങ്ങളുണ്ടാക്കാന്‍ പാടില്ല. വാടകവസ്തുക്കളുടെ പരിചരണ ബാധ്യത ഉടമയ്ക്കാണ്. അത് ഉപയോഗപ്രദമാക്കി നല്‌കേണ്ടതും അയാളാണ്. വാടക വാങ്ങിയവനില്‍ നിന്നുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പരിഹാരം നല്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. ഒരു ആവശ്യത്തിനു വേണ്ടി വാങ്ങിയ വസ്തു അതിനുവേണ്ടി ഉപയോഗിക്കുന്നതിനിടയില്‍ സ്വാഭാവികമായി കേടുവന്നാല്‍ ഉടമയാണ് അത് നന്നാക്കേണ്ടത്. ഉദ്ദേശിച്ച ജോലിക്ക് അത് ഉപയോഗപ്പെട്ടില്ലെങ്കില്‍ വാടകക്ക് അര്‍ഹത ഉണ്ടായിരിക്കില്ല. ഉടമയുടെ അശ്രദ്ധകൊണ്ടാണ് അത് കേടുവന്നതെങ്കില്‍ വാടകയ്‌ക്കെടുത്തവന് നഷ്ടപരിഹാരം നല്കാനും ഉടമ ബാധ്യസ്ഥനാണ്. വാടകയ്ക്ക് നല്കുന്ന വസ്തു, ആവശ്യം, കാലം, ഉപയോഗം, ഉപയോഗ രീതി എന്നിവയെല്ലാം വ്യവസ്ഥവെച്ചാല്‍ ഉഭയകക്ഷി സമ്മതപ്രകാരമല്ലാതെ ഇതില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാടില്ല. ഇതില്‍ മാറ്റങ്ങള്‍ വരുത്തിയുണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് മാറ്റം വരുത്തിയവന്ന് മാത്രമായിരിക്കും ബാധ്യത. ലാഭമുണ്ടായാല്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയവന്ന് അത് ഉപയോഗിക്കാന്‍ പാടില്ല. 

ഇസ്‌ലാമികമായി അനുവദനീയമായ കാര്യങ്ങള്‍ക്കു വേണ്ടി മാത്രമേ ഈ ഇടപാടുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. കള്ളുണ്ടാക്കാന്‍ തെങ്ങും ബാറു നടത്താന്‍ കെട്ടിടം വാടകയ്ക്ക് കൊടുക്കുക, അതിര്‍ത്തി അതിക്രമിച്ചുകെട്ടാന്‍ കൂലിപ്പണിചെയ്യുക, അക്രമം കാണിക്കാന്‍ വാഹനം വാടകയ്ക്ക് കൊടുക്കുക, അസാന്മാര്‍ഗിക ആവശ്യങ്ങള്‍ക്ക് ഭൂമി പാട്ടത്തിനു നല്കുക തുടങ്ങിയവയെല്ലാം നിഷിദ്ധമാണ്. സംശയാസ്പദമായ ആവശ്യങ്ങള്‍ക്ക് വസ്തുക്കള്‍ നല്കാതിരിക്കുന്നതാണ് സൂക്ഷ്മത. അതിര്‍ത്തിയില്‍ മേയുന്നത് സൂക്ഷിക്കുക. അത് ലംഘിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നും സംശയമുള്ളതിനെ വിട്ട് സംശയമില്ലാത്തതിലേക്ക് മാറണം എന്നും നബി(സ്വ) നിര്‍ദേശിക്കുന്നുണ്ട്.

വാടകയും കൂലിയുമായി വാങ്ങുന്ന വസ്തുക്കളും അനുവദനീയമായിരിക്കണം. മദ്യവും പന്നിയുമൊന്നും അങ്ങനെ വാങ്ങാന്‍ പാടില്ല; നമുക്കുപയോഗിക്കാനല്ലെങ്കിലും. അതുപോലെ വസ്തുക്കളല്ല, അവയുടെ പ്രയോജനങ്ങളാണ് വാടകയ്ക്ക് നല്കുന്നത് ഉദാഹരണത്തിന് ഭക്ഷണം വാകടക്ക് കൊടുക്കാന്‍ കഴിയില്ല. കാരണം അത് കഴിക്കുക എന്നതാണതിന്റെ പ്രയോജനം. അതോടുകൂടി വസ്തു ഇല്ലാതാവുന്നു. എന്നാല്‍ ഭക്ഷണം പാകം ചെയ്യാനുള്ള പാത്രം വാടകക്ക് നല്കാം.

 

 

Feedback