Skip to main content

പാട്ടം, പകിടി

പാട്ടം

കൃഷിഭൂമി പാട്ടത്തിന് നല്കാം. ഇത് കര്‍ഷകനും ഭൂവുടമയും തമ്മിലുള്ള കൂട്ടു കൃഷിക്കു തുല്യമാണ് (മുസാറഅ). നബി(സ്വ) ഖൈബര്‍ കോട്ട കീഴടക്കിയപ്പോള്‍ ആ ഭൂമിയുടെ ഉത്പാദനത്തിന്റെ പാതി പാട്ടമായി നിശ്ചയിച്ച് കൃഷിചെയ്യാന്‍  തദ്ദേശവാസികളായ ജൂതന്മാര്‍ക്ക് തന്നെ വിട്ടുകൊടുക്കുകയാണ് ചെയ്തത്. ഭൂമിപാട്ടത്തിന് നല്കുമ്പോള്‍ ഇന്ന ഭാഗത്തുണ്ടാകുന്ന വിള എന്നോ, ഇത്ര അളവ് വിള എന്നോ നിബന്ധന വെക്കാന്‍ പാടില്ല. അത് ഏതെങ്കിലും കക്ഷിക്ക് ന്യായമല്ലാത്ത നഷ്ടങ്ങളുണ്ടാക്കിയേക്കും. എന്നാല്‍ മൊത്തം ഉത്പാദനത്തിന്റെ ഇത്ര ശതമാനം എന്ന അളവില്‍ പാട്ടം അനുവദനീയമാണ്. ഉമര്‍(റ) വിത്തും അധ്വാനവും ഒരാളുടെതാണെങ്കില്‍ അയാള്‍ക്ക് ഉത്പന്നത്തിന്റെ പകുതിയിലേറെ നല്കിയിരുന്നു. ഭൂമിയെക്കാള്‍ കര്‍ഷകന്റെ അധ്വാനത്തിന് വില പരിഗണിക്കണമെന്നും ഉത്പന്നത്തിന്റെ പകുതിയെങ്കിലും അനുവദിക്കണമെന്നുമാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത് (അല്‍ഹലാലു വല്‍ഹറാമു ഫില്‍ ഇസ്‌ലാം, ഡോ. യൂസുഫുല്‍ ഖറദാവി). വിള ശതമാനത്തിലല്ലാതെ ഭൂമി നിശ്ചിത വില നിശ്ചയിച്ച് വാടകയ്ക്കും നല്കാവുന്നതാണ്. എന്നാല്‍ കൃഷി ആവശ്യത്തിനല്ലെങ്കില്‍ മാത്രമേ ഇങ്ങനെ വാടക വാങ്ങാവൂ എന്നാണ് ചില പണ്ഡിതന്മാരുടെ നിലപാട്.

പകിടി

വസ്തുക്കള്‍ വാടകയ്‌ക്കോ കൂലിക്കോ കൊടുക്കുമ്പോള്‍ പണയം എന്ന രൂപത്തില്‍ അവയുടെ സുരക്ഷിതമായ തിരിച്ചെടുപ്പിന്റെ ഭാഗമായി ഉടമകള്‍ വാങ്ങുന്ന സംഖ്യയാണ് പകിടിയും  അഡ്വാന്‍സും. കെട്ടിടങ്ങളും മറ്റും നിര്‍മിക്കാന്‍ ഏറെ പണച്ചെലവുണ്ട്. അതിന്റെ ചെറിയ അംശമായിട്ടേ വാടക വരികയുള്ളൂ. പലപ്പോഴും വിശ്വസ്തരല്ലാത്ത വാടകക്കാര്‍ വാടകയില്‍ വീഴ്ചവരുത്തുന്നു. മറ്റു ചിലപ്പോള്‍ നാട്ടിലെ ചില നിയമങ്ങളുടെ ആനുകൂല്യത്തില്‍ കരാര്‍ കാലാവധി കഴിഞ്ഞും തിരിച്ചു നല്കാതിരിക്കുന്നു. കാലികമായി വാടകയില്‍ വര്‍ധനനല്കാതിരിക്കുകയോ, ഉടമയുടെ സമ്മതമില്ലാതെ മറ്റൊരാള്‍ക്ക് മേല്‍വാടകയില്‍ നല്കുകയോ ചെയ്യുന്നു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ മുടക്കുമുതല്‍ നഷ്ടപ്പെടാതിരിക്കാനായി ഉടമകള്‍ വാടകക്കാരനില്‍ നിന്ന് മുതലിന് സമാനമായ വലിയ സംഖ്യ മുന്‍കൂറായി വാങ്ങുന്നു. ഇത് രാജ്യനിയമ പ്രകാരവും മതനിയമപ്രകാരവും ശരിയല്ല. പക്ഷേ ആരും അക്രമിക്കാനും അക്രമിക്കപ്പെടാനും പാടില്ല എന്ന തത്ത്വമനുസരിച്ച്, വിശ്വസ്തത കുറഞ്ഞ കാലത്ത് ഇങ്ങനെ ചില അരുതായ്മകളെ നിര്‍ബന്ധിതസാഹചര്യത്തില്‍ അനുവദിക്കേണ്ടിവരും. അങ്ങനെ വാങ്ങുന്ന പകിടികളും അഡ്വാന്‍സുകളും കരാര്‍ തീരുന്ന കാലാവധിയില്‍ തിരിച്ചുകൊടുക്കേണ്ടതാണ്. ഇതിനിടയില്‍ വരുന്ന മൂല്യമാറ്റങ്ങള്‍ ഇരു കക്ഷികളെയും ബാധിക്കുന്നതാണ്. വാടകയുടെ ഭാഗമെന്ന പരിഗണനയില്‍ ഈ പകിടിയുടെ കാലാവധി പൂര്‍ത്തിയാകും വരെയുള്ള ഉപയോഗവും പ്രയോജനങ്ങളും വസ്തു ഉടമക്ക് അനുവദനീയമാണ്. പരമാവധി ഇത്തരം അഡ്വാന്‍സുകള്‍ വാങ്ങാതിരിക്കുകയും വിശ്വസ്തതയോടെ വസ്തുതിരിച്ചേല്‍പിക്കുമ്പോള്‍ ഉപകാരങ്ങളടക്കം തിരിച്ചുകൊടുക്കുകയുംചെയ്യുന്നതാണ് ഉത്തമം.  തന്റെ പണിക്കാരന്‍ വാങ്ങാതെ പോയ കൂലികൊണ്ടു വാങ്ങിയ ആട്ടിന്‍ കുട്ടിയെ വളര്‍ത്തി വര്‍ഷങ്ങള്‍കൊണ്ട് ആട്ടിന്‍പറ്റമാക്കി, പില്‍കാലത്ത് അയാള്‍ വന്നപ്പോള്‍ അവ മുഴുവനായും ആ കൂലിക്കാരന് തിരിച്ചു നല്കിയ മനുഷ്യന്റെ കഥ നബി(സ്വ) പറഞ്ഞു തന്നു. ആ പ്രവൃത്തി ഒരു വലിയ നന്‍മയായി അല്ലാഹു അംഗീകരിച്ചു എന്നും നബി(സ്വ) പറഞ്ഞു.

 

 

Feedback