ചില സന്ദര്‍ഭങ്ങളില്‍ അവകാശികളായി വരുന്ന നിശ്ചിത ഓഹരിക്കാരുടെ ഓഹരികളുടെ അംശങ്ങളുടെ ആകെത്തുക ഛേദത്തേക്കാള്‍ കൂടുതലായി വരാറുണ്ട്. ഇതിന്റെ പേരില്‍ ഖുര്‍ആനില്‍ ഗണിത പരമായ അബദ്ധങ്ങളുണ്ട് എന്ന് ഇസ്‌ലാമിന്റെ ശത്രുക്കള്‍ വിമര്‍ശിക്കാറുണ്ട്. ഉദാ: മരിച്ച ഒരു സ്ത്രീയുടെ അനന്തരാവകാശികളായി രണ്ടു നേര്‍ സഹോദരിമാരും ഭര്‍ത്താവുമാണുള്ളതെങ്കില്‍ സഹോദരിമാര്‍ക്ക് 2/3 ഭര്‍ത്താവിന് 1/2 മാണു ലഭിക്കേണ്ടത്. ഈ ഭിന്ന സംഖ്യകളെ സമാന ഭിന്ന സംഖ്യകളാക്കിയാല്‍ 4/6 , 3/6 എന്നിങ്ങനെ ലഭിക്കുന്നതാണ്. ഇവിടെ അംശങ്ങളുടെ ആകെത്തുകയായ 7, ഛേദങ്ങളുടെ ആകെത്തുകയായ 6 നേക്കാള്‍ വലുതാണ്. അതായത് സ്വത്തിനെ ആറു ഭാഗമാക്കിയതില്‍ 7 ഭാഗം അവകാശികള്‍ക്ക് നല്‍കണം. ഇതാണു ഗണിത പരമായ അബദ്ധമായി ഉന്നയിക്കപ്പെടുന്നത്.
എന്നാല്‍ ഇവിടെ നാം മനസ്സിലാക്കേണ്ടത് ഓഹരിക്കാരുടെ വിഹിതമായി വരുന്ന ഭിന്നകങ്ങള്‍ അവരുടെ വിഹിതത്തിന്റെ അനുപാതത്തെയാണു സൂചിപ്പിക്കുന്നത്. മേല്‍ പറഞ്ഞ കേസിലെ 4/6 , 3/6 എന്നത് 4 അനുപാതം 3 എന്നതാണ്. അതായത് ആകെ സ്വത്തിനെ ഇവരുടെ അനുപാതങ്ങളുടെ ആകെത്തുകയായ (4+3) 7 കൊണ്ട് ഹരിക്കുകയും അതില്‍ 4 ഭാഗം നേര്‍ സഹോദരിമാര്‍ക്കും 3 ഭാഗം ഭര്‍ത്താവിനും നല്‍കേണ്ടതാണ്.
ഇത്തരം കേസുകളില്‍ ഭിന്നകങ്ങളെ സമാന ഭിന്നകങ്ങളാക്കുകയും എന്നിട്ടവയുടെ അംശങ്ങളുടെ ആകെത്തുക കൊണ്ട് സ്വത്തിനെ ഹരിക്കുകയും എന്നിട്ട് ഓരോ അംശങ്ങളുടെ തുക ഓരോ ഓഹരിക്കാരുടെയും ഓഹരിയായി കണക്കാക്കി സ്വത്ത് വീതിക്കുകയാണു വേണ്ടത്. ഉദാ: പരേതനു രണ്ടു പുത്രിമാരും പിതാവും മാതാവും ഭാര്യയുമാണ് അവകാശികളായിട്ടുള്ളത് എങ്കില്‍ അവരുടെ ഓഹരികള്‍ യഥാക്രമം 2/3, 1/6, 1/6, 1/8 അഥവാ 16/24, 4/24, 4/24, 3/24 അഥവാ ഇവരുടെ ഓഹരികളുടെ അനുപാതം 16 : 4 : 4 : 3 എന്നാണ്. അതിനാല്‍ പരേതന്റെ സ്വത്തിനെ ഇവരുടെ അനുപാതങ്ങളുടെ ആകെത്തുകയായ 27 കൊണ്ടു ഹരിച്ച് ഒരോരുത്തര്‍ക്കും അവരുടെ അനുപാതമനുസരിച്ച് വിതരണം ചെയ്യേണ്ടതാണ്. അതായത് ആകെ സ്വത്തിനെ 27 ഭാഗമാക്കി 16 , 4 , 4 , 3 എന്നീ ഭാഗങ്ങള്‍ യഥാക്രമം ഓരോരുത്തര്‍ക്കും നല്‌കേണ്ടതാണ്.
ഇത് സ്വഹാബികളുടെ കാലം മുതല്‍ അനുവര്‍ത്തിച്ചു വരുന്ന രീതിയാണ് ഛേദത്തെ അംശത്തിനനുസരിച്ച് ഉയര്‍ത്തുന്നതു കൊണ്ട് പണ്ഡിതന്‍മാര്‍ ഇതിനു അറബിയില്‍ നല്‍കിയിരിക്കുന്ന പേര് ഔല് എന്നാണ്.
മേല്‍ പറഞ്ഞ അവസ്ഥക്ക് വിപരീതമായി കുറഞ്ഞ നിശ്ചിത ഓഹരിക്കാര്‍ മാത്രം ഉള്ളപ്പോള്‍ ഓഹരി മിച്ചം വരുന്ന അവസ്തയുമുണ്ടാകാറുണ്ട്. ഇവിടെയും അനുപാതമനുസരിച്ചാണ് സ്വത്ത് വീതം വെക്കേണ്ടത്. ഉദാ: മരണപ്പെട്ട വ്യക്തിക്ക് അവകാശികളായി ഒരു പുത്രിയും മാതാവുമാണുള്ളതെങ്കില്‍ അവരുടെ ഓഹരികള്‍ യഥാക്രമം 1/2 , 1/6 ആയിരിക്കും അഥവാ 3/6, 1/6 ഇവരുടെ അനുപാതം 3:1 ആണ് അപ്പോള്‍ ആകെ സ്വത്തിനെ 4 (3+1) ഭാഗമാക്കി 3 ഭാഗം പുത്രിക്കും 1 ഭാഗം മാതാവിനും നല്‍കേണ്ടതാണ്.