ഇസ്‌ലാം സ്ത്രീക്ക് അവളര്‍ഹിക്കുന്ന അവകാശങ്ങള്‍ നല്‍കുന്നില്ല എന്ന വിമര്‍ശനം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. ഇതിനു കാരണമായി പറയാറുള്ളത് അനന്തരസ്വത്ത് വിഭജിക്കുമ്പോള്‍ മരിച്ചയാളുടെ പുത്രന് പുത്രിക്കുള്ളതിന്റെ ഇരട്ടി നല്‍കുന്നു എന്നതാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് നല്കുവാന്‍ ആഹ്വാനം ചെയ്യുന്ന ലോകത്തെ ഒരേയൊരു മതഗ്രന്ഥമാണ് ഖുര്‍ആന്‍. ഇസ്‌ലാമിക കുടുംബ വ്യവസ്ഥയില്‍ സ്ത്രീക്ക് ഏറെ സാമ്പത്തിക അവകാശങ്ങള്‍ നല്‍കുകയും സാമ്പത്തിക ബാധ്യതകള്‍ ഒന്നും ഏല്‍പിക്കാതിരിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇവ ഓരോന്നായി പരിശോധിക്കാം.
ഒന്ന്: നിയമാനുസൃതമായി സ്വത്ത് ആര്‍ജിക്കാനും അത് കൈവശം വെയ്ക്കാനും സ്വതന്ത്രമായി വിനിയോഗിക്കാനും ഇസ്‌ലാമില്‍ സ്ത്രീക്ക് അവകാശമുണ്ട്. ജീവിത കാലത്ത് അവളുടെ സ്വത്തില്‍ മറ്റാര്‍ക്കും അവകാശമില്ല. ഭര്‍ത്താവോ പിതാവോ മക്കളോ ആരായിരുന്നാലും ശരി.
രണ്ട്: കുടുംബ വ്യവസ്ഥിതിയില്‍ സ്ത്രീക്ക് ഒരു വിധ സാമ്പത്തിക ബാധ്യതകളുമില്ല. എല്ലാ ബാധ്യതകളും അവളെ സംരക്ഷിക്കേണ്ട പുരുഷന്നു മാത്രമാണ്. സന്താനങ്ങളുടെയോ മാതാപിതാക്കളുടെയോ സംരക്ഷണത്തിനുള്ള ഉത്തരവാദിത്തം പോലും സ്ത്രീയുടെ ബാധ്യതയായി വരുന്നില്ല. ചുരുക്കത്തില്‍ അവള്‍ക്ക് എത്ര സ്വത്തുണ്ടെങ്കിലും സാമ്പത്തികമായി ഒരു ബാധ്യതയും അവള്‍ക്കില്ല. അവള്‍ സ്വമേധയാ ചെലവഴിക്കാന്‍ തയ്യാറായാലല്ലാതെ.
മൂന്ന്: വിവാഹവേളയില്‍ വരന്റെയും വധുവിന്റെയും വസ്ത്രങ്ങളുള്‍പ്പെടെ എല്ലാ വിധ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണ്. പുറമേ വധുവിന്ന് അവളാഗ്രഹിക്കുന്ന വിവാഹമൂല്യം വരന്‍ നല്‍കേണ്ടതുമുണ്ട്. ഇവിടെയും സ്ത്രീക്ക് സാമ്പത്തിക ബാധ്യതയില്ല. സാമ്പത്തികമായി ചില അവകാശങ്ങള്‍ ലഭിക്കുകയാണ് ചെയ്യുന്നത്.
നാല്: ഭര്‍ത്താവ് മരണപ്പെട്ട ഒരു സ്ത്രീക്ക് അദ്ദേഹത്തിന്റെ അനാഥക്കുട്ടികളെ സംരക്ഷിക്കേണ്ട ചുമതലയില്ല. മറിച്ച് ആ ചുമതല ഇസ്‌ലാം നല്‍കിയിരിക്കുന്നത് പിതാവ്, സഹോദരന്‍മാര്‍, സഹോദരമക്കള്‍, പിതൃസഹോദരന്‍മാര്‍ തുടങ്ങി മരിച്ചയാള്‍ക്ക് മക്കളില്ലെങ്കില്‍ അയാളുടെ സ്വത്തിന്റെ ശിഷ്ടാവകാശികളാകാനിടയുള്ളവര്‍ക്കാണ്. സ്‌നേഹ ബന്ധത്തിന്റെയും കാരുണ്യത്തിന്റെയും പേരില്‍ അവള്‍ പിതാവ് മരണപ്പെട്ട തന്റെ കുട്ടികളുടെ സംരക്ഷണം സ്വയം ഏറ്റെടുക്കാമെന്നല്ലതെ അവള്‍ക്ക് അത് ഒരിക്കലും ബാധ്യതയല്ല.
സ്വത്ത് സമ്പാദിക്കാനും അനന്തരാവകാശം ലഭിക്കാനും ഇസ്‌ലാം സ്ത്രീക്ക് അവകാശം നല്‍കുകയും എന്നാല്‍ അവള്‍ക്ക് യാതൊരു സാമ്പത്തിക ബാധ്യതയും ഏല്‍പ്പിക്കാതിരിക്കുകയും ചെയ്യുക വഴി ഇസ്‌ലാം അവളെ ബഹുമാനിക്കുകയും അവളോട് അങ്ങേയറ്റത്തെ നീതി കാണിക്കുകയുമാണ് ചെയ്യുന്നത്.
ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ സ്ത്രീക്ക് പുരുഷനു തുല്യമായ അവകാശങ്ങള്‍ നല്‍കുന്നുവെങ്കിലും അതോടൊപ്പം അവളുടെ മേല്‍ അവനു തുല്യമായ സാമ്പത്തികമായും മറ്റുമുള്ള ബാധ്യതകള്‍ കൂടി ചുമത്തുന്നുണ്ട്. എന്നാല്‍ ഇസ്‌ലാം അത്തരത്തിലുള്ള യാതൊരു ബാധ്യതകളും ചുമത്താതെ തന്നെ അവള്‍ക്കു പുരുഷനോടൊപ്പം അനന്തരാവകാശവും മറ്റും നല്കുന്നു.
പെണ്ണിന് പുരുഷന്റെ പകുതി അവകാശം എന്നത് പൊതുതത്ത്വമല്ല. പുരുഷനേക്കാള്‍ ലഭിക്കുന്ന അവസരങ്ങളുമുണ്ട്. തന്റെ അതേ ശ്രേണിയിലുള്ള പുരുഷന്റെ പകുതിയാണ് ഓഹരി. ഉദാ: അവകാശികള്‍ പുത്രീ പുത്രന്മാരാണെങ്കില്‍ 1:2 എന്ന വിധത്തിലാണ് അനന്തരാവകാശം. എന്നാല്‍ പുരുഷ ഓഹരിക്കാരന്‍ തന്റെ താഴെ ശ്രേണിയിലുള്ള വനാണെങ്കില്‍ അവളുടെ ഓഹരി നിര്‍ണിതവും അവനെക്കാള്‍ കൂടിയതുമായിരിക്കും.
ഉദാ: അവകാശികളായി ഒരു പുത്രിയും ഒരു പൗത്രനും മാതാപിതാക്കളുമാണെങ്കില്‍ പുത്രിക്ക് ആകെ സ്വത്തിന്റെ പകുതിയും താഴെ ശേ്രണിയിലുള്ള പൗത്രനു ആറിലൊന്നുമാണ് ലഭിക്കുക. ഇനി ഉപരി സൂചിത കേസില്‍ ഒന്നിലധികം പുത്രിമാരുണ്ടെങ്കില്‍ അവര്‍ക്ക് ആകെ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ആറിലൊന്നു വീതം മാതാപിതാക്കള്‍ക്ക് നല്‍കുകയും ബാക്കിയൊന്നും അവശേഷിക്കുന്നില്ല എന്നതിനാല്‍ പൗത്രനു ഒന്നും ലഭിക്കുകയില്ല താനും.
ചുരുക്കത്തില്‍ ലിംഗഭേദമനുസരിച്ചല്ല അനന്തരാവകാശത്തില്‍ ഏറ്റക്കുറവുകള്‍ വരുത്തിയിരിക്കുന്നത്. മറിച്ച് പരേതനുമാനുള്ള ബന്ധവും ബാധ്യതകളും ചുമതലകളുമനുസരിച്ചാണ്. അതിനാല്‍ പുത്രിയേക്കാളേറെ സാമ്പത്തിക ബാധ്യതകളും ചുമതലകളുമുള്ള പുത്രന്ന് പുത്രിയെക്കാളേറെ സ്വത്തു ലഭിക്കുന്നു. അതുപോലെ നേര്‍ പുത്രിക്ക് പൗത്രാനെക്കാളേറെ പരേതനോട് ബന്ധവും ബാധ്യതകളുമുള്ളതിനാല്‍ പുത്രിക്ക് കൂടുതല്‍ സ്വത്തു ലഭിക്കുന്നു. പുത്രന്മാരുള്ള ഒരു പരേതന്റെ മാതാപിതാക്കള്‍ക്ക് തുല്യ ഓഹരികളാണു ലഭിക്കുന്നത് ഇവിടെയും ലിംഗഭേദം കാണിക്കുന്നില്ല.