Skip to main content

പാരമ്പര്യ ഇന്‍ഷൂറന്‍സ്-തകാഫുല്‍ ഒരു താരതമ്യം

അപ്രതീക്ഷിതവും നിര്‍ഭാഗ്യകരവുമായ സാഹചര്യം സംജാതമായാല്‍ പദ്ധതിയിലെ ഏതൊരംഗത്തിനും ഉപയോഗപ്പെടുത്താമെന്ന ധാരണയില്‍ ഒരു നിശ്ചിത സംഖ്യ ദാനമായി അടച്ച് അംഗങ്ങളാവുന്നതാണ് തകാഫുല്‍. എന്നാല്‍ പാരമ്പര്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഒരു വ്യക്തി തന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന് വേണ്ടി ഒരു പോളിസി വില കൊടുത്തു വാങ്ങുകയാണ് ചെയ്യുന്നത്.

പാരമ്പര്യ ഇന്‍ഷൂറന്‍സ് പദ്ധതിപ്രകാരം സ്വരൂപിച്ചു കിട്ടിയ പ്രീമിയം തുക ലാഭകരമായ ഏതൊരു നിക്ഷേപ പദ്ധതിയിലും നിക്ഷേപിക്കാവുന്നതാണ്. തകാഫുല്‍ പ്രകാരം സ്വരൂപിച്ചു കിട്ടിയ സംഖ്യ ചൂതാട്ടത്തിന്റെയും അനിശ്ചിതത്ത്വത്തിന്റെയും സ്വഭാവമുള്ളതോ പലിശാധിഷ്ഠിതമോ ആയ സംരംഭങ്ങളിലും, ഇസ്‌ലാം നിഷിദ്ധമാക്കിയ മദ്യം, പന്നിമാംസ സംസ്‌കരണം തുടങ്ങിയ ബിസിനസ്സ് സംരംഭങ്ങളിലും നിക്ഷേപിക്കാന്‍ പാടില്ലാത്തതാണ്. ശരീഅത്ത് അംഗീകരിക്കുന്ന സംരംഭങ്ങളില്‍ മാത്രമേ ഈ ഫണ്ടില്‍ നിക്ഷേപ സ്വാതന്ത്ര്യമുള്ളൂ. തകാഫുല്‍ മുഖേനയുള്ള പരസ്പര സഹകരണവും സംരക്ഷണവും ഇസ്‌ലാമിക സമൂഹത്തിന്റെ ബാധ്യതയായി കാണുന്നു. 

പാരമ്പര്യ ഇന്‍ഷൂറന്‍സ് പൂര്‍ണമായും പലിശയിലധിഷ്ഠിതമായിരിക്കെ ഇസ്‌ലാമിക് ഇന്‍ഷൂറന്‍സായ തകാഫുല്‍ ദാനധര്‍മം(തബര്‍റുഅ്) അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. തബറുഅ് പ്രകാരം പോളിസി ഉടമകള്‍ തങ്ങളടയ്ക്കുന്ന ഇന്‍ഷൂറന്‍സ് തുകയില്‍ ഒരു ഭാഗം ദാനമായി കരുതുന്നതു കൊണ്ട് പോളിസി ഉടമകള്‍ പങ്കാളികള്‍ എന്നാണറിയപ്പെടുന്നത്. 

പാരമ്പര്യ ഇന്‍ഷൂറന്‍സ് പോളിസി ഉടമകള്‍ക്ക് നഷ്ട സംബന്ധമായി ഒരു അവകാശവും സമര്‍പ്പിക്കാനില്ലെങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനി വന്‍ലാഭം കൊയ്യുന്നു. മറിച്ച് പോളിസി ഉടമകള്‍ക്ക് തന്റെ നഷ്ടക്കണക്കുകള്‍ സമര്‍പ്പിക്കാനുണ്ടെങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനിക്ക് അതൊരു തിരിച്ചടിയായി മാറുന്നു. ഏതു സാഹചര്യത്തിലും ഏതെങ്കിലുമൊരു കക്ഷിക്ക് (പോളിസി ഉടമയ്‌ക്കോ ഇന്‍ഷൂറന്‍സ് കമ്പനിക്കോ)വന്‍ ലാഭമോ വന്‍ നഷ്ടമോ വരുത്തി വെക്കുന്നു. ഇതുകൊണ്ടാണ് ഇസ്‌ലാം ഇതിനെ വെറുക്കുന്നതും നിരോധിക്കുന്നതും. പക്ഷേ ഇന്‍ഷൂറന്‍സ് കമ്പനിക്ക് തങ്ങളുടെ പ്രതീക്ഷിത നഷ്ടം തുലോം കുറവായിരിക്കും. ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ഒരു വര്‍ഷം ആയിരം കാറുകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നു എന്ന് കരുതുക. എന്നാല്‍ ഇവയില്‍ കൂടിയാല്‍ നൂറോ ഇരുന്നൂറോ കാറുടമകള്‍ മാത്രമാണ് അപകടങ്ങള്‍ മൂലം നഷ്ടക്കണക്കുകള്‍ അവതരിപ്പിക്കുന്നത്. ബാക്കി വരുന്ന 800ഓളം കാറുകളുടെയും പ്രീമിയം തുക ഇന്‍ഷൂറന്‍സ് കമ്പനിക്ക് ലാഭമായി മാറുകയാണ്. 

സമ്പൂര്‍ണ പാരമ്പര്യ ഇന്‍ഷൂറന്‍സ് അതാത് സര്‍ക്കാറുകളുടെ നിയമവ്യവസ്ഥയ്ക്കും പൊതു വാണിജ്യതത്ത്വങ്ങള്‍ക്കും വിധേയമായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമാണ്. തകാഫുല്‍ പരസ്പര സഹകരണത്തിന്റെയും ശരീഅ നിയമങ്ങളുടെയും ചട്ടക്കൂട്ടില്‍ ഒതുങ്ങി നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. 

തകാഫുല്‍ പ്രകാരം അപായസാധ്യത (Risk)  തകാഫുല്‍ പങ്കാളികള്‍ക്കിടയില്‍ പരസ്പരം വീതിക്കുകയും ഏറ്റെടുക്കുകയും ചെയ്യുമ്പോള്‍ പാരമ്പര്യ ഇന്‍ഷൂറന്‍സില്‍ അപായ സാധ്യത പൂര്‍ണമായും ഇന്‍ഷൂറന്‍സ് കമ്പനി ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446