വിജ്ഞാനസമ്പാദനം ശ്രേഷ്ഠ കര്‍മമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സമൂഹത്തില്‍ ആദരണീയ സ്ഥാനമര്‍ഹിക്കുന്നവരാണ് അറിവുള്ളവര്‍. അറിവുള്ളവരും അറിവില്ലാത്തവരും സമമല്ല (39:9). അറിവ് അംഗീകാരത്തിന്റെയും ആദരവിന്റെയും മാനദണ്ഡമാകുന്നുവെന്ന് ഈ ആയത്ത് വ്യക്തമാവുന്നു. ഇസ്‌ലാമികദൃഷ്ട്യാ വിദ്യ മഹാധനമാണ്. മതം, ലൗകികം എന്നിങ്ങനെ വിജ്ഞാനങ്ങളെ വേര്‍തിരിച്ചു കാണാതെ വ്യക്തിക്കും സമൂഹത്തിനും ഗുണപ്രദമായ വിജ്ഞാനങ്ങളെയെല്ലാം വിലമതിക്കുകയും പ്രോത്‌സാഹിപ്പിക്കുകയും ചെയ്യുന്ന വീക്ഷണമാണ് വിശ്വാസികള്‍ക്കുണ്ടാവേണ്ടത്. ഉപകാരപ്രദമായ വിജ്ഞാനം ആര്‍ജിക്കുവാനും ആര്‍ജിക്കുന്ന വിജ്ഞാനങ്ങള്‍ വ്യക്തിക്കും സമൂഹത്തിനും ഗുണകരമായും സര്‍വജ്ഞനായ അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായും വിനിയോഗിക്കാനുള്ള പ്രതിജ്ഞയാണ് വിദ്യാര്‍ഥിക്കുണ്ടാവേണ്ടത്. പ്രപഞ്ച സ്രഷ്ടാവിനെ മനസിലാക്കാനും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം തിരിച്ചറിയുവാനുമുള്ള ജ്ഞാനാന്വേഷണം സ്വര്‍ഗത്തിലേക്കുള്ള വഴി സുഗമമാക്കു മെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉപകാരപ്രദമായ ഏതുവിജ്ഞാനത്തിന്റെയും പ്രചരണം പുണ്യകര്‍മമായിക്കണ്ട് അതില്‍ അത്യുത്‌സാഹം കാണിക്കേണ്ടവരാണ് വിശ്വാസികള്‍. വിദ്യ പ്രചരിപ്പിക്കുന്നവരുടെ ആദരണീയസ്ഥാനത്തെ സൂചിപ്പിച്ച് നബി(സ്വ) പറഞ്ഞു: അല്ലാഹുവും മലക്കുകളും ആകാശഭൂമികളിലുള്ള എല്ലാവരും ജനങ്ങള്‍ക്ക് നല്ലത് പഠിപ്പിക്കുന്നവര്‍ക്ക് അനുഗ്രഹത്തിന്നായി പ്രാര്‍ഥിക്കുന്നു. മാളത്തിലുള്ള ഉറുമ്പു പോലും (തിര്‍മിദി).
സമൂഹത്തിന് ദിശാബോധം നല്‌കേണ്ടവരാണ് അറിവുള്ളവര്‍. പണ്ഡിതന്‍മാര്‍ പ്രവാചകന്‍മാരുടെ പിന്‍മുറയ്ക്കാരാണെന്ന് റസൂല്‍(സ്വ) പറഞ്ഞതില്‍ നിന്നും അറിവുള്ളവര്‍ നിര്‍വഹിക്കേണ്ട ദൗത്യമെന്താണെന്ന് വ്യക്തമാവും. ധാര്‍മിക മൂല്യങ്ങളുടെ അധ്യാപനവും സമൂഹജാഗരണവുമാണ് നബി(സ്വ)യുടെ നിയോഗലക്ഷ്യം (62:2). ആ പാത പിന്തുടര്‍ന്ന് ദൈവ പ്രീതി കാംക്ഷിച്ച് വിജ്ഞാനം സമ്പാദിക്കുവാനും വിനിയോഗിക്കാനുമാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്. നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ പ്രീതി ആഗ്രഹിക്കാതെ വിജ്ഞാന സമ്പാദനത്തി നിറങ്ങുന്നവര്‍ക്ക് അവരാഗ്രഹിക്കുന്ന ലൗകികാവശ്യങ്ങള്‍ നേടാനായേക്കും. എന്നാല്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അവര്‍ക്കനുഭവിക്കാനാവുകയില്ല.
ഗുരുവിനെയും ശിഷ്യനെയും ഗുരുശിഷ്യബന്ധത്തെയും പവിത്രമായിട്ടാണ് ഇസ്‌ലാം കാണുന്നത്. വിജ്ഞാന സമ്പാദനം സ്ഥിരോത്‌സാഹവും ക്ഷമയും ഉള്ളവര്‍ക്കേ സാധിക്കുകയുള്ളൂ. ഗുരുവിനെ അറിഞ്ഞും അംഗീകരിച്ചും അര്‍ഹിക്കുന്ന ആദരവ് നല്കിയും വിനയാന്വിത മനസ്സിന്റെ ഉടമയായിത്തീരണമെന്നാണ് അല്ലാഹു കല്പിക്കുന്നത് (അല്‍കഹ്ഫ്: 69-76).
പ്രവാചകന്‍മാരെല്ലാം പ്രബോധിത സമൂഹത്തോട് പ്രഖ്യാപിച്ചത് വിശ്വസ്തരായ ഗുണകാംക്ഷികളാണ് തങ്ങളെന്നായിരുന്നു. ഗുണകാംക്ഷാ നിര്‍ഭരമായ മനസ്സോടെ വിശ്വസ്തതയോടെ വിജ്ഞാനവും വിശ്വാസവും പകര്‍ന്നു നല്കിയപ്പോഴായിരുന്നു സമൂഹത്തില്‍ സംസ്‌കരണം സാധ്യമായത്. പ്രവാചകന്‍മാരുടെ പിന്‍മുറയ്ക്കാരായ പണ്ഡിതന്‍മാരും ഉത്തരവാദിത്വ നിര്‍വഹണത്തില്‍ വീഴ്ച കൂടാതെ ഈ ദൗത്യമാണ് നിറവേറ്റേണ്ടത്. ഗുരുമുഖം അറിവിന്റെ മാത്രമല്ല, കനിവിന്റെയും സകല സദ്ഗുണങ്ങളുടെയും പ്രഭവസ്ഥാനമായിരിക്കണമെന്നാണ് അല്ലാഹു (തൗബ:128) താത്പര്യപ്പെടുന്നത്. അറിവന്വേഷിച്ച് നബി(സ്വ)യുടെ സന്നിധിയിലേക്ക് കടന്നു വരുന്ന ആളെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യാറുണ്ടായിരുന്നു. 'വിദ്യാര്‍ഥിക്ക് എന്റെ സ്വാഗതം' എന്ന് നബി(സ്വ) പറയുകയും ചെയ്തിരുന്നു. ഉപകാരപ്രദമായ അറിവ് ഒരാള്‍ക്കു പകര്‍ന്നു നല്കുന്നത് സ്ഥായിയായ നന്‍മയ്ക്കു കാരണമായിത്തീരുന്നു. നന്‍മയുടെ വഴിയില്‍ കിട്ടിയ വിജ്ഞാനം പ്രയോഗവത്കരിക്കുമ്പോള്‍ അതിന്റെ സദ്ഫലം തലമുറകളിലേക്കു പടരുന്നു.
മരണത്തോടെ മനുഷ്യകര്‍മങ്ങള്‍ക്കു വിരാമമാകുമെങ്കിലും അവിരാമമായി നിലനില്ക്കുന്ന മൂന്നു കാര്യങ്ങള്‍ നബി(സ്വ) ഉണര്‍ത്തി. അവയിലൊന്ന് പ്രയോജനപ്രദമായ വിജ്ഞാനമാണ്. സമൂഹത്തോടു തന്നെ വലിയ ബാധ്യതയാണ് താന്‍ നിര്‍വഹിക്കുന്നതെന്ന അഭിമാന ബോധമാണ് ഗുരുക്കന്‍മാര്‍ക്കു വേണ്ടത്. ശിഷ്യരില്‍ സംശയനിവാരണത്വര ജനിപ്പിച്ചും അവരുടെ ജിജ്ഞാസയെ വളര്‍ത്തിയും ആശയാവിഷ്‌കാരശേഷി പരിപോഷിപ്പിച്ചും ഘട്ടം ഘട്ടമായി ഗുരു, ശിഷ്യരെ ഉന്നതിയിലെത്തിക്കുന്നു. അനുകരണീയ വ്യക്തിത്വത്തിന്റെ അടയാളങ്ങള്‍ ശിഷ്യര്‍ക്ക് ഗുരുവില്‍ ദര്‍ശിക്കാന്‍ കഴിയണം. ജീവിതത്തിലുടനീളം മഹനീയ മാതൃക കാഴ്ച വെയ്ക്കാന്‍ ഗുരു ബാധ്യസ്ഥനാണ് (33: 21).
വിദ്യ വ്യക്തിയില്‍ നിന്ന് വ്യക്തികളിലേക്കും അതുവഴി തലമുറകളിലേക്കും പകര്‍ന്നു നല്കാനുള്ളതായതിനാല്‍ ബോധപൂര്‍വം അറിവ് മറച്ചു വെയ്ക്കുന്നതും സത്യത്തെ മൂടിവക്കെുന്നതും ഗുരുതരമായ കുറ്റമായി ഖുര്‍ആനില്‍ (3: 187) പഠിപ്പിക്കുന്നു.
ഇസ്‌ലാം വിജ്ഞാനത്തിന് പരിധി വെയ്ക്കുന്നില്ല. പ്രയോജനകരമായ എല്ലാ വിജ്ഞാനത്തെയും അത് പ്രോത്‌സാഹിപ്പിക്കുന്നു. നബി(സ്വ) ഒരിക്കല്‍ സൈദ് ബ്‌നു സാബിത്(റ)നോടു ചോദിച്ചു: 'താങ്കള്‍ക്ക് സുറിയാനി ഭാഷ അറിയുമോ? അതിലെനിക്ക് എഴുത്തുകള്‍ വരുന്നുണ്ട്. ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോള്‍ നബി(സ്വ) കല്പിച്ചു: താങ്കളതു പഠിക്കുക'. അങ്ങനെ സൈദുബ്‌നു സാബിത്(റ) സുറിയാനി ഭാഷ പഠിച്ചു. സുറിയാനി ഭാഷയിലുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനം നബി(സ്വ)ക്കു വരുന്ന എഴുത്തുകുത്തുകള്‍ വായിക്കാന്‍ പ്രയോജനപ്പെടുകയും ചെയ്തു.