മാവര്‍ദി തന്റെ തഫ്സീറായ അന്നക്തു വല്‍ ഉയൂനില്‍ ഏററവും കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്നത് ഖുര്‍ആനിക വചനങ്ങളുടെ ആന്തരികാര്‍ഥങ്ങള്‍ പ്രസ്താവിക്കുവാനാണ്. ആയത്തുകളിലെ മറഞ്ഞു കിടക്കുന്ന ആശയങ്ങള്‍ മുന്‍കാല പണ്ഡിതര്‍ പ്രസ്താവിച്ചത് പോലെയും അതിലേക്ക് പുതിയ കണ്ടെത്തലുകള്‍ ചേര്‍ത്തിയും ഘട്ടം ഘട്ടമായാണ് അദ്ദേഹം ആന്തരികാര്‍ഥങ്ങള്‍ വിശദീകരിച്ചത്.
ധാരാളം പണ്ഡിതരുടെ പ്രസ്താവനകളും ആയത്തുകളും ഇതിനായി അന്നഅക്തുവല് ഉയൂനില്‍ ചേര്‍ത്തുവച്ചു. വാക്യങ്ങള്‍ അത് പറഞ്ഞവരിലേക്ക് ചേര്ത്തിപ്പറഞ്ഞും നിര്‍ധാരണം ചെയ്തും ആശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്കി. ബാക്കിയുളള തഫ്സീറുകളെല്ലാം പരിഗണന നല്കിയിട്ടുളളതു പോലെ 'അന്നക്തു വല്‍ ഉയൂനി'ലും ഭാഷയ്ക്കും കവിതയ്ക്കും ഉപമകള്‍ക്കും ഉയര്‍ന്ന പ്രാധാന്യമുണ്ട്. ആയത്തിന്റെ സന്ദര്‍ഭത്തിനനുസരിച്ച് ഭാഷാര്‍ഥങ്ങളെയും വാക്യങ്ങളെയും ചേര്‍ത്തുവച്ച തഫ്സീറു മാവര്‍ദി വിവിധാര്ഥങ്ങളിലുളള വായനയും കര്‍മശാസ്ത്രവിധികളും ആയത്തില്‍ നിന്ന് കണ്ടെത്തുന്നു.
ആധുനികവും പൗരാണികവും വിവിധ ഭാഷകളിലുളളതുമായ തഫ്സീറുകള്‍ ആണ് മാവര്‍ദി ഇതിന്റെ രചനക്ക് വേണ്ടി അവലംബിച്ചത്. വായനയുടെ വ്യത്യസ്ത ശൈലികള്‍ വിവരിക്കുന്നതിനായി അദ്ദേഹം അവലംബിച്ചത് അബുല്‍അലി ഹസന് ബിന്‍ അഹ്മദ് അല്‍ഫാരിസി, അബുല്‍ ഫതഹ് ഉസ്മാന് ബിന്‍ ജന്നി, മകിയ്യ് ബിന്‍ അബീ ത്വാലിബ് അബ്ദു അംറ് ഉസ്മാന് ബിന്‍ സഈദ് ദാനി എന്നിവരുടെ ഗ്രന്ഥങ്ങളായിരുന്നു.
ഭാഷ, ഭാഷാ നിയമങ്ങള്‍ എന്നിവയിലെ വ്യക്തതയ്ക്കു വേണ്ടി അദ്ദേഹം അവലംബിച്ചത്, കസാഈ, ഫറാഉ്, അഖ്ഫശ്, സഅ്ലഖ്, മുബ്രിദ്, സുജാജ്, റുമാനി, ഖലീല്‍ ബിന്‍ അഹമ്മദ് അല്‍ ഫരാഹിദി, സീബ വയ്ഹി, അംറ് ബിന്‍ അലാഉ് എന്നിവരുടെ കൃതികളും, കര്‍മശാസ്ത്ര നിയമങ്ങള്‍ക്കു വേണ്ടി അവലംബിച്ചത് ശാഫിഈ, അബൂഹനീഫ, നുഅ്മാന്, മാലിക് ബിന്‍ ഹന്ബല് എന്നിവരുടെ രചനകളുമായിരുന്നു.
വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ കാര്യങ്ങളില്‍ ഏറെ ശ്രദ്ധയും വ്യക്തതയും വിശദീകരണവും നല്‍കുന്നതാണ് മാവര്‍ദിയുടെ തഫ്സീര്‍.എന്നാല്‍ ആയത്തുകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വിശദീകരിക്കുന്നതിലും മറ്റു വിശദീകരണങ്ങള്‍ നല്‍കുന്നതിലുമെല്ലാം അത്രത്തോളം മികച്ച സ്ഥാനം ഈ തഫ്സീറിന് പറയാന്‍ കഴിയില്ല.
ശാഫിഈ പണ്ഡിതനായ അബുല്‍ ഹസന് അലിബിന്‍ മുഹമ്മദ് അല്‍ മാവര്‍ദി ക്രി.974-ല്‍ ബസ്വറയിലാണ് ജനിച്ചത്. 1058-ല്‍ ബാഗ്ദാദില്‍ മരണപ്പെട്ടു.