ഖുര്‍ആനിലെ പദങ്ങളുടെ അര്‍ഥമായി പ്രവാചകനോ സ്വഹാബിമാരോ താബിഉകളോ പറഞ്ഞ കാര്യങ്ങള്‍ സനദുകളോട് കൂടി ഉദ്ധരിക്കുന്ന തഫ്‌സീറുകളാണിവ. സനദുകളുള്ളതു കൊണ്ട് ഇത്തരം തഫ്‌സീറുകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. പില്കാലക്കാര്‍ക്ക് അവയുടെ പ്രാമാണികത പരിശോധിക്കാനും സനദുകളില്‍ ദുര്‍ബലത കണ്ടെത്തിയാല്‍ അവ ഒഴിവാക്കാനും കഴിയും. തഫ്‌സീറിന്റെ ആദ്യ കാലങ്ങളില്‍ ഇസ്‌റാഈലീ കെട്ടുകഥകള്‍ തഫ്‌സീറില്‍ നിന്ന് പ്രതിരോധിക്കാന്‍ തഫ്‌സീറുല്‍ മഅ്‌സൂറുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പില്കാലത്ത് തഫ്‌സീറുകളില്‍ ഇടം പിടിച്ച ദുര്‍ബല സനദുകളുടെ ആധിക്യം കാരണം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയല്ലാതെ അവ സ്വീകരിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലെത്തുകയും ചെയ്തു.
തഫ്‌സീര്‍ മഅ്സൂര്‍ എന്ന ഗണത്തില്‍ പ്രസിദ്ധമായ തഫ്‌സീറുകളില്‍ ചിലത്.
• 'ജാമിഉല്‍ ബയാന്‍ ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍'-ഇബ്‌നു ജരീര്‍ ത്വബ്‌രി (ഹിജ്‌റ 224-310).
• 'ബഹ്‌റുല്‍ ഉലൂം'-അബുല്ലൈസ് സമര്‍ഖന്തി' (ഹിജ്‌റ 373).
• 'അല്‍ കശ്ഫു വല്‍ ബയാന്‍ ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍'-അബൂ ഇസ്ഹാഖ് അസ്സഅ്‌ലബി (ഹിജ്‌റ 427).
• 'മആലിമുത്തഅ്‌വീല്‍'-അബൂ മുഹമ്മദ് ഹുസൈനുല്‍ ബഗ്‌വി (ഹിജ്‌റ 510).
• 'അല്‍ മുഹരിറുല്‍ വജീസ് ഫീ തഫ്‌സീറില്‍ കിതാബില്‍ അസീസ്'-ഇബ്‌നു അതിയ്യ അല്‍ അന്തലൂസി (ഹിജ്‌റ 546).
• 'തഫ്‌സീറുല്‍ ഖുര്‍ആനില്‍ അദ്വീം'-അബുല്‍ ഫിദാ ഹാഫിദ് ഇബ്‌നു കസീര്‍ (ഹിജ്‌റ 776).
• 'അല്‍ ജവാഹിറുല്‍ ഹിസാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍'-അബ്ദുര്‍റഹ്മാന്‍ സആലബി (ഹിജ്‌റ 786).
• 'അദ്ദുര്‍റുല്‍ മന്‍സൂര്‍ ഫിത്തഫ്‌സീരില്‍ മഅ്‌സൂര്‍'-ജലാലുദ്ദീന്‍ സുയൂത്വി (ഹിജ്‌റ 849-911).