മണ്‍മറഞ്ഞ മഹാന്മാരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് അവയ്ക്ക് ആരാധന നടത്തുന്നത് വ്യക്തമായ ശിര്‍ക്ക്(ബഹുദൈവാരാധന) ആണ്. അതുപോലെ ചില സമൂഹങ്ങള്‍ മഹാന്മാരുടെ ശവകുടീരങ്ങള്‍ ആരാധന കേന്ദ്രങ്ങളാക്കുന്ന സമ്പ്രദായം പണ്ടും ഇപ്പോഴും ഉണ്ട്. മഖ്ബറകളില്‍ അടക്കം ചെയ്യപ്പെട്ട മനുഷ്യരോട് പ്രാര്‍ഥിക്കുന്നത് വിഗ്രഹാരാധന പോലെ ശിര്‍ക്കാണ്. ഇത്തരം കേന്ദ്രങ്ങളിലേക്ക് ഭക്ത്യാദരപൂര്‍വം ആളുകള്‍ തീര്‍ത്ഥയാത്ര നടത്തുന്നു. ആഗ്രഹങ്ങള്‍ സഫലീകരിക്കാനും ആപത്തുകള്‍ നീക്കികിട്ടാനും വേണ്ടിയാണിത്. ഇതെല്ലാം ബഹുദൈവാരാധനയ്ക്കു തുല്യമാണ്. കാരണം ആ ഖബ്‌റില്‍കിടക്കുന്ന വലിയ്യ് എന്നു വിശ്വസിക്കപ്പെടുന്ന വ്യക്തിയോട് ആളുകള്‍ താഴ്മയും വിനയവും പ്രകടിപ്പിച്ച് പ്രാര്‍ഥിക്കുന്നു.
ഖബ്റാരാധനയിലേക്ക് എത്തുന്ന വഴികളെല്ലാം നബി(സ) തടയുകയും ഖബര്‍പൂജയെ നിശിതമായി എതിര്‍ക്കുകയും ചെയ്തിരിക്കുന്നു. അബൂഹുറയ്‌റ(റ) പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതര്‍ അരുളിയിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെവീടുകള്‍ ഖബ്‌റുകളാക്കരുത്. എന്റെ ഖബ്ര്‍ ഒരു ആഘോഷ സ്ഥലമാക്കുകയും ചെയ്യരുത്. എനിക്ക് നിങ്ങള്‍ സ്വലാത്ത് ചൊല്ലുക. നിങ്ങള്‍ എവിടെ വെച്ച് സ്വാലാത്ത് ചൊല്ലിയാലും നിങ്ങളുടെ സ്വലാത്ത് എനിക്കെത്തും'' (അബൂദാവൂദ്).
ജൂതക്രൈസ്തവ സമൂഹങ്ങള്‍ ദൈവശാപത്തിന് വിധേയമാവാന്‍ ഒരു കാരണം അവര്‍ തങ്ങളുടെ പ്രവാചകന്മാരുടെ ഖബറുകള്‍ ആരാധനാ കേന്ദ്രങ്ങളാക്കി എന്നതായിരുന്നു. ആഇശ(റ) പറയുന്നു : അബ്‌സീനിയയില്‍ താന്‍ കണ്ട ഒരു കനീസ(ചര്‍ച്ച്)യെയും അതിലുണ്ടായിരുന്ന രൂപങ്ങളെയും പറ്റി റസൂല്‍(സ) നോട് ഒരിക്കല്‍ ഉമ്മു സല്‍മാ(റ) പറയുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു: ''അക്കൂട്ടര്‍ അവരുടെ ഇടയില്‍ സദ്വൃത്തനായ ഒരാള്‍ മരിച്ചാല്‍ അയാളുടെ ഖബ്‌റിന്മേല്‍ ഒരു ആരാധനാലയം കെട്ടിയുണ്ടാക്കുകയോ അതില്‍ ആ രൂപം ഉണ്ടാക്കിവെയ്ക്കുകയോ ചെയ്യും. സൃഷ്ടികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരത്രെ അവര്‍'' (ബുഖാരി, മുസ്‌ലിം).
ജുന്‍ദുബ്(റ) പറയുന്നു: തിരുദൂതര്‍(സ) മരിക്കുന്നതിന് അല്പം മുമ്പ് ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു: അറിയുക, നിങ്ങളുടെ മുമ്പുള്ളവര്‍ അവരുടെ പ്രവാചകന്മാരുടെ ഖബ്‌റുകള്‍ ആരാധന കേന്ദ്രമാക്കി. അറിയുക, നിങ്ങള്‍ ഖബ്‌റുകള്‍ പ്രാര്‍ഥന കേന്ദ്രങ്ങളാക്കരുത്. നിശ്ചയം ഞാനത് നിങ്ങളോട് വിരോധിക്കുന്നു (മുസ്‌ലിം).
ഖബ്‌റിലുള്ളയാള്‍ തന്റെ പ്രാര്‍ഥന കേള്‍ക്കുകയും ഉദ്ദേശ്യങ്ങള്‍ നിറവേറ്റിത്തരികയും ചെയ്യുമെന്ന വിശ്വാസത്തോടെയാണ് ഖബ്‌റിനെ ആദരിക്കുന്നത്. അത് ഖബ്‌റിനെ ബിംബമാക്കുന്നതിന് തുല്യമാണ്. നബി(സ) പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, എന്റെ ഖബര്‍ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതേ''. ഖബറാളികള്‍ തങ്ങള്‍ക്കുവേണ്ടി അല്ലാഹുവോട് ശുപാര്‍ശ ചെയ്യുമെന്ന വിശ്വാസത്തോടെ ഖബറിനെ വന്ദിക്കുന്നത് ബിംബാരാധനക്ക് തുല്യമാണെന്ന് ഇമാം റാസി പറഞ്ഞിട്ടുണ്ട്.