Skip to main content

ശിര്‍ക്ക് (ബഹുദൈവാരാധന) (7)

ശിര്‍ക്ക് എന്ന അറബിപദത്തിന്റെ അര്‍ഥം പങ്കു ചേര്‍ക്കുക എന്നാണ്. ഒരു കാര്യത്തില്‍ ഒരാള്‍ മറ്റൊരാളെ പങ്കാളി(ശരീക്) ആക്കിയാല്‍ അതിന് ഭാഷയില്‍ ശിര്‍ക്കു ചെയ്തുവെന്ന് പറയാം. എന്നാല്‍ സാങ്കേതിക ഭാഷയില്‍ ശിര്‍ക്ക് എന്നതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത് അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുക എന്നതാണ്. 

പ്രപഞ്ചകര്‍ത്താവും ഏകനും സര്‍വ്വശക്തനുമായ അല്ലാഹുവിന് ഒരു കാര്യത്തിലും പങ്കുകാരില്ല. പ്രപഞ്ചത്തില്‍ ഒന്നിലേറെ ദൈവങ്ങളുണ്ടെന്ന സങ്കല്‍പ്പം ബഹുദൈവ വിശ്വാസം ആണ്. പ്രപഞ്ച കര്‍തൃത്വത്തിലോ നിയന്ത്രണത്തിലോ സംഹാരത്തിലോ അല്ലാഹുവിന് പങ്കുകാരുണ്ടെന്ന് വിശ്വസിക്കുന്നതും ബഹുദൈവ വിശ്വാസമാണ്. അതുപോലെത്തന്നെ അല്ലാഹുവിന്റെ കഴിവുകളും ജ്ഞാനവും മറ്റുപ്രത്യേകതകളും ഏതെങ്കിലും സൃഷ്ടികളില്‍ ആരോപിക്കുന്നതും ബഹുദൈവ വിശ്വാസം തന്നെയാണ്. ഇതെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ ബഹുദൈവാരാധനയുടെ നിര്‍വചനം നല്‍കിയത് ഇപ്രകാരമാണ്: 'അല്ലാഹുവിന്റെ സത്ത(ദാത്ത്)യിലോ പ്രവര്‍ത്തനങ്ങളിലോ(അഫ്ആല്‍) വിശേഷണങ്ങളിലോ(സ്വിഫാത്ത്) പങ്കു ചേര്‍ക്കലാണ് ബഹുദൈവാരാധന അഥവാ ശിര്‍ക്ക്. 

അല്ലാഹു നിഷിദ്ധമാക്കിയ സംഗതികളില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നതും അവനൊരിക്കലും പൊറുക്കാത്തതുമായ പാപമാണ് ശിര്‍ക്ക്. മനുഷ്യന്‍ ചെയ്യുന്ന സകല പുണ്യകര്‍മങ്ങളെയും ശിര്‍ക്ക് നിഷ്ഫലമാക്കും. അല്ലാഹു പറയുന്നു: ''അവര്‍ പങ്കു ചേര്‍ക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാകും''(6:88). ആരെങ്കിലും അല്ലാഹുവില്‍ പങ്ക് ചേര്‍ത്താല്‍ അല്ലാഹു സ്വര്‍ഗം അവന് നിഷിദ്ധമാക്കിയിരിക്കുന്നു. അവന്റെ അഭയം നരകമാകുന്നു. അക്രമികള്‍ക്ക് യാതൊരു സഹായിയും ഉണ്ടാകുകയില്ല.

മുഹമ്മദ് നബി(സ)യോടു പോലും അല്ലാഹു ഇക്കാര്യം സഗൗരവം ഉണര്‍ത്തുന്നു: 'മുഹമ്മദ് നബിയേ, താങ്കള്‍ ശിര്‍ക്ക് ചെയ്യുന്ന പക്ഷം നിശ്ചയം താങ്കളുടെ കര്‍മം നിഷ്ഫലമാകുമെന്നും താങ്കള്‍ നഷ്ടപ്പെട്ടവരില്‍ പെട്ടുപോകുമെന്നും താങ്കള്‍ക്കും താങ്കളുടെ മുമ്പുള്ളവര്‍ക്കും ദിവ്യസന്ദേശം നല്‍കപ്പെട്ടിട്ടുണ്ട്'(39:65). 

അല്ലാഹു പറയുന്നു: 'നിശ്ചയം, തന്നോട് പങ്ക് ചേര്‍ക്കപ്പെടുന്നത് അല്ലാഹു പൊറുക്കുകയില്ല. അതിനേക്കാള്‍ താഴയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കും. അല്ലഹുവിനോട് ആര് പങ്കു ചേര്‍ക്കുന്നുവോ തീര്‍ച്ചയായും അവന്‍ മഹാകുറ്റം ചമച്ചിരിക്കുന്നു' (4:48).

ഇബ്‌നുമസ്ഊദ്(റ) പറയുന്നു: ''ഏറ്റവും വലിയ പാപം ഏതാണെന്ന് നബി(സ)യോടു ഞാന്‍ ചോദിച്ചു. അപ്പോള്‍ തിരുനബി(സ) അരുളി: നിന്നെ സൃഷ്ടിച്ച അല്ലാഹുവില്‍ നീ പങ്ക് ചേര്‍ക്കലാണ്'' (ബുഖാരി, മുസ്‌ലിം). 

ഈ സ്ഥൂലപ്രപഞ്ചത്തിന് രണ്ടു സ്രഷ്ടാക്കളുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു സമൂഹവും ഏതെങ്കിലും കാലത്ത് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ സൃഷ്ടിþ സ്ഥിതി സംഹാരങ്ങള്‍ക്ക് വെവ്വേറെ ആളുകളെ പ്രതിഷ്ഠിക്കുന്ന ത്രിമൂര്‍ത്തി സങ്കല്‍പ്പം സമൂഹത്തിലുണ്ട്. ഒന്നായ ദൈവത്തെ മൂന്നായി സങ്കലല്‍പ്പിക്കുന്ന ത്രിയേകത്വ സിദ്ധാന്തം ചില മതങ്ങള്‍ വെച്ചു പുലര്‍ത്തുന്നുണ്ട്. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ഇതെല്ലാം ബഹുദൈവ വിശ്വാസമാണ്. ഇങ്ങനെ ഓരോന്നിനെയും ആരാധിക്കുന്നത് ബഹുദൈവാരാധനയാണ്. അതാണ് ശിര്‍ക്ക് എന്ന് പറയുന്നത്. അല്ലാഹു പൊറുക്കാത്ത പാപമാണ് ശിര്‍ക്ക് എന്നാണ് ഇസ്‌ലാമിക വിശ്വാസം.

സൃഷ്ടി സ്ഥിതി സംഹാരങ്ങളെല്ലാം പ്രപഞ്ചനാഥന്‍ തന്നെയാണെന്ന് വിശ്വസിക്കുകയും ആരാധനയില്‍ അവന്നുപുറമെ മറ്റു പലരെയും സ്വീകരിച്ചുകൊണ്ട് ശിര്‍ക്ക് ചെയ്യുന്ന സമൂഹങ്ങളുമുണ്ട്. 'സ്രഷ്ടാവിനു മാത്രമേ ആരാധനകള്‍ അര്‍പ്പിക്കാവൂ; അവന്‍ ഏകനായ ദൈവമാണ്' എന്നതാണ് ഇസ്‌ലാമിക ദര്‍ശനം. ഇതായിരുന്നു പ്രവാചകന്മാരുടെ പ്രബോധത്തിലെ അടിസ്ഥാന ആശയം.
 

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446