മൈതാന മധ്യത്തിലെ ഒരു കടലാസുകഷ്ണം കിഴക്കോട്ട് കാറ്റടിച്ചാല്‍ കിഴക്കോട്ട് പറക്കും. കാറ്റ് ദിശമാറിയാലോ? കടലാസു കഷ്ണത്തിന്റെ ദിശയും മാറും. ഇതു പോലെയാണ് മനുഷ്യന്‍.
ഒരാള്‍ ഒരു പ്രവൃത്തി ചെയ്തു എന്നു പറയുന്നത് തികച്ചും ആലങ്കാരികം മാത്രമാണ്. വെള്ളം ഒഴുകി, മരം പുഷ്പിച്ചു, സൂര്യന്‍ ഉദിച്ചു എന്നൊക്കെ പറയുന്നതുപോലെ. അതായത്, മനുഷ്യന്‍ സ്വതന്ത്രനല്ല. അവന്‍ നിര്‍ബന്ധിതനാണ്. ഇതായിരുന്നു ജബ്‌രിയ വിഭാഗത്തിന്റെ വാദം.
മനുഷ്യന് പ്രവര്‍ത്തന സ്വാതന്ത്ര്യമേയില്ല. അവന് സ്വന്തമായി ഒന്നും ചെയ്യാനുമാവില്ല. മനുഷ്യന്റെ കൈയിലൂടെ അല്ലാഹുവാണ് എല്ലാം ചെയ്യുന്നത്. അതുകൊണ്ടുതന്നെ വന്‍പാപങ്ങള്‍ ചെയ്യുന്നവരെ നാം എങ്ങനെ കാഫിറാക്കും? അത് ചെയ്യിക്കുന്നത് അല്ലാഹുവല്ലേ? ജബ്‌രിയ്യാക്കള്‍ ചോദിക്കുന്നു. സമര്‍ഖന്ദ് സ്വദേശിയായ ജഹ്മുബ്‌നു സ്വഫ്‌വാനാണ് ഇത്തരമൊരു വാദം അവതരിപ്പിച്ചത്. അതിനാല്‍ ഇദ്ദേഹത്തിന്റെ പേരിലേക്ക് ചേര്‍ത്തി ജഹ്മിയ്യ എന്നും ഈ വിഭാഗം അറിയപ്പെട്ടു.
വിശ്വാസം
ദൈവത്തിന്റെ അറിവ് അനാദിയല്ല. ആദിയുള്ളതും പുതിയതുമാണ്. അവന്റെ അറിവ് വസ്തുക്കളിലാണ് സംഭവിക്കുന്നത്. അവന്റെ സത്തയിലല്ല. സ്വര്‍ഗവും നരകവും ശാശ്വതമല്ല. സ്വര്‍ഗവാസികള്‍ പ്രവേശിക്കുന്നതോടെ സ്വര്‍ഗവും നരകവാസികളുടെ പ്രവേശത്തോടെ നരകവും ഇല്ലാതാവും. ഇങ്ങനെ പോകുന്നു ഇവരുടെ വിശ്വാസം.
അറിവാണ് വിശ്വാസത്തിന്റെ ആധാരം, ശഹാദത്ത് ചൊല്ലലല്ല. ദൈവത്തെ അറിഞ്ഞ ഒരാള്‍ പിന്നീട് നിഷേധിച്ചാലും അവിശ്വാസിയാവുകയില്ലെന്നും നിഷേധിച്ചതുകൊണ്ട് ജ്ഞാനം ഇല്ലാതാവുന്നില്ലെന്നും മുഅ്തസില വിഭാഗം വാദിക്കുന്നുണ്ട്. ഖുര്‍ആനിന് ശേഷം രണ്ടാം പ്രമാണമായംഗീകരിക്കേണ്ടത് ഇജ്മാഇനെയായിരിക്കണമെന്ന വാദവും ഇവര്‍ മുന്നോട്ടുവെക്കുന്നു.
പരലോകത്തു വെച്ച് ദൈവത്തെ കാണാനാവില്ല, ഖുര്‍ആന്‍ സൃഷ്ടിയാണ്, ജ്ഞാനം ബുദ്ധിയിലൂടെ നേടാനാവും എന്നിങ്ങനെയുള്ള വാദങ്ങളില്‍ മുഅ്തസിലികളുടെ കൂടെയാണ് ജബ്‌രിയ്യ വിഭാഗവും.
എന്നാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ വേരോട്ടം ലഭിക്കുന്നതില്‍ പരാജയപ്പെട്ട ഈ ചിന്താധാരക്ക് അധികകാലം പിടിച്ചുനില്‍ക്കാനായില്ല.