ശരീഅത്ത് എന്ന അറബി പദത്തിന് 'മാര്‍ഗം', 'നിയമം' എന്നൊക്കെയാണ് ഭാഷാര്‍ഥം. ജനങ്ങളുടെ മത-ഭൗതിക ജീവിതം ചിട്ടപ്പെടുത്തുന്നതിനു വേണ്ടി അല്ലാഹു പ്രവാചകന്‍മാര്‍ മുഖേന നല്‍കുന്ന വിധികളും നിയമങ്ങളുമടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കാണ് മതത്തിന്റെ സാങ്കേതിക ഭാഷയില്‍ ശരീഅത്ത് എന്ന് പറയുന്നത്. ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ശരീഅത്താകുന്നു ഏറ്റവും അവസാനത്തെ ശരീഅത്ത്. ഖുര്‍ആനിക ശരീഅത്തിന് ചില സവിശേഷതകള്‍ കാണാന്‍ കഴിയും.
സമഗ്രവും സമ്പൂര്‍ണവും
മനുഷ്യാസ്തിത്വത്തെയും ജീവിതത്തെയും സമഗ്രമായി പ്രതിപാദിക്കുന്നതും ലോക ജനതയ്‌ക്കെല്ലാവര്‍ക്കും സമ്പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ശരീഅത്ത്. ഭൂഖണ്ഡങ്ങളുടെയും രാഷ്ട്രങ്ങളുടെയും അതിരുകള്‍ക്കതീതമാണത് (4: 174).
പൂര്‍വകാല നിയമങ്ങള്‍ അംഗീകരിക്കുന്നു
മുന്‍കാല പ്രവാചകന്‍മാര്‍ പ്രബോധിത സമൂഹത്തിന് ശരീഅത്തായി നിശ്ചയിച്ച കാര്യങ്ങള്‍ തന്നെയാണ് പൊതുവില്‍ ഖുര്‍ആനിന്റെയും ശരീഅത്ത് (42: 13). എന്നാല്‍ കര്‍മരംഗത്ത് മാറ്റങ്ങളുള്ളത് പോലെ ഭൗതിക നിയമാവലികളിലും പരിഷ്‌കരണങ്ങള്‍ കാണും. നമസ്‌കാരം, സകാത്ത് തുടങ്ങിയവ ഇന്നുള്ളതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് മുന്‍കാല പ്രവാചകന്‍മാരുടെ കാലത്തുണ്ടായിരുന്നത്. മോഷണം, വ്യഭിചാരം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകളിലും വിവാഹമോചനം അനന്തരാവകാശം തുടങ്ങിയ കുടുംബ കാര്യങ്ങളിലും മാറ്റങ്ങള്‍ കാണാം. മുന്‍കാല ശരീഅത്തുകളുടെ ഇടവേള ചുരുങ്ങിയ കാലയളവായിരുന്നു. എന്നാല്‍ ഖുര്‍ആനിക ശരീഅത്തിന്റെ കാലയളവ് ദൈര്‍ഘ്യമേറിയതും ലോകാന്ത്യം വരെ നിലനില്‍ക്കുന്നതുമാകുന്നു. അതിനനുസരിച്ച് മനുഷ്യജീവിതത്തിലുണ്ടാകുന്ന പരിവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായി അറിയുന്നവനാണ് അല്ലാഹു. അതുകൊണ്ടാണ് ശരീഅത്തുകള്‍ക്കിടയിലും ആവശ്യമായ മാറ്റങ്ങള്‍ കാണുന്നത്.
സാമൂഹിക ഭദ്രത ഉറപ്പുവരുത്തല്‍
മത-ഭൗതിക മേഖലകളിലുള്ള ഖുര്‍ആന്‍ നിയമങ്ങള്‍ (ശരീഅത്ത്) ദൈവഹിതം മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടിയുള്ളതല്ല. മനുഷ്യതാത്പര്യങ്ങളുടെ സംരക്ഷണമാണ് അതിന്റെ മുഖ്യലക്ഷ്യം. മനുഷ്യസമൂഹത്തിന് സുരക്ഷിതമായി ഭൂമുഖത്ത് ജീവിതം നയിക്കുന്നതിന് എന്തെല്ലാം സംരക്ഷണം നല്‍കേണ്ടതുണ്ടോ അവയെല്ലാം ഉറപ്പു വരുത്തലാണ് ശരീഅത്തിന്റെ ലക്ഷ്യം. അതുകൊണ്ടാണ് ഏതാനും ആചാരാനുഷ്ഠാന നിയമങ്ങള്‍ മാത്രം പറഞ്ഞു മതിയാക്കാതെ ജീവിതത്തെ സമഗ്രമായി സ്പര്‍ശിക്കുന്നത്.
മനുഷ്യന്റെ അഭിമാനം, സമ്പത്ത്, ബുദ്ധി എന്നിവ മൗലികാവകാശങ്ങളുടെ അടിസ്ഥാനമായി ഖുര്‍ആനിക ശരീഅത്ത് കാണുന്നു. ഇവയ്‌ക്കേര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയും സംരക്ഷണവുമാണ് ശരീഅത്തിന്റെ മറ്റൊരു സവിശേഷത. ബോധപൂര്‍വം ഒരാളെ വധിച്ചവന് ശരീഅത്തില്‍ പ്രതിക്രിയ നിര്‍ബന്ധമാക്കി. 'വിശ്വസിച്ചവരേ, കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ പ്രതിക്രിയ നിങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കിയി രിക്കുന്നു' (2:178). സമൂഹത്തിന്റെ നിലനില്പിന് വിവാഹം നിശ്ചയിക്കുകയും വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ മനുഷ്യവംശത്തിന് ഭീഷണിയായത് കൊണ്ട് അതിന് കടുത്ത ശിക്ഷ വിധിക്കുകയും ചെയ്തു (24:2). ഇതെല്ലാം മനുഷ്യാവകാശങ്ങളുടെ അടിത്തറയാണ്. ലഹരി വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത് മനുഷ്യബുദ്ധിയുടെയും അപവാദ പ്രചരണത്തിന് ശിക്ഷ വിധിച്ചത് അഭിമാനത്തിന്റെയും സംരക്ഷണത്തിനാകുന്നു. അധ്വാനത്തിലൂടെ സമ്പത്ത് ആര്‍ജിക്കുവാനും അനുവദനീയമായ ക്രയവിക്രയങ്ങളിലൂടെ അത് പരിപോഷിപ്പിക്കുവാനും കല്പിച്ചത് പോലെത്തന്നെ മോഷണത്തിന് ശിക്ഷ വിധിക്കുകയും (5: 38) പലിശ നിരോധിക്കുകയും (3: 130) ചെയ്തതിലൂടെ സമ്പത്ത് സംരക്ഷിക്കാനും ശരീഅത്തില്‍ കല്പനയുണ്ട്.