Skip to main content

ഖുര്‍ആനിന്റെ ഭാഷയും ശൈലിയും

അറബി ഭാഷയിലാണ് ഖുര്‍ആന്‍ അവതരിച്ചിരിക്കുന്നത്. ''നിങ്ങള്‍ ഗ്രഹിക്കുന്നതിന് വേണ്ടി അത് അറബി ഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി നാം അവതരിപ്പിച്ചിരിക്കുന്നു'' (12:2). അവതരണകാലത്തെ അറബികളില്‍ ഭാഷാ നൈപുണ്യത്തിലും സാഹിത്യ വൈഭവത്തിലും പ്രസിദ്ധിയാര്‍ജിച്ചവരുണ്ടായിരുന്നു. ഭാഷ കൊണ്ട് അമ്മാനമാടുന്ന കവികളും വാഗ്മികളും നിറഞ്ഞ ഒരു സമൂഹമായിരുന്നു അത്. പക്ഷേ അവരെയെല്ലാം വെല്ലുന്നതായിരുന്നു ഖുര്‍ആനിന്റെ ഭാഷയെന്ന് ഖുര്‍ആനിന്റെ ശത്രുവായിരുന്ന ഭാഷാനിപുണന്‍ വലീദ് ബ്‌നു മുഗീറ സാക്ഷ്യപ്പെടുത്തിയത് ചരിത്രത്തില്‍ സുപ്രസിദ്ധമാണ്. പ്രവാചകന്റെ ഖുര്‍ആന്‍ പാരായണം കേട്ട വലീദ് തന്റെ കൂട്ടുകാരോട് വിസ്മയത്തോടു കൂടി പ്രതികരിച്ചിരുന്നതിങ്ങനെ വായിക്കാം: 'അല്ലാഹുവാണ, കവിതയെക്കുറിച്ചും അതിലെ റജ്‌സിനെ കുറിച്ചും അതിലെ ഖ്വസീദയെ കുറിച്ചും ജിന്നുകളുടെ കവിതയെക്കുറിച്ചും എന്നേക്കാള്‍ അറിയുന്നവരായി നിങ്ങളുടെ കൂട്ടത്തില്‍ ആരുമില്ല. എന്നാല്‍ അവന്‍(മുഹമ്മദ്) പറയുന്നത് ഇവയിലൊന്നിനോടും സാദൃശ്യമുള്ളതല്ല. അല്ലാഹുവാണ, അവനീ പറയുന്ന വചനങ്ങള്‍ക്ക് ഒരു മാധുര്യവും ചാരുതയുമുണ്ട്. അതിന്റെ ശാഖകള്‍ ഫലസമൃദ്ധവും അടിവേരുകള്‍ ജലസമൃദ്ധവുമാണ്. നിശ്ചയം അത് തലയുയര്‍ത്തി നില്‍ക്കുക തന്നെ ചെയ്യും. മറ്റൊന്നും അതിന്റെ മീതെ ഉയരുകയില്ല. അതിന്റെ കീഴെയുള്ളതിനെ അത് തകര്‍ക്കുക തന്നെ ചെയ്യും'. ഖുര്‍ആനിന്റെ മാസ്മരികതയ്ക്കു മുന്നില്‍ അത്ഭുതസ്തബ്ധരായ ഒട്ടേറെ സമകാലിക ഭാഷാവിചക്ഷണന്‍മാരെ ചരിത്രത്താളുകളില്‍ നമുക്ക് കാണാന്‍ കഴിയും. 

ഖുര്‍ആനിന്റെ ശൈലി

സവിശേഷവും അന്യാദൃശവുമായ ഒരു ശൈലിയാണ് ഖുര്‍ആനിന്റേത്. അന്നത്തെ അറബികള്‍ക്ക് പരിചിതമായിരുന്ന ഗദ്യ-പദ്യ ശൈലിയല്ല. ഖുര്‍ആന്‍ കവിതയല്ല. സാധാരണ രീതിയിലുള്ള ഗദ്യവുമല്ല. എന്നാല്‍ ഗദ്യത്തിന്റെ ആശയപ്രകാശന ക്ഷമതയും വ്യക്തതയും കവിതയുടെ സൗന്ദര്യവും വശ്യതയും നിറഞ്ഞ ഭാഷയും ശൈലിയുമാണ് അതിന്റേത്. പ്രെഫ. ഫിലിപ്പ് കെ ഹിറ്റി പറയുന്നതിങ്ങനെ: 'ഖുര്‍ആന്‍ ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല രൂപത്തില്‍ തന്നെ കേള്‍ക്കണം. അതിന്റെ ശക്തിയുടെ വലിയൊരളവ് അതിന്റെ പ്രാസനിബദ്ധതയിലും ഭാഷാചമത്കാരത്തിലും സ്വരലയത്തിലും ആവേഗത്തിലുമാണ് അടങ്ങിയിരിക്കുന്നത്. ഇവയൊന്നും തന്നെ നഷ്ടപ്പെടാതെ പരിഭാഷയിലൂടെ പുനഃസൃഷ്ടിക്കാന്‍ സാധ്യമല്ല' (History of Arabs). 

എല്ലാവിഭാഗം മനുഷ്യരുടെയും ബൗദ്ധികനിലവാരമനുസരിച്ച് ആശയവും അര്‍ഥവും ഗ്രഹിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഖുര്‍ആനിന്റെ പ്രതിപാദന ശൈലി. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ വിപുലവും ഗഹനവുമായ അര്‍ഥതലങ്ങള്‍ ഖുര്‍ആന്‍ വചനങ്ങളില്‍ കാണാം. ചിന്തിക്കുന്തോറും ഈ അര്‍ഥതലങ്ങള്‍ കൂടുതല്‍ വികസിച്ചു വരുന്നു. വാക്കുകളുടെയും വാക്യങ്ങളുടെയും ബാഹ്യരൂപത്തിനുള്ളില്‍ വായനക്കാരന്റെയും ശ്രോതാവിന്റെയും ബുദ്ധിയെയും ഭാവനയെയും വികാരങ്ങളെയും ഒരുപോലെ ഉത്തേജിപ്പിക്കുന്ന ചലനാത്മകവും ചൈതന്യം നിറഞ്ഞുനില്ക്കുന്നതുമായ ശൈലിയാണ് ഖുര്‍ആനിന്റേത്. 


 

Feedback