Skip to main content

അറബി ഭാഷയുടെ ആത്മീയ പ്രാധാന്യം

ലോകര്‍ക്ക് വേണ്ടി ഇറക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയായി എന്നതാണ് അറബിക്ക് മതപരവും ആത്മീയവുമായ പ്രാധാന്യം നല്‍കുന്നത്. പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന സമയത്ത് ലോകത്ത് വ്യത്യസ്തമായ നൂറു കണക്കിന് ഭാഷകളുണ്ട്. ഇവയ്ക്കിടയില്‍ നിന്ന് അവസാന വേദഗ്രന്ഥത്തിന്റെയും അവസാന പ്രവാചകന്റെയും ഭാഷയായി അല്ലാഹു അറബിയെ തെരഞ്ഞെടുത്തു എന്നത് തന്നെയാണ് ഇതിന്റെ ആത്മീയ തലത്തെ ഏറെ ബലപ്പെടുത്തുന്നത്. വിശുദ്ധ ഖുര്‍ആനിന്റെ  അവതരണത്തോട് കൂടിയാണ് അറബി ഭാഷയുടെ വ്യാകരണം, ഉച്ചാരണം, സ്വര്‍ഫ്, ഫിഖ്ഹുല്ലുഗ, ബലാഗ എന്നിവ സ്ഫുടം ചെയ്യപ്പെട്ടത്.  
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ നിര്‍ബന്ധവും ഐഛികമായി നിര്‍വഹിക്കേണ്ട ആരാധനാ കര്‍മങ്ങള്‍, ദിക്‌റുകള്‍, പ്രാര്‍ഥനകള്‍, ബാങ്ക്, തക്ബീര്‍, തല്‍ബിയത്ത് തുടങ്ങിയവയെല്ലാം അറബിയിലായതിനാല്‍ ഭാഷയെ അവഗണിക്കാന്‍ കഴിയില്ല.


ഭാഷകളുടെ വൈവിധ്യം ദൈവികദൃഷ്ടാന്തത്തെയാണ് ബോധ്യപ്പെടുത്തുന്നത്. ഭാഷാ വളര്‍ച്ചയുടെ മേഖലയില്‍ മനുഷ്യ സംഭാവനയേക്കാള്‍ പ്രകൃതിപരവും നൈസര്‍ഗ്ഗികവുമായ കഴിവുകള്‍ നല്‍കിയത് അല്ലാഹുവല്ലാതെ മറ്റാരുമില്ല. ആ ദൈവ വചനങ്ങളാണ് അറബി ഭാഷയുടെ ഊര്‍ജവും നിലനില്പുമെന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആത്മീയാനുഭൂതി നല്‍കുന്നവയാണ്.


 

Feedback