മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പാരായണം പുണ്യകരവും പ്രതിഫലാര്‍ഹവുമായ ഏകഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ ആണ്. അത് മനുഷ്യസമൂഹത്തിന് മാര്‍ഗദര്‍ശനമാണ് എന്നതിനു പുറമെ അല്ലാഹുവിന്‍റെ വചനങ്ങള്‍ എന്ന നിലയില്‍ അതിന്‍റെ ഓരോ അക്ഷരങ്ങള്‍ക്കും പാരായണപുണ്യമുണ്ട്. മറ്റെന്തെങ്കിലും 'വായനാസാമഗ്രി' വായിക്കുന്നത് പോലെയല്ല വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടത്. അക്ഷരസ്ഫുടതയോട് കൂടി തെറ്റില്ലാതെ ഒഴുക്കോടെ പാരായണ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ ഓതേണ്ടത്. പ്രവാചകന്‍(സ്വ) ഓതിക്കേള്‍പ്പിച്ചത് കേട്ടുപഠിച്ച സ്വഹാബിമാരില്‍ നിന്ന് പാരായണം സ്വായത്തമാക്കിയ പ്രസിദ്ധരായ ഏഴ് പാരായണ വിദഗ്ധരിലൂടെയാണ് ശരിയായ ഖുര്‍ആന്‍ പാരായണ രീതി സമൂഹത്തിലേക്കെത്തിയത്.
ഏതുകാലത്തും പ്രസിദ്ധരായ പാരായണ വിദഗ്ധരുണ്ടായിരുന്നു. ഇന്ന് ജീവിച്ചിരിപ്പുള്ള നിരവധി പ്രസിദ്ധരായ ഖാരിഉ(പാരായണ വിദഗ്ധര്‍)കളുടെ ആപാതമധുരവും ആലോചനാമൃതവുമായ വിശുദ്ധ ഖുര്‍ആന്‍ പാരായണം ആധുനിക മാധ്യമങ്ങളിലൂടെ നമ്മുടെ മുന്നിലെത്തി നില്ക്കുന്നു. ഹറമിലെ ഇമാമുകള്‍ ഇവരില്‍ മുന്‍പന്തിയിലുള്ളവരാണ്.