Skip to main content

തഫ്‌സീര്‍ ഇശ്‌റാഖ് അല്‍ മആനി

ഇന്ത്യയിലെ ഇസ്‌ലാമിക പണ്ഡിതനായ സയ്യിദ് ഇഖ്ബാല്‍ സഹീര്‍ രചിച്ച ഇംഗ്ലീഷ് തഫ്‌സീറാണ് 'തഫ്‌സീര്‍ ഇശ്‌റാഖ് അല്‍ മആനി'. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഇസ്‌ലാമിക വാരികയായ 'യങ് മുസ്‌ലിം ഡൈജസ്റ്റി'ന്റെ എഡിറ്റര്‍ കൂടിയായിരുന്നു അദ്ദേഹം. പതിനാല് വാള്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വ്യാഖ്യാന ഗ്രന്ഥം പുരാതനവും ആധുനികവുമായ തഫ്‌സീറുകളുടെ മുഴുവന്‍ അന്ത:സത്തയും ഉള്‍ക്കൊള്ളുന്നു എന്ന നിലയില്‍ തന്നെ പ്രസിദ്ധമാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള 'ഇഖ്‌റഅ്' പബ്ലിക്കേഷനാണ് ഈ തഫ്‌സീറിന്റെ പ്രസാധനവും വിതരണവും നിര്‍വഹിക്കുന്നത്.

ഖുര്‍ആന്‍ കൂടുതലായി വായിക്കപ്പെടുന്ന ഇക്കാലത്ത്, കാലാനുസൃതമായുള്ള ഒരു രചനാരൂപമാണ് 'തഫ്‌സീര്‍ ഇശ്‌റാഖുല്‍ മആനി'യിലുള്ളത്. ആയത്തുകളുടെ വിശദീകരണത്തില്‍ ആദ്യം പരാമര്‍ശിക്കുന്നത് ഖുര്‍ആന്‍ ആദ്യം ലഭിച്ച പ്രവാചകന്‍ അത് എങ്ങനെ മനസ്സിലാക്കി എന്നതും ശേഷം അദ്ദേഹത്തില്‍ നിന്ന് നേരിട്ടു കേട്ട അനുയായികള്‍ എങ്ങനെ മനസ്സിലാക്കി എന്നതുമാണ്. അതിന് ശേഷം അടുത്ത തലമുറ ശേഷം അതിനടുത്തത് എന്ന രീതിയില്‍ ഒരു കാലഗണനാ ക്രമത്തിലാണ് ഈ തഫ്‌സീറിന്റെ വിശദീകരണ രീതി. അക്കാരണത്താല്‍ ഓരോ കാലഘട്ടത്തിലും ഖുര്‍ആന്‍ വായനയില്‍ വരുന്ന വൈവിധ്യങ്ങളും പുതിയ പഠനങ്ങളും ഈ തഫ്‌സീറിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു.


തഫ്‌സീറുകളുടെ സാധാരണ പൊതുബോധത്തില്‍ നിന്ന് വിഭിന്നമായി വിഷയാടിസ്ഥാനത്തിലുള്ള പ്രത്യേക കുറിപ്പുകളും ആയത്തിന്റെ കൂടെ ചേര്‍ക്കുന്നു. വിവിധ ആയത്തുകളില്‍ നിന്ന് ലഭിക്കുന്ന നിയമങ്ങളും നിര്‍ദേശങ്ങളും ആയത്തിന്റെ കൂടെ തന്നെ ചേര്‍ത്ത് പറയുന്ന ഈ തഫ്‌സീറില്‍ ആധുനികവും പൗരാണികവുമായ മുന്‍കാല തഫ്‌സീറുകളില്‍ വന്നിട്ടുള്ള വ്യത്യസ്ത അഭിപ്രായങ്ങളും ചരിത്ര സംഭവങ്ങളും കഥകളുമെല്ലാം സൂചിപ്പിക്കപ്പെടുന്നുണ്ട് .


തഫ്‌സീറുകളുള്‍പ്പടെ വിഷയ വൈവിധ്യമാര്‍ന്ന മുപ്പത്തിയാറ് ഗ്രന്ഥങ്ങളാണ്. 'തഫ്‌സീര്‍ ഇശ്‌റാഖുല്‍ മആനി' രചിക്കാന്‍ സയ്യിദ് ഇഖ്ബാല്‍ സഹീര്‍ അവലംബിച്ചിട്ടുള്ളത്. മുസ്‌നദു ഇമാം അഹ്മദ്, റൂഹ് - അല്‍ ആലൂസി, ദ മെസേജ് ഓഫ് ഖുര്‍ആന്‍ - മുഹമ്മദ് അസദ്, ലൈഫ് ഓഫ് ദ പ്രൊഫറ്റ് - മുഹമ്മദ് ബിന്‍ ഇസ്ഹാഖ്, തഫ്‌സീറു ത്വബ്‌രി, തഫ്‌സീറു ഇബ്‌നുല്‍ ഖയ്യിം, അല്‍ മുഫ്‌റദാത് - റാഗിബ്, അല്‍ കശ്ശാഫ് - സമഖ്ശരി എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്.

Feedback
  • Friday Apr 4, 2025
  • Shawwal 5 1446