Skip to main content

മതോത്പത്തി സിദ്ധാന്തങ്ങള്‍

മതത്തിന്‍റെ അടിത്തറയായ ദൈവവിശ്വാസത്തിന്‍റെ ഉത്പത്തിയെയും പരിണാമത്തെയും സംബന്ധിച്ച് നിരവധി പഠന ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. അവയ്ക്കൊടുവില്‍ ഉരുത്തുരിഞ്ഞ് വന്ന അഭിപ്രായങ്ങളെയും നിഗമനങ്ങളെയും ഭൗതികവാദത്തിന്‍റെ അളവുകോലുകളുപയോഗിച്ച് ദൈവവിശ്വാസത്തിന്‍റെ ചരിത്രം വിശദീകരിക്കാനുള്ള ശ്രമങ്ങളായിട്ടേ കാണാന്‍ കഴിയുകയുള്ളൂ. ഏറ്റവും ഉന്നതമായ ദൈവസങ്കല്‍പ്പം ഏകദൈവവിശ്വാസമാണെന്നും താഴ്ന്നത് ബഹുദൈവവാദമാണെന്നും ഈ ഭൗതികവാദികളടക്കം അംഗീകരിക്കുന്നു. 

എല്ലാ വസ്തുക്കളുടെയും പരിണാമ പ്രക്രിയ താഴ്ന്നതില്‍ നിന്ന് ആരംഭിച്ച് മുകളിലേക്ക് പുരോഗമിക്കുന്നത് പോലെ ദൈവവിശ്വാസവും ബഹുദൈവാരാധനയില്‍ നിന്ന് പടിപടിയായി പുരോഗമിച്ച് ഏകദൈവത്വത്തിലെത്തുകയാണെന്ന് ചിലര്‍ വാദിച്ചു. ഇതിനെ വ്യാഖ്യാനിച്ച് വിവിധ ഭൗതികവാദികള്‍ വ്യത്യസ്ത സിദ്ധാന്തങ്ങള്‍ ഉണ്ടാക്കി.

മധ്യേഷ്യയിലെ ആര്യഗോത്രങ്ങളുടെ (INDO GERMANS) ചരിത്രം വെളിച്ചം കാണുന്നത് 18-ാം നൂറ്റാണ്ടിന്‍റെ അവസാനത്തിലാണ്. ആ ഗോത്രക്കാര്‍ നടത്തിയ സംവാദങ്ങള്‍ 'മതവിശ്വാസത്തിന്‍റെ ഉത്പത്തിയെയും പരിണാമത്തെയും കുറിച്ച പഠനം' എന്ന സ്വതന്ത്ര ശാസ്ത്ര ശാഖയുടെ പിറവിക്ക് കാരണമായി.

ദൈവവിശ്വാസത്തിന്‍റെ ആദിമരൂപമെന്ന് വാദിക്കപ്പെട്ടിട്ടുള്ള ഭൂതാരാധനാ സമ്പ്രദായത്തിന്‍റെ ആവിര്‍ഭാവം ആഫ്രിക്കയിലെയും അമേരിക്കയിലെയും ആദിവാസികളുടെ വിശ്വാസങ്ങളെക്കുറിച്ച് ഡി ബ്രോഇജെസ് നടത്തിയ പഠനത്തില്‍ നിന്നാണ്. 1851ല്‍ എക്യാമട്ട് ആവിഷ്കരിച്ച ഫെറ്റിഷിസം (FETISHISM) എന്നറിയപ്പെട്ട സിദ്ധാന്തം ഭൂതാരാധനാ സമ്പ്രദായത്തില്‍ നിന്നാണ് ദൈവവിശ്വാസത്തിന്‍റെ ഉത്പത്തിയെന്ന് സ്ഥാപിക്കുന്നു. ദുര്‍ഭൂതങ്ങളുടെ ഭൗതികമൂര്‍ത്തിയെ പൂജിക്കുന്നതിലൂടെ അവയുടെ സേവനം സ്വായത്തമാക്കാമെന്ന വിശ്വാസം പരിണമിച്ചാണ് ദൈവവിശ്വാസമുണ്ടായതെന്ന് ഫെറ്റിഷിസത്തിന്‍റെ വക്താക്കള്‍ സിദ്ധാന്തിക്കുന്നു. പരേതരായ മുന്‍ ഗാമികളോടുള്ള ബഹുമാനവും പൂര്‍വ പിതാക്കളോടുള്ള ഭക്ത്യാദരവും അവരുടെ കാല്പാടുകളെ അനുഗമിക്കുന്നതിലേക്കും അവരെ പൂജിക്കുന്നതിലേക്കും മനുഷ്യരെ എത്തിക്കുകയും അതില്‍ നിന്ന് ദൈവവിശ്വാസമുണ്ടാവുകയും ചെയ്തുവെന്ന് വാദിക്കുന്ന സിദ്ധാന്തമായിരുന്നു മാനിസം (MANISM). മാനിസത്തെ അടിസ്ഥാനമാക്കി 1870ല്‍ ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍ അവതരിപ്പിച്ച മറ്റൊരു സിദ്ധാന്തമാണ് പ്രേതാരാധനാ സിദ്ധാന്തം (GHOST THEORY). പിതാക്കളുടെ പ്രേതങ്ങളെ പ്രീതിപ്പെടുത്തുന്നതിലൂടെ പലതും നേടിയെടുക്കാമെന്ന വിശ്വാസത്തില്‍ നിന്നാണ് ദൈവവിശ്വാസത്തിന്‍റെ ഉത്പ്പത്തിയെന്ന് സ്പെന്‍സര്‍ വാദിച്ചു. 

മനുഷ്യന്‍റെ ശാരീരിക ജീവിതത്തിന് പുറമെ മറ്റൊരു ആത്മീയ ജീവിതം കൂടിയുണ്ടെന്ന ധാരണയിലാണ് ദൈവവിശ്വാസത്തിന്‍റെ അടിവേരുകള്‍ സ്ഥിതിചെയ്യുന്നത് എന്ന വാദവുമായി മുന്നോട്ടു വന്നത് ഇ ബി ടൈലര്‍ ആയിരുന്നു. 1872ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രാകൃത സംസ്കാരം (PRIMITIVE CULTURE) എന്ന പുസ്തകത്തിലൂടെ ഇദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ഏറെ ജനശ്രദ്ധ നേടുകയുണ്ടായി. 

നൈല്‍, യൂഫ്രട്ടീസ്, ടൈഗ്രീസ് തുടങ്ങി നദീതീരങ്ങളിലെ ജനവാസത്തെക്കുറിച്ചും അവിടങ്ങളിലെ പുരാതന നാഗരികതയെക്കുറിച്ചുമുള്ള പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് പ്രകൃതിപ്രതിഭാസങ്ങളെയും വിഭവങ്ങളെയും അവര്‍ ആരാധനാ മനോഭാവത്തില്‍ മനസ്സില്‍ പ്രതിഷ്ഠിച്ച് അവയെ പൂജിക്കുന്നു എന്നതാണ്  'ജ്യോതിര്‍ഗോള പ്രകൃതി പുരാണം (ASTRAL AND NATURAL MYTHOLOGY) എന്ന തത്ത്വത്തിന് സ്വീകാര്യത ലഭിക്കാന്‍ ഇത് കാരണമായി. ഉപരിമണ്ഡലത്തിലെ ജ്യോതിര്‍ഗോളങ്ങളോടുള്ള ഭക്ത്യാദരങ്ങളും പ്രകൃതി പ്രതിഭാസങ്ങളെപ്പറ്റിയുള്ള ഭയവുമാണ് മനുഷ്യനെ ദൈവ വിശ്വാസത്തിലെത്തിച്ചത് എന്നായിരുന്നു ഈ സിദ്ധാന്ത പ്രകാരം വാദിക്കപ്പെട്ടത്. 

റോബര്‍ട്ട് സണ്‍സ്മിത്ത് ആയിരുന്നു ഗണചിഹ്ന സിദ്ധാന്ത (TOTEMISM) ത്തിന്‍റെ പിതാവ്. മനുഷ്യ ചരിത്രത്തിന്‍റെ പ്രാരംഭദശയില്‍ തന്നെ ആദിമ മനുഷ്യന്‍റെ ജീവിതത്തില്‍ വിവിധ വസ്തുക്കളെയും ജീവികളെയും ആരാധനാ മനോഭാവത്തില്‍ കണ്ട് അവയെ വന്ദിക്കാനും പൂജിക്കുവാനും തുടങ്ങിയതിലൂടെ മനുഷ്യനില്‍ ക്രമേണ ദൈവവിശ്വാസം ഉടലെടുത്തുവെന്ന വാദത്തെയാണ് ഗണചിഹ്ന സിദ്ധാന്തത്തിലൂടെ റോബര്‍ട്ട് സണ്‍സ്മിത്ത് സമര്‍ഥിച്ചത്. ഈ കാലഘട്ടത്തില്‍ തന്നെ കാറല്‍ മാര്‍ക്സ് വൈരുധ്യാത്മക ഭൗതിക വാദവുമായി രംഗത്ത് വരികയുണ്ടായി. മതവിശ്വാസത്തിന്‍റെ ഉത്പ്പത്തിയെയും പരിണാമത്തെയും വിശദീകരിക്കാന്‍ മാര്‍ക്സ് തുനിഞ്ഞപ്പോള്‍ പ്രധാനമായും അതിന് അവലംബിച്ചത് മാനിസത്തെയും ആസ്ട്രല്‍ ആന്‍റ് നാചുറല്‍ മിത്തോളജിയെയുമാണ്. ബഹുദൈവാരാധന പരിണമിച്ചാണ് ഏകദൈവ വിശ്വാസമുണ്ടായതെന്ന വാദമാണ് ഉപരിസൂചിത സിദ്ധാന്തങ്ങളെല്ലാം സമര്‍ഥിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ നടന്ന ഉദ്ഖനന ഗവേഷണങ്ങള്‍ നല്‍കുന്ന ഫലങ്ങള്‍ ആദിമ മനുഷ്യരുടെ ആചാരങ്ങളിലും വിശ്വാസങ്ങളിലും ഏകദൈവ സങ്കല്‍പമാണുണ്ടായിരുന്നത് എന്ന വസ്തുതയെ ശരിവെക്കുന്നു. പ്രകൃതിപ്രതിഭാസങ്ങളുടെ ആരാധനക്കും പിതുരാരാധനയില്‍ സായൂജ്യമടയുന്നവരുമായ ജനസമൂഹം രംഗത്ത് വരുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പുരാതന നാഗരികതകളിലെ പരാശക്തി ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ദൈവവും അവയുള്‍ക്കൊണ്ടിരുന്ന മതം ശുദ്ധമായ ഏകദൈവത്വത്തിലധിഷ്ഠിതമായ മതവുമായിരുന്നു എന്ന് വിയന്നാ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഡബ്ളിയു ഷ്മിറ്റ് എഴുതിയിട്ടുണ്ട്.[1] 

മനുഷ്യന്‍റെ ശുദ്ധമായ പ്രകൃതിയാണ് ഏകദൈവവിശ്വാസം. ആദിമ മനുഷ്യന്‍റെ മതം ശുദ്ധമായ ഏകദൈവ വിശ്വാസമായിരുന്നു. നേര്‍മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുവാന്‍ ഉള്ള മനുഷ്യന്‍റെ സ്വാഭാവികമായ ത്വരയാണ് അവനെ ഏകദൈവാരാധനയില്‍ നിന്ന് ബഹുദൈവ വിശ്വാസത്തിലേക്ക് വഴിമാറാന്‍ പ്രേരിപ്പിച്ചത്. ക്രമേണ മനുഷ്യന്‍ പ്രകൃതിശക്തികളെ ഭയപ്പാടോടെ കാണുകയും പുണ്യ പുരുഷന്മാരോടുള്ള ആദരവും പക്ഷിമൃഗാദികളുമായുള്ള സഹവാസവും അവയെ പൂജിക്കുന്നതിലും ആരാധിക്കുന്നതിലും എത്തിപ്പെടാന്‍ കാരണമാകുകയും ചെയ്തു. ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ശുദ്ധപ്രകൃതിയാണ് മനുഷ്യനുള്ളതെന്ന് വ്യക്തമാക്കുന്ന ഇസ്‌ലാമികാധ്യാപനങ്ങള്‍ ദൈവവിശ്വാസത്തിന്‍റെ കാര്യത്തില്‍ പരിണാമം നടന്നിരുന്നത് ഏക ദൈവവിശ്വാസത്തില്‍ നിന്ന് ബഹുദൈവാരാധനയിലേക്കാണെന്ന വസ്തുതയെ അടിവരയിടുന്നു. ഈ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന പുതിയ പഠനങ്ങളും ഇസ്‌ലാമികാധ്യാപനത്തിന്‍റെ സത്യതയിലേക്ക് തന്നെയാണ് സൂചന നല്‍കുന്നത്. 

References

[1] (W. Schmidt: The origin and growth of religion, Facts and theories (London 1931) Page 8-Quoted by Maulana Abul kalam Azad: The Tarjuman Al-Quran Vol:1 Page 102).

 

  

Feedback