ദൈവികസന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനായി അല്ലാഹു തെരഞ്ഞെടുത്തയച്ച ദൂതന്മാരായ പ്രവാചകന്മാരിലുള്ള വിശ്വാസം ഇസ്‌ലാമിലെ മൗലിക വിശ്വാസങ്ങളില്‍ ഒന്നാണ്. അല്ലാഹു പറയുന്നു. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം, തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു (4:136). ഈമാന്‍ കാര്യങ്ങള്‍ എന്ന പേരില്‍ അിറയപ്പെടുന്ന ഇസ്‌ലാമിന്റെ ആറു അടിസ്ഥാന വിശ്വാസങ്ങളില്‍ നാലാമതായി ഇത് എണ്ണപ്പെടുന്നു. പ്രവാചകന്മാരിലുള്ള വിശ്വാസം അഞ്ച് കാര്യങ്ങള്‍ ഉള്‍കൊള്ളുന്നുണ്ട്.
(ഒന്ന്) പ്രവാചകന്മാരിലുള്ള രിസാലത്ത് (ദൗത്യസന്ദേശം) അല്ലാഹുവില്‍ നിന്ന് തന്നെയാണെന്നുള്ള സത്യം വിശ്വസിക്കുക. ദൂതന്മാരെയും ഗ്രന്ഥങ്ങളെയും വിശ്വസിച്ച് അംഗീകരിക്കാത്തവര്‍ അല്ലാഹുവെ വേണ്ടവിധം കണക്കാക്കാത്തവരാണെന്ന് ഖുര്‍ആന്‍ പറയുന്നു.
''ഒരു മനുഷ്യന് അല്ലാഹു യാതൊന്നും അവതരിപ്പിച്ചു കൊടുത്തിട്ടില്ല എന്ന് പറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവെ വിലയിരുത്തേണ്ടത് പ്രകാരം വിലയിരുത്താതിരിക്കുകയാണ് അവര്‍ ചെയ്തത് (6:91).
(രണ്ട്) എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കുക. ചില പ്രവാചകന്മാരില്‍ വിശ്വസിക്കുകയും മറ്റുചിലരെ നിഷേധിക്കുകയും ചെയ്യുന്നത് സമ്പൂര്‍ണ്ണ നിഷേധമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അവിശ്വസിക്കുകയും അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ മറ്റു വിവേചനം കല്പിക്കാന്‍ ആഗ്രഹിക്കുകയും ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്ന് പറയുകയും അങ്ങനെ അതിന്നിടയില്‍ (വിശ്വാസത്തിനും വിശ്വാസനിഷേധത്തിനുമിടയില്‍) മറ്റൊരു മാര്‍ഗം സ്വീകരിക്കാനുദ്ദേശിക്കുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാകുന്നു യഥാര്‍ത്ഥ സത്യനിഷേധികള്‍ (4:150, 151).
(മൂന്ന്) പ്രവാചകന്മാരില്‍ നിന്ന് സ്വീകാര്യമായ വിധം റിപ്പോര്‍ട്ട് വന്നിട്ടുള്ള കാര്യങ്ങള്‍ നാം സത്യപ്പെടുത്തുക.
നബിയേ പറയുക, അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും (ഖൂര്‍ആനിലും) ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യ്അഖൂബ് സന്തതികള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും (ദിവ്യസന്ദേശം) ഈസാക്കും മൂസാക്കും(അ) മറ്റു പ്രവാചകന്മാര്‍ക്കും ഞങ്ങളുടെ രക്ഷിതാവിങ്കല്‍നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്പിക്കുന്നില്ല. ഞങ്ങള്‍ അവന് കീഴ്‌പ്പെട്ടവരാണ്.
(നാല്) പ്രവാചകന്മാരിലെ അവസാനത്തെ കണ്ണിയായ, സര്‍വ്വ മനുഷ്യരിലേക്കും നിയോഗിതനായിട്ടുള്ള മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്ന വിശ്വാസം അംഗീകരിക്കണമെന്നും ശരീഅത്തിന്റെ കാര്യത്തില്‍ തിരുദൂതരെ വിധികര്‍ത്താവായി സ്വീകരിക്കണമെന്നും അല്ലാഹു കല്പിക്കുന്നു.
''ഇല്ല നിന്റെ രക്ഷിതാവിനെ തന്നെയാണെ സത്യം. അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധി കര്‍ത്താവാക്കുകയും നീ വിധി കല്പിച്ചതിനെപ്പറ്റി പിന്നിടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നത്‌വരെ അവര്‍ വിശ്വാസികളാവുകയില്ല (4:65)
(അഞ്ച്) അല്ലാഹുവിന്റെ സന്ദേശങ്ങള്‍ വീഴ്ചവരുത്താതെ പ്രവാചകന്മാര്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുത്തു എന്ന വിശ്വാസം. പുതുനിര്‍മിതങ്ങളായ (ബിദ്അത്) വിശ്വാസങ്ങളോ പ്രവര്‍ത്തനങ്ങളോ ശരിവെക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവര്‍ ഈ വിശ്വാസത്തെ നിരാകരിക്കുന്നു; ഒരു പക്ഷേ അറിയാതെയാണെങ്കിലും. അന്ത്യപ്രവ0ചകനെ അംഗീകരിക്കുന്നതുപോലെ പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനം കല്‍പിക്കാതെ മറ്റെല്ലാ പ്രവാചകന്മാരെയും അംഗീകരിക്കല്‍ അനിവാര്യമാണ്. അന്ത്യപ്രവാചകന്റെ സുന്നത്തിനെ സംബന്ധിച്ച് അല്ലാഹു ഇപ്രകാരം എടുത്തു പറയുന്നു:
തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്മാരില്‍ ആര്‍ക്കുമിടയിലും ഒരു വിവേചനവും ഞങ്ങള്‍ കല്പിക്കുന്നില്ല (എന്നതാണ് അവരുടെ നിലപാട്) (2:285).
എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കണമെന്നതുപോലെ എല്ലാ പ്രവാചകാധ്യാപനത്തിന്റേയും സാരാംശം അംഗീകരിക്കാനും മനുഷ്യര്‍ ബാധ്യസ്ഥരാണ്. ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരേയും ആദരവോടെ കാണേണ്ടതുണ്ട്. ചിലര്‍ക്ക് ചിലരേക്കാള്‍ സ്ഥാനമാനങ്ങളുണ്ടെങ്കിലും അവരെല്ലാം സ്മരണീയരും ആദരണീയരുമാണ് (4:163, 165).
അതാതു കാലഘട്ടങ്ങളിലെ ജനത അവരോടൊപ്പമുള്ള പ്രവാചകരെ പിന്തുടരണമെന്നത് ദൈവിക നിയമമാണ്. അതല്ലെങ്കില്‍ അവര്‍ വിട്ടേച്ചുപോയ മാതൃക മറ്റൊരു നടപടിക്രമം വരുന്നതുവരെ അവര്‍ പിന്തുടരണം. പിന്നീട് അന്ത്യപ്രവാചകന്റെ ആഗമനം വിളിച്ചറിയിച്ചുകൊണ്ട് മനുഷ്യനോട് അല്ലാഹു ഇപ്രകാരമരുളി.
''ജനങ്ങളേ നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യത്തോടു കൂടി ഒരു ദൂതന്‍ സമാഗതനായിരിക്കുന്നു. അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുക, അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ നിഷേധിക്കുകയാണെങ്കിലോ ആകാശ ഭൂമികളിലുള്ളതെല്ലാം തന്നെ അല്ലാഹുവിന്നുള്ളതാകുന്നു. അല്ലാഹു അഗാധജ്ഞാനിയാണ്, വിവേകശാലിയാണ് (4:170).