നമസ്‌കാരത്തിന്റെ സ്വീകാര്യതയ്ക്ക് അനുപേക്ഷണീയമായ കാര്യങ്ങളിലൊന്നാണ് ഖിബ്‌ലക്ക് നേരെ തിരിഞ്ഞുനില്‍ക്കല്‍. എന്നാല്‍ ഭയംമൂലം ഖിബ്‌ല ശ്രദ്ധിക്കാന്‍ സാധിക്കാതിരിക്കുകയോ ഖിബ്‌ല മനസ്സിലാകാതിരിക്കുകയോ ചെയ്താല്‍ ഖിബ്‌ലയ്ക്ക് നേരെ തിരിഞ്ഞുനിന്നില്ലെങ്കിലും നമസ്‌കാരത്തിന് ദോഷംവരില്ല. അതുപോലെത്തന്നെ വാഹനത്തിലായിരിക്കെ അസൗകര്യം നേരിട്ടാലും ഖിബ്‌ല നോക്കാതെ നമസ്‌കരിക്കാം.
ഇബ്‌നു ഉമര്‍(റ) പറയുന്നു: ''ഭയത്തിന്റെ സമയത്തുള്ള നമസ്‌കാരത്തെപ്പറ്റി അദ്ദേഹത്തോടു (ഇബ്‌നു ഉമര്‍) ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം അതിന്റെ സ്വഭാവം വിവരിച്ചതിനുശേഷം ഇങ്ങനെ പറയാറുണ്ട്: അതിനെക്കാള്‍ ശക്തിയായ ഭയമുണ്ടായാല്‍ കാല്‍നടയായി പാദങ്ങളിന്‍മേല്‍ നിന്നുകൊണ്ടോ വാഹനത്തിന്‍മേലായോ ഖിബ്‌ലയുടെ നേരെ തിരിഞ്ഞിട്ടോ അതിന്നു നേരെ തിരിയാതെയോ അവര്‍ക്ക് നമസ്‌കരിക്കാം (ബുഖാരി).
എതെങ്കിലും സാഹചര്യത്തില്‍ ഖിബ്‌ലയുടെ ദിക്ക് മനസ്സിലാകാത്ത സന്ദര്‍ഭത്തില്‍ സാധ്യമായ രീതിയില്‍ നമസ്‌കരിക്കാം. ആമിറുബ്‌നു റബീഅ(റ) പറയുന്നു: അന്ധകാര നിബിഡമായ ഒരു രാത്രിയില്‍ ഞങ്ങള്‍ നബി(സ്വ)യോടൊത്ത് ഉണ്ടായിരിക്കെ ഞങ്ങള്‍ക്ക് ഖിബ്‌ല എവിടെയാണെന്നറിയാതായി. ഞങ്ങള്‍ഓരോരുത്തരും അവനവന്റെ യുക്തിയനുസരിച്ച് നമസ്‌കരിച്ചു. പ്രഭാതമായപ്പോള്‍ ഞങ്ങള്‍ അതേപ്പറ്റി നബിയോട് പറഞ്ഞു: അപ്പോള്‍ 'നിങ്ങള്‍ എങ്ങോട്ട് തിരിഞ്ഞാലും അല്ലാഹുവിന്റെ മുഖം അവിടെയുണ്ടാകും' എന്നര്‍ഥമുള്ള ആയത്ത് അവതരിച്ചു (അഹ്മദ്, തിര്‍മിദി).
ഖിബ്‌ലയുടെ ദിശ തെറ്റി നമസ്‌കാരം നിര്‍വഹിക്കുകയും ഉടനെത്തന്നെ ബോധ്യപ്പെടുകയും ചെയ്താലും മടക്കി നമസ്‌കരിക്കേണ്ടതില്ല. മുആദ്(റ) പറയുന്നു: ''ഞങ്ങള്‍ മേഘാവൃതമായ ഒരു ദിവസം യാത്രാവേളയില്‍ പ്രവാചകന്റെ കൂടെ ഖിബ്‌ലയുടെ ഭാഗത്തേക്കല്ലാതെ തിരിഞ്ഞു നിന്നു നമസ്‌കരിക്കാനിടയായി. നമസ്‌കാരം കഴിഞ്ഞപ്പോള്‍ സൂര്യന്‍ പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: റസൂലേ നാം നമസ്‌കരിച്ചത് ഖിബ്‌ലയുടെ നേരെയല്ലല്ലോ? അദ്ദേഹം പ്രതിവചിച്ചു (സാരമില്ല). നിങ്ങളുടെ നമസ്‌കാരം അതിന്റെ മുറപ്രകാരംതന്നെ അല്ലാഹുവിങ്കലെത്തിയിരിക്കുന്നു'' (ത്വബ്‌റാനി, ഉദ്ധരണം: നൈലുല്‍ ഔത്വാര്‍).
നമസ്‌കാരം ഖിബ്‌ലക്ക് അഭിമുഖമായിരിക്കാന്‍ കഴിയുന്നിടത്തോളം ശ്രദ്ധിക്കണം. ആധുനിക കാലഘട്ടത്തില്‍ ഖിബ്‌ലകണ്ടുപിടിക്കാന്‍ ഉപകരണങ്ങളും മറ്റും ലഭ്യമാണ്. ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഖിബ്‌ല എവിടെയാണെന്ന് മനസ്സിലാക്കാം.