നിലയ്ക്കാതെയോ ഒന്നോ രണ്ടോ ദിവസം മാത്രം നില്ക്കുന്ന രൂപത്തിലോ സ്ത്രീകള്‍ക്ക് രക്തസ്രാവം ഉണ്ടായെന്നുവരാം. അത് ആര്‍ത്തവമല്ല. അതിന് ഇസ്തിഹാദ്വ എന്ന് സാങ്കേതികമായി പറയുന്നു. അത്‌രോഗമാണ്. ഇസ്തിഹാദ്വ വലിയ അശുദ്ധിയില്‍ പെടില്ല.
ഇങ്ങനെ രക്തസ്രാവം അനുഭവപ്പെടുന്നവര്‍ സാധാരണ ആര്‍ത്തവകാലം അശുദ്ധിയുടെ ഘട്ടമായി കണക്കാക്കുകയും ശേഷം രക്തസ്രാവം നിലച്ചിട്ടില്ലെങ്കിലും കുളിച്ച് നമസ്‌കാരം പോലുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുകയും വേണം.
ആഇശ(റ) പറയുന്നു: ''അബൂഹുബൈശിന്റെ മകള്‍ ഫാത്വിമ നബി(സ്വ)യോട് ചോദിച്ചു: എനിക്ക് രക്ത സ്രാവമുണ്ടാകുന്നു. എന്നിട്ട് ശുദ്ധിയാകുന്നില്ല. അതിനാല്‍ എനിക്ക് നമസ്‌കാരം ഉപേക്ഷിക്കാമോ? നബി പ്രതിവചിച്ചു: പാടില്ല. അത് ഒരു ധമനിയുടെ ദോഷമാണ്. എന്നാല്‍ നിനക്ക് ആര്‍ത്തവമുണ്ടാകാറുള്ള ദിവസങ്ങളുടെ കണക്കില്‍ നീ നമസ്‌കാരം ഉപേക്ഷിച്ചു കൊള്ളുക. പിന്നെ നീ കുളിച്ചു നമസ്‌കരിക്കണം.'' ഈ ഹദീസില്‍ പറഞ്ഞത് ഇസ്തിഹാദ്വത്തിനെപ്പറ്റിയാണ്. രക്തം നിലയ്ക്കാത്ത അവസ്ഥയാണെങ്കില്‍ രക്തം വാര്‍ന്നുകൊണ്ടിരിക്കെത്തന്നെ നമസ്‌കരിക്കാന്‍ നബി(സ്വ) അനുവാദം നല്‍കിയിട്ടുണ്ട്. പരമാവധി സൂക്ഷിക്കണമെന്നു മാത്രം.