Skip to main content

തയമ്മുമിന്റെ രൂപം

ഭൂമുഖത്ത് മണ്ണിലോ മറ്റോ രണ്ടു കൈകൊണ്ട് ഒരടി അടിച്ച് മുഖവും കൈപ്പടങ്ങളും തടവുക എന്നതാണ് തയമ്മുമിന്റെ രൂപം. അമ്മാര്‍(റ) പറയുന്നു: ''റസൂല്‍(സ്വ) ഒരാവശ്യത്തിന് എന്നെ പറഞ്ഞയച്ചു. ആ സന്ദര്‍ഭത്തില്‍ എനിക്ക് ജനാബത്തുണ്ടായി. വെള്ളം കിട്ടിയതുമില്ല. അപ്പോള്‍ മൃഗങ്ങള്‍ചെയ്യുന്നതുപോലെ ഞാന്‍ തറയില്‍ കിടന്നുരുണ്ടു. അനന്തരം ഞാനതു നബി(സ്വ)യോടു പറഞ്ഞു. നബി(സ്വ)യുടെ മറുപടി. 'നിനക്ക് ഇങ്ങനെ ചെയ്താല്‍ മതിയായിരുന്നു' എന്നായിരുന്നു. എന്നിട്ട് തന്റെ മുന്‍കൈ കൊണ്ട് നബി(സ്വ) തറയിലടിച്ചു. അവ കുടഞ്ഞതിനുശേഷം അവ രണ്ടും കൊണ്ട് അദ്ദേഹം വലതു മുന്‍കൈയുടെ പുറം ഇടതുകൈകൊണ്ടും ഇടതു മുന്‍കൈയുടെ പുറം (മറ്റെ) മുന്‍കൈ കൊണ്ടും തടവി. പിന്നെ അതുകൊണ്ട് തന്റെ മുഖവും തടവി (ബുഖാരി).

ഏറ്റവും പ്രബലമായ ഈ ഹദീസില്‍ തയമ്മുമിന്റെ പൂര്‍ണരൂപവും പശ്ചാത്തലവും ഉണ്ട്. ഇതേ ആശയത്തില്‍ നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. കൈ തറയിലടിച്ച് മുഖവും കൈപ്പടവും തടവുക. ചില ഹദീസുകളില്‍ ആദ്യം മുഖവും പിന്നെ മുന്‍ കൈയും തടവിയതായി കാണാം. ഏതായാലും രണ്ടിനും കൂടി ഒറ്റ അടി മതി. മുന്‍ കൈ മാത്രം തടവിയാല്‍ മതി. അതില്‍ കൂടുതല്‍ തടവേണ്ടതില്ല. 

തയമ്മും ചെയ്യുമ്പോള്‍ വുദൂഇന്റെ അവയവങ്ങളിലൊക്കെ വെള്ളത്തിന് പകരം മണ്ണു പുരട്ടണമെന്ന് നിര്‍ദേശിച്ചിട്ടില്ല  എന്ന് ആദ്യമേ ഓര്‍ക്കുക. തടവിയ ഭാഗത്ത് മണ്ണ് പറ്റിപ്പിടിക്കേണ്ടതില്ല. അടിച്ച കൈ കുടഞ്ഞ ശേഷമാണ് തടവേണ്ടത്. എന്നുവെച്ചാല്‍ തയമ്മും കൊണ്ടുള്ള ശുദ്ധി പ്രധാനമായും ആത്മീയമാണ്. അത് ഭൗതികമായി വിലയിരുത്തേണ്ടതില്ല.  

എന്നാല്‍ ശാഫിഈ മദ്ഹബിലെ ഫിഖ്ഹ് കിതാബുകളില്‍ ഇതില്‍ നിന്നും ഭിന്നമായ അഭിപ്രായം കാണാം- രണ്ടടി വേണം, കൈ കുടഞ്ഞുകളയരുത്, കൈമുട്ടു വരെ തടവണം എന്നിങ്ങനെ. എന്നാല്‍ ഹദീസുകള്‍ക്ക് വിരുദ്ധമാണ് ഈ വീക്ഷണങ്ങള്‍. ഹദീസുകളില്‍ നിന്നു തെളിഞ്ഞ കാര്യമാണ് നാം ആചരിക്കേണ്ടത്.  ആരാധനാപരമായ കാര്യമായതിനാല്‍ നിയ്യത്ത് വേണമെന്നും ആരംഭത്തില്‍ ബിസ്മി ചൊല്ലണമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.

Feedback
  • Sunday Sep 8, 2024
  • Rabia al-Awwal 4 1446