വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഇസ്‌ലാമിനു നിഷ്‌കര്‍ഷയുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേക യൂണിഫോമുകളില്ല. മുസ്‌ലിംകളില്‍ പണ്ഡിതന്മാര്‍ക്കോ മറ്റോ പ്രത്യേക സ്ഥാനവസ്ത്രവുമില്ല. ഏറ്റവും ചുരുങ്ങിയ രീതിയില്‍ ഔറത്ത് മറയണം. ഭംഗിക്കുവേണ്ടി കൂടുതല്‍ വസ്ത്രം ധരിക്കാം; അമിതമാകരുത്. എന്നാല്‍ പട്ടുവസ്ത്രം പുരുഷന്മാര്‍ക്ക് നിഷിദ്ധമാണ്.
ഹുദൈഫ(റ) പറയുന്നു: ''സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പാത്രത്തില്‍ കുടിക്കുന്നതും തിന്നുന്നതും പട്ടുവസ്ത്രം ധരിക്കുന്നതും അതിന്മേല്‍ ഇരിക്കുന്നതും റസൂല്‍(സ്വ) നമ്മോട് വിലക്കിയിരിക്കുന്നു''(ബുഖാരി). വസ്ത്രങ്ങളില്‍ ഏറ്റവും ഉത്തമം വെള്ള വസ്ത്രമാണ്.
റസൂല്‍ (സ്വ) അരുളിയതായി ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''നിങ്ങളുടെ വസ്ത്രങ്ങളില്‍ നിന്നും വെളുത്തത് നിങ്ങള്‍ ധരിച്ചുകൊള്ളുക. നിങ്ങളുടെ വസ്ത്രങ്ങളില്‍വച്ച് ഏറ്റവും ഉത്തമമായതാണത്. മൃതദേഹങ്ങളെ അതില്‍ പൊതിയുകയും ചെയ്തുകൊള്ളുക.''
പുരുഷന്മാര്‍ വസ്ത്രം ധരിക്കുമ്പോള്‍ വസ്ത്രം നിലത്ത് ഇഴയുന്ന രീതിയില്‍ ആയിത്തീരാന്‍ പാടില്ല. റസൂല്‍(സ്വ) പറഞ്ഞതായി അബൂഹുറയ്‌റ(റ) പ്രസ്താവിക്കുന്നു. ഉടുപ്പില്‍ നിന്നും നെരിയാണിയുടെ താഴെയുള്ള ഭാഗം നരകത്തിലാണ് (ബുഖാരി). എന്നാല്‍ ഭംഗിയായി വസ്ത്രം ധരിക്കുന്നതിന് വിരോധമില്ല. അത് അഹങ്കാരമല്ല എന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു (മുസ്‌ലിം).
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''സ്ത്രീവേഷം കെട്ടുന്ന പുരുഷന്മാരെയും പുരുഷവേഷം കെട്ടുന്ന സ്ത്രീകളെയും നബി(സ്വ) ശപിച്ചിരിക്കുന്നു'' (ബുഖാരി).
മറ്റുകാര്യങ്ങളിലെന്ന പോലെ വസ്ത്രം ധരിക്കുമ്പോള്‍ വലതുഭാഗം കൊണ്ടു തുടങ്ങുന്നത് നല്ലതാണെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു. പാദരക്ഷ ധരിച്ചുകൊണ്ട് നമസ്‌കരിക്കുന്നതിനും വിരോധമില്ല. അബൂസലമ എന്ന സഈദുബ്‌നുയസീദ് പറയുന്നു: ''നബി(സ്വ) പാദരക്ഷ ധരിച്ചുകൊണ്ട് നമസ്‌കരിക്കാറുണ്ടോ എന്ന് ഞാന്‍ അനസി(റ)നോടു ചോദിച്ചപ്പോള്‍ 'ഉവ്വ്' എന്നദ്ദേഹം പറയുകയുണ്ടായി.''