Skip to main content

പ്രാരംഭ പ്രാര്‍ഥന

തക്ബീറത്തുല്‍ ഇഹ്‌റാം ചൊല്ലി കൈകള്‍ നെഞ്ചില്‍ വച്ചുകഴിഞ്ഞാല്‍ പ്രാരംഭപ്രാര്‍ഥന നിര്‍വഹിക്കണം. ഇതിന് 'ദുആഉല്‍ ഇസ്തിഫ്താഹ്' എന്ന് പറയുന്നു. അതു പതുക്കെയാണ് ചൊല്ലേണ്ടത്. മാലികി മദ്ഹബ് പ്രകാരം ഇപ്രകാരമൊരു പ്രാര്‍ഥനയില്ല. എന്നാല്‍ പ്രാര്‍ഥന നടത്തിയിരുന്നതായി സ്ഥിരപ്പെട്ട ഹദീസുകളിലുണ്ട്. നബി(സ്വ) തക്ബീറത്തുല്‍ ഇഹ്‌റാമിനുശേഷം അല്പസമയം നിശ്ശബ്ദനായി നില്‍ക്കുമായിരുന്നു. അബൂഹുറയ്‌റ(റ) ചോദിച്ചു: പ്രവാചകരേ, തക്ബീറിന്റെയും ഖുര്‍ആന്‍ ഓതുന്നതിന്റെയും ഇടയ്ക്ക് അങ്ങ് മൗനമായി നില്‍ക്കുന്നു. ആ സമയത്ത് എന്താണ് പറയുന്നത്? അവിടുന്ന് പറഞ്ഞു: ഞാന്‍ ഇപ്രകാരം പറയുന്നു:

അല്ലാഹുമ്മ ബാഇദ് ബൈനീ വബൈന ഖത്വായായ കമാ ബാഅത്ത ബൈനല്‍ മശ്‌രിഖി വല്‍മഗ്‌രിബ്, അല്ലാഹുമ്മ നഖ്ഖിനീ മിന്‍ ഖത്വായായ കമാ യുനഖ്ഖ സ്സൗബുല്‍ അബ്‌യദു മിന ദ്ദനസ്, അല്ലാഹുമ്മഗ്‌സില്‍നീ മിന്‍ ഖത്വായായ ബില്‍മാഇ വസ്സല്‍ജി വല്‍ബറദ്.

(അല്ലാഹുവേ, ഉദയാസ്തമയ സ്ഥാനങ്ങള്‍ തമ്മില്‍ നീ വിദൂരമാക്കിയതു പോലെ എന്നെയും എന്റെ പാപങ്ങളെയും തമ്മില്‍ നീ അകറ്റേണമേ. അല്ലാഹുവേ, മാലിന്യത്തില്‍നിന്ന് വെളുത്ത വസ്ത്രത്തെ ശുദ്ധമാക്കുന്നതുപോലെ എന്റെ പാപത്തില്‍നിന്ന് എന്നെ ശുദ്ധമാക്കേണമേ. അല്ലാഹുവേ, എന്റെ പാപത്തില്‍നിന്ന് എന്നെ വെള്ളംകൊണ്ടും മഞ്ഞുകൊണ്ടും ഹിമശകലങ്ങള്‍കൊണ്ടും കഴുകി ശുദ്ധിയാക്കേണമേ) (ബുഖാരി, മുസ്‌ലിം).

ആഇശ(റ)യില്‍നിന്ന് അബൂദാവൂദും നസാഈയും ഇബ്‌നുമാജയും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം. നബി(സ്വ) നമസ്‌കാരം ആരംഭിച്ചാല്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു: സുബ്ഹാനകല്ലാഹുമ്മ വബിഹംദിക വതബാറകസ്മുക വതആലാ ജദ്ദുക വലാഇലാഹ ഗൈറുക. (അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ മഹത്വത്തെ വാഴ്ത്തുന്നു. നിന്റെ നാമം അനുഗൃഹീതവും നിന്റെ അവസ്ഥ ഉന്നതവുമായിരിക്കുന്നു. നീയല്ലാതെ യാതൊരു ആരാധ്യനുമില്ല.)

ഇതുപോലെ ദീര്‍ഘമായതും ചുരുങ്ങിയതുമായ വേറെയും പ്രാര്‍ഥനകളുണ്ട്. ഈ പ്രാര്‍ഥനക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഇബ്‌നുതീമിയ(റ) അഭിപ്രായപ്പെടുന്നു (മജ്മൂഅ് 22-395). ഫര്‍ദ് നമസ്‌കാരത്തിലും നബി(സ്വ) ഈ പ്രാര്‍ഥന നിര്‍വഹിച്ചിരുന്നു (ഇബ്‌നു ഖുസൈമ, അബൂദാവൂദ്).
 

Feedback
  • Sunday Nov 24, 2024
  • Jumada al-Ula 22 1446