Skip to main content

രണ്ടാമത്തെ തശഹ്ഹുദ്

തശഹ്ഹുദ് ഓതിക്കഴിഞ്ഞാല്‍ നബി(സ്വ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലണം. ഈ പ്രാര്‍ഥന വിവിധ രൂപങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആശയത്തില്‍ വലിയ വ്യത്യാസങ്ങളൊന്നും തന്നെയില്ല. കഅ്ബുബ്‌നു അജ്‌റ(റ) വില്‍ നിന്ന് ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീസില്‍ വന്ന രൂപം ഇതാണ്: അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലൈത്ത അലാ ഇബ്‌റാഹീമ ഇന്നക ഹമീദുമ്മജീദ്. വബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്ത അലാ ഇബ്‌റാഹീമ ഇന്നക ഹമീദുമ്മജീദ്.

(അല്ലാഹുവേ, മുഹമ്മദ് നബിക്കും മുഹമ്മദ് നബിയുടെ കുടുംബത്തിനും നീ കരുണ ചെയ്യേണമേ, ഇബ്‌റാഹീം നബിയുടെ കുടുംബത്തിന് നീ കരുണ ചെയ്തപോലെ. നീ സ്തുത്യര്‍ഹനും മഹത്വമേറിയവനുമാകുന്നു. മുഹമ്മദ് നബിക്കും മുഹമ്മദ് നബിയുടെ കുടുംബത്തിനും നീ അനുഗ്രഹം ചെയ്യേണമേ, ഇബ്‌റാഹീം നബിയുടെ കുടുംബത്തിന് നീ അനുഗ്രഹം ചെയ്തതുപോലെ. തീര്‍ച്ചയായും നീ സ്തുത്യര്‍ഹനും മഹത്വമേറിയവനുമാകുന്നു) (ബുഖാരി, മുസ്‌ലിം).

മറ്റു രൂപങ്ങളിലും  നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലാം.

സ്വലാത്തിനു ശേഷം ഓരോരുത്തര്‍ക്കും ആവശ്യമായ പ്രാര്‍ഥനകള്‍ ചൊല്ലാം. നബി(സ്വ) യില്‍നിന്ന് ഉദ്ധരിക്കപ്പെട്ട പ്രാര്‍ഥനകള്‍ക്ക് പ്രാമുഖ്യം നല്‍കണം. ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം: നബി(സ്വ) തശഹ്ഹുദിനു ശേഷം ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു: അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന്‍ അദാബില്‍ ഖബ്‌രി വമിന്‍ അദാബിന്നാര്‍, വമിന്‍ ഫിത്‌നതില്‍ മഹ്‌യാ വല്‍ മമാതി വമിന്‍ ഫിത്‌നതില്‍ മസീഹിദ്ദജ്ജാല്‍.

(നാഥാ, ഖബ്‌റിലെ ശിക്ഷയില്‍നിന്നും നരകത്തിലെ ശിക്ഷയില്‍നിന്നും ജീവിതത്തിലെയും മരണത്തിലെയും ക്ലേശങ്ങളില്‍നിന്നും മസീഹുദ്ദജ്ജാലിന്റെ ശല്യത്തില്‍നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു).

അബൂബക്ര്‍(റ) നബി(സ്വ)യോട് പറഞ്ഞു: ''നമസ്‌കാരത്തില്‍ പ്രാര്‍ഥിക്കാന്‍ എനിക്ക് ഒരു പ്രാര്‍ഥന പഠിപ്പിച്ചുതരണം.'' നബി(സ്വ) പറഞ്ഞു: ഇപ്രകാരം പ്രാര്‍ഥിക്കുക: അല്ലാഹുമ്മ ഇന്നീ ദ്വലംതു നഫ്‌സീ ദ്വുല്‍മന്‍ കസീറന്‍ വലാ യഗ്ഫിറുദ്ദുനൂബ ഇല്ലാ അന്‍ത. ഫഗ്ഫിര്‍ലീ മഗ്ഫിറതന്‍മിന്‍ ഇന്‍ദിക. വര്‍ഹംനീ ഇന്നക അന്‍തല്‍ ഗഫൂറുര്‍റഹീം.

(നാഥാ, ഞാന്‍ എന്നോട് വളരെ കൂടുതല്‍ അക്രമം കാണിച്ചിരിക്കുന്നു. നീയല്ലാതെ പാപം പൊറുക്കുന്നവനില്ല. അതുകൊണ്ട് നിന്റെ പക്കല്‍ നിന്നെനിക്ക് പാപമോചനം തരേണമേ. എന്നോട് കാരുണ്യം കാണിക്കേണമേ. തീര്‍ച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമാകുന്നു) (ബുഖാരി, മുസ്‌ലിം).

വേറെയും പ്രാര്‍ഥനകള്‍ നബി(സ്വ) ഈ സന്ദര്‍ഭത്തില്‍ നിര്‍വഹിക്കാറുണ്ടായിരുന്നു.
 

Feedback
  • Sunday Nov 24, 2024
  • Jumada al-Ula 22 1446