Skip to main content

ഖുര്‍ആന്‍ പാരായണം

പ്രാരംഭ പ്രാര്‍ഥനക്ക് ശേഷം ഓരോ റക്അത്തിലും ഇമാമും മഅ്മൂമും വിശുദ്ധ ഖുര്‍ആനിലെ ആദ്യ അധ്യായമായ സൂറത്തുല്‍ ഫാതിഹ ഓതേണ്ടതാണ്. മഗ്‌രിബ്, ഇശാ, സ്വുബ്ഹ് എന്നീ നമസ്‌കാരങ്ങളില്‍ ഇമാമും തനിച്ചു നമസ്‌കരിക്കുന്നവനും ആദ്യത്തെ രണ്ടു റക്അത്തുകളില്‍ ഫാതിഹ ഉറക്കെ ഓതണം. അതുപോലെ ഫാതിഹക്കുശേഷം സൗകര്യമുള്ള ആയത്തുകളോ സൂറത്തുകളോ ഉറക്കെ ഓതണം. മഅ്മൂമുകള്‍ ഇമാമിന്റെ ഖുര്‍ആന്‍ പാരായണം ശ്രദ്ധിച്ചു കേട്ടുനിന്നാല്‍ മതി. എന്നാല്‍ ഫാതിഹ മഅ്മൂമുകളും ഓതണം. നബി(സ്വ) പറഞ്ഞു: ''സൂറത്തുല്‍ ഫാതിഹ ഓതാത്തവന് നമസ്‌കാരമില്ല'' (ബുഖാരി 723, മുസ്‌ലിം 394).

ഉബാദതുബ്‌നു സ്സ്വാമിത്(റ) പറയുന്നു: ഞങ്ങളുമൊത്ത് നബി(സ്വ) സ്വുബ്ഹ് നമസ്‌കരിച്ചു. നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ്വ) ചോദിച്ചു: 'എന്റെ പിറകില്‍നിന്ന് നിങ്ങള്‍ ഖുര്‍ആന്‍ ഓതുന്നുണ്ടോ? അവര്‍ പറഞ്ഞു: 'അതേ റസൂലേ, ഞങ്ങള്‍ അത് ഓതുന്നുണ്ട്.' നബി(സ്വ) പറഞ്ഞു: 'അങ്ങനെ ചെയ്യരുത്; സൂറത്തുല്‍ ഫാതിഹ ഒഴികെ. കാരണം, അതു കൂടാതെ നമസ്‌കാരം ശരിയാവുകയില്ല.''

സൂറത്തുല്‍ ഫാതിഹ ഓതുന്നതിനു മുമ്പായി അഊദുബില്ലാഹി മിനശ്ശൈത്വാനിര്‍റജീം (ശപിക്കപ്പെട്ട പിശാചില്‍ നിന്നും ഞാന്‍ അല്ലാഹുവോട് രക്ഷതേടുന്നു.)എന്നും ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം (പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു) എന്നും പതുക്കെ ചൊല്ലേണ്ടതാണ്. എന്നാല്‍ ബിസ്മി പതുക്കെ വേണോ ഉറക്കെ വേണോ എന്ന വിഷയത്തില്‍ ഭിന്നാഭിപ്രായമുണ്ട്. നബി(സ്വ)യും മഹാന്മാരായ സ്വഹാബികളും അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍ (സര്‍വലോക പരിപാലകനായ അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും) എന്നു ചൊല്ലിക്കൊണ്ടാണ് നമസ്‌കാരം തുടങ്ങിയിരുന്നത്.

അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍(റ) പറയുന്നു: ''ഞാന്‍ നമസ്‌കരിക്കുമ്പോള്‍  ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം എന്നു പറയുന്നത് എന്റെ പിതാവ് കേട്ടു. അദ്ദേഹം പറഞ്ഞു: ''മകനേ, അത് പുതിയ നടപടിയാണ്. പുത്തന്‍കാര്യങ്ങള്‍ ചെയ്യുന്നത് നീ സൂക്ഷിക്കുക.'' തുടര്‍ന്ന് അദ്ദേഹം തന്റെ മകനോട് ഇപ്രകാരം പറയുകയുണ്ടായി: ''ഞാന്‍ നബിയുടെയും അബൂബക്‌റിന്റെയും ഉമറിന്റെയും ഉസ്മാനിന്റെയും(റ) പിറകില്‍നിന്ന് നമസ്‌കരിച്ചിട്ടുണ്ട്. അവരാരും തന്നെ അതു ചൊല്ലുന്നതായി ഞാന്‍ കേട്ടിട്ടില്ല. അതുകൊണ്ട് നീയും അത് (ഉറക്കെ) ചൊല്ലരുത്. നീ നമസ്‌കരിക്കുമ്പോള്‍ അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍ എന്നു ചൊല്ലിക്കൊണ്ട് തുടങ്ങുക'' (മുഗ്‌നി 1:477).

മഅ്മൂം ഇമാമിന്റെ തൊട്ടുപിന്നാലെ, ഇമാമിനെ മുന്‍ കടക്കാത്തവിധത്തിലാണ്് ഫാതിഹ പാരായണംചെയ്യേണ്ടത്. ഇമാം ഫാതിഹ ഓതിക്കഴിഞ്ഞ ശേഷം മഅ്മൂമീങ്ങള്‍ക്ക് വേണ്ടി കാത്തുനില്‍ക്കുകയോ അത്രയും നേരം ഇമാം മറ്റു സൂറത്തുകള്‍ മൗനമായി പാരായണം നടത്തുകയോ ചെയ്യുന്നതിന് ഇസ്‌ലാമിക പ്രമാണങ്ങളില്‍ വ്യക്തമായ തെളിവുകളില്ല.

ഇമാം ഫാതിഹ ഓതിക്കഴിഞ്ഞാല്‍ ആമീന്‍ എന്ന് ഉറക്കെ പറയേണ്ടതാണ്. നബി(സ്വ) വലദ്ദാല്ലീന്‍ എന്നു ചൊല്ലിക്കഴിഞ്ഞാല്‍ സ്വഹാബികള്‍ ഉറക്കെ ആമീന്‍ പറയാറുണ്ടായിരുന്നുവെന്നും, പള്ളി ആ ശബ്ദം കൊണ്ട് മുഴങ്ങിയിരുന്നുവെന്നും ഹദീസുകളിലുണ്ട്.  ഇമാമിനോടൊപ്പം ഓതി എത്തിയിട്ടില്ലാത്ത മഅ്മൂമുകളും ഇമാം ആമീന്‍ ചൊല്ലുമ്പോള്‍ കൂടെ ആമീന്‍ പറയുകയാണ് വേണ്ടത്. സ്ത്രീകളായ മഅ്മൂമുകളും ഇങ്ങനെ ആമീന്‍ പറയുന്നതിന് വിരോധമില്ല. 

ആമീന്‍ എന്നു ചൊല്ലുന്നത് മലക്കുകളുടെ ആമീനുമായി യോജിച്ചുവന്നാല്‍ സര്‍വ പാപങ്ങളും പൊറുക്കപ്പെടുമെന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസിലുണ്ട്. ഇമാമിനോടൊപ്പമാണ് മലക്കുകള്‍ ആമീന്‍ എന്ന് പറയുക.

ഫാതിഹയ്ക്കു പുറമെ ഖുര്‍ആനിന്റെ മറ്റുഭാഗങ്ങള്‍ ഓതുന്നത് നമസ്‌കാരത്തില്‍ നിര്‍ബന്ധമല്ലെങ്കിലും സൗകര്യപ്പെടുന്ന ഏതെങ്കിലും സൂറത്തുകളോ ആയത്തുകളോ ഓതുന്നത് ഇമാമിന് നല്ലതാണ്. മഅ്മൂമുകള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കണം. തനിയെ നമസ്‌കരിക്കുന്നവരും അപ്രകാരം ഓതേണ്ടതാണ്. ആദ്യ രണ്ടു റക്അത്തുകളിലേ അത് ഓതേണ്ടതുള്ളൂ. സൗകര്യമുള്ള ഏതു സൂറത്തുകളും ആയത്തുകളും ഓതാവുന്നതാണ്. ഇതില്‍ ആയത്തുകള്‍ ക്രമം തെറ്റാന്‍ പാടില്ലെങ്കിലും സൂറത്തുകള്‍ ക്രമം പാലിക്കാതെ പാരായണം ചെയ്യുന്നതില്‍ തെറ്റില്ല.

ഇശാ നമസ്‌കാരത്തിനും സ്വുബ്ഹ് നമസ്‌കാരത്തിനും കൂടുതല്‍ ഓതുന്നത് പ്രവാചകന്റെ ചര്യയില്‍ പെടുന്നു. ''ആ രണ്ട് നമസ്‌കാരത്തിനും കൂടുതല്‍ പ്രതിഫലമുണ്ട്. അതെത്രയാണെന്ന് ജനം അറിഞ്ഞിരുന്നുവെങ്കില്‍ നിരങ്ങിയിട്ടെങ്കിലും അതില്‍ പങ്കെടുക്കാന്‍ അവര്‍ എത്തുമായിരുന്നു'' എന്ന് നബി(സ്വ) അരുളിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ സ്വുബ്ഹ് നമസ്‌കാരത്തില്‍ സൂറത്തുസ്സജദയും സൂറത്തുല്‍ ഇന്‍സാനും ആയിരുന്നു പ്രവാചകന്‍ ഓതിയിരുന്നത്. അതുപോലെ വ്യാഴാഴ്ച ഇശാഅ് നമസ്‌കാരത്തില്‍ സൂറത്തുല്‍ അഅ് ലായും സൂറത്തുല്‍ഗാശിയയും അല്ലെങ്കില്‍ സൂറത്തുല്‍ജുമുഅയും സൂറത്തുല്‍മുനാഫിഖൂനും  ഓതാറുണ്ടായിരുന്നു.

ഖുര്‍ആന്‍ എല്ലാ ഭാഗങ്ങളും കേള്‍ക്കാനും അതിനെക്കുറിച്ച് ചിന്തിക്കാനുമുള്ള അവസരമുണ്ടാകുമാറ് വിവിധ ഭാഗങ്ങളില്‍നിന്ന് ഓതുന്നതാണ് പതിവായി ഒരേ സൂറത്തുകളോതുന്നതിനേക്കാള്‍ അഭികാമ്യം.
 

Feedback