നമസ്‌കാരം പൂര്‍ണമായും ഇബാദത്താണ്. അതിന്റെ രൂപമോ അതില്‍ ചൊല്ലേണ്ടതോ നമുക്ക് നിര്‍മിക്കാനോ രൂപഭേദം വരുത്താനോ പാടുള്ളതല്ല. നബി (സ്വ) ഏതു വിധമാണോ അത് കാണിച്ചുതന്നത് ആ വിധത്തില്‍ അതു നിര്‍വഹിക്കണം. അവിടുന്ന് പറഞ്ഞു: ''ഞാന്‍ ഏതുവിധം നമസ്‌കരിക്കുന്നത് നിങ്ങള്‍ കണ്ടുവോ ആ വിധം നിങ്ങളും നമസ്‌കരിക്കുക.''
ആകയാല്‍ നമ്മുടെ നമസ്‌കാരത്തിന് മാതൃക പ്രവാചകനായിരിക്കണം. പ്രവാചകന്റെ കാലഘട്ടത്തില്‍ നമസ്‌കാരത്തിലെ ഓരോ ഭാഗത്തിനും പ്രാര്‍ഥനകള്‍ക്കും ഫര്‍ദ്വ്, സുന്നത്ത്, റുക്‌ന് എന്നിങ്ങനെയുള്ള സാങ്കേതിക നാമങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രവാചകന്റെ നമസ്‌കാരം സശ്രദ്ധം പഠിച്ച പില്ക്കാല കര്‍മശാസ്ത്ര പണ്ഡിതര്‍ നല്‍കിയ പേരുകളാണവ. നമസ്‌കാരത്തിലെ ചില ഭാഗങ്ങള്‍ ഒഴിച്ചു കൂടാനാവാത്തവയും അവ ഒഴിച്ചാല്‍ നമസ്‌കാരം അസാധുവാകുന്നവയുമാണ്. ഫാതിഹ ഓതല്‍ നിര്‍ബന്ധമാണ്. എന്നാല്‍ രണ്ടു സുജൂദുകള്‍ക്കിടയിലെ പ്രാര്‍ഥന ഒരാള്‍ ഒഴിവാക്കിയാല്‍ നമസ്‌കാരം അസാധുവായി എന്നു പറയാവതല്ല. ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചാണ് ഫര്‍ദ്വ്, സുന്നത്ത് എന്നീ പേരുകള്‍ വന്നത്. അതിനാല്‍ ആ പേരുകള്‍ നമുക്കും സ്വീകരിക്കാം. തദടിസ്ഥാനത്തില്‍ നമസ്‌കാരത്തില്‍ സുന്നത്തായവ ഏതെന്നും വര്‍ജിക്കേണ്ട 'മക്‌റൂഹു'കള്‍ ഏതൊക്കെയെന്നും നമസ്‌കാരവേളയില്‍ നാം ശ്രദ്ധിക്കേണ്ട മറ്റു പൊതു കാര്യങ്ങള്‍ ഏതൊക്കെയെന്നും മനസ്സിലാക്കേണ്ടതുണ്ട്.