Skip to main content

പ്രാര്‍ഥനയാണ് ആരാധന

'ഇബാദത്ത്' എന്ന അറബി പദത്തിന് ആരാധന എന്ന അര്‍ഥമാണ് നല്‍കി വരാറുള്ളത്. അപ്പോള്‍ ആരാധന എന്താണെന്ന് നിര്‍വചിക്കപ്പെടേണ്ടതുണ്ട്. സാങ്കേതികാര്‍ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേയറ്റം പ്രകടിപ്പിക്കുക എന്നതാണ്. 'ഇബാദത്ത്' എന്ന പദത്തിന് അനുസരണം, പുണ്യകര്‍മം, കീഴ്‌പ്പെടല്‍, വഴിപാട്, വണക്കം, പൂജ, പ്രീതിപ്പെടുത്തല്‍ തുടങ്ങിയ അര്‍ഥങ്ങള്‍ നല്‍കിവരാറുണ്ടെങ്കിലും അവയൊന്നും ഇബാദത്തിന്റെ ശരിയായ വിവക്ഷയാകുന്നില്ല. 'ഇബാദത്തി'ന് മതത്തിന്റെ സാങ്കേതികാര്‍ഥത്തിലുള്ള ഉദ്ദേശ്യം വ്യക്തമാക്കുന്ന അനുയോജ്യമായ മലയാള പദമില്ല എന്നതാണ് വസ്തുത. ഇമാം ഇബ്‌നു കസീര്‍(റ) അദ്ദേഹത്തിന്റെ പ്രസിദ്ധ തഫ്‌സീര്‍ ഗ്രന്ഥത്തില്‍ 'ഇബാദത്ത്' എന്നതിന് വിവക്ഷ നല്‍കുന്നത് 'സ്‌നേഹം, ഭക്തി, ഭയം എന്നിവയുടെ പൂര്‍ണത സമ്മേളിച്ചിരിക്കുന്ന പദപ്രയോഗം' എന്നതാണ്. ഭയഭക്തി ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും സമ്മേളനമാണ് ആരാധനയുടെ ഉത്ഭവമെന്ന് വരുമ്പോള്‍ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഏതെങ്കിലും അദൃശ്യ ശക്തിയിലുള്ള വിശ്വാസമാണ് ആരാധനയിലേക്ക് മനുഷ്യനെ നയിക്കുന്നത്. അങ്ങേയറ്റത്തെ സ്‌നേഹബഹുമാനം, ഭയഭക്തി തുടങ്ങിയവക്ക് അര്‍ഹനായ ശക്തി അല്ലാഹു മാത്രമായതിനാല്‍ അവനെ മാത്രമേ ആരാധിക്കാവൂ.

നബി(സ്വ) പറഞ്ഞു: ''പ്രാര്‍ഥന അത് തന്നെയാണ് ആരാധന'' (സുനനുഅബൂദാവൂദ് 4993, തിര്‍മുദി 2969. പ്രാര്‍ഥന ആരാധനയുടെ മജ്ജയാണെന്ന് അനസ്ബ്‌നു മാലിക്(റ) നിവേദനം ചെയ്യുന്ന ഹദീസിലുണ്ട് (സുനനുദതുര്‍മുദി 3371). അല്ലാഹുവോട് പ്രാര്‍ഥിക്കാത്തവരെ 'എന്നെ ആരാധിക്കാതെ അഹങ്കരിക്കുന്നവര്‍' എന്ന് വിശുദ്ധഖുര്‍ആനില്‍ വിശേഷിപ്പിച്ചതും പ്രാര്‍ഥനയാണ് ആരാധന എന്ന കാര്യം പഠിപ്പിക്കുന്നു. നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച (40:60).

ഐഹികം, പാരത്രികം, മതപരം, ലൗകികം എന്നിങ്ങനെയുള്ള വ്യത്യാസമേതുമില്ലാതെ സകല കാര്യങ്ങള്‍ക്കും മനുഷ്യന് അല്ലാഹുവിന്റെ സഹായം അനിവാര്യമാകുന്നു. സാധ്യമെന്ന് അവന് തോന്നുന്ന കാര്യങ്ങള്‍പോലും പൂര്‍ത്തിയാക്കാന്‍ മനുഷ്യരുടെ കഴിവിന് പരിമിതികളുണ്ട്. രാവിലെ കിടപ്പറയില്‍ നിന്ന് എഴുന്നേറ്റതു മുതല്‍ കണ്ണടക്കുന്നതു വരെ മനുഷ്യശരീരത്തിലെ അംഗചലനങ്ങള്‍ പോലും അല്ലാഹുവിന്റെ സഹായവും കാരുണ്യവും കൊണ്ട് മാത്രമാണ് നടക്കുന്നത്. അദൃശ്യജ്ഞാനിയും പരമകാരുണികനുമായ അല്ലാഹുവിനോടുള്ള സഹായാര്‍ഥന സദാ മനുഷ്യനില്‍ നിന്ന് ഉണ്ടായിത്തീരേണ്ടതുണ്ട്. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി സഹായിക്കാനുള്ള കഴിവ് അല്ലാഹുവിന് മാത്രമായതു കൊണ്ട് മറ്റാരോടും അതിന് അപേക്ഷിക്കുന്നത് വ്യര്‍ഥമെന്ന് മാത്രമല്ല, അല്ലാഹുവിലുള്ള പങ്കു ചേര്‍ക്കല്‍ (ശിര്‍ക്ക്) കൂടിയാണത്. അത് അതീവ ഗൗരവമായ മഹാപാപങ്ങളില്‍പ്പെട്ടതാണ്. അല്ലാഹുവിനോടൊപ്പം മറ്റാരേയും വിളിച്ചു പ്രാര്‍ഥിക്കരുത് (72:18) എന്ന് അല്ലാഹു പറഞ്ഞത് ശിര്‍ക്കിന്റെ ഗൗരവം ബോധ്യപ്പെടുത്താനാണ്. പ്രാര്‍ഥനയാകുന്ന സഹായാര്‍ഥന അല്ലാഹുവിനോട് മാത്രമേ ആകാവൂ എന്ന കാര്യം വിശ്വാസികളുടെ മനസ്സില്‍ സദാ രൂഢമൂലമാക്കാനാണ് നിര്‍ബന്ധ നമസ്‌കാര വേളയില്‍ പ്രാരംഭത്തില്‍ തന്നെ 'നിെന്ന മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു'വെന്ന കാര്യം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത് (1:5).

Feedback