പ്രവാചകചര്യ എന്ന അര്‍ഥത്തിലല്ല ഇവിടെ 'സുന്നത്ത്' എന്ന പദം പ്രയോഗിക്കുന്നത്. ഉപേക്ഷിക്കപ്പെട്ടാല്‍ കുറ്റമില്ലാത്തതും നമസ്‌കാരം സാധുവായി പരിഗണിക്കപ്പെടുന്നതിന് അനിവാര്യമല്ലാത്തതുമായ കാര്യങ്ങളാണ് ഇവിടെ 'സുന്നത്തുകള്‍' കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അവ കൂടി ഉള്‍പ്പെടുന്നതാണ് നമസ്‌കാരത്തിന്റെ പൂര്‍ണരൂപം എന്ന വസ്തുത വിസ്മരിക്കരുത്.
സുന്നത്തുകള്‍ പ്രബലമായവയും അല്ലാത്തവയുമുണ്ട്. പ്രബലമായ സുന്നത്ത് വിട്ടുപോയാല്‍ അതിന് പരിഹാരമായി നമസ്‌കാരത്തില്‍ നിന്ന് വിരമിക്കുന്നതിനു മുമ്പായോ നമസ്‌കാര ശേഷമോ രണ്ടു സുജൂദ് ചെയ്യണം. രണ്ടു റക്അത്ത് കഴിഞ്ഞ് ചൊല്ലുന്ന തശഹ്ഹുദ് പ്രബലമായ സുന്നത്താകുന്നു.
നമസ്‌കാരത്തില്‍ പ്രവേശിക്കുമ്പോഴും റുകൂഅ് ചെയ്യുമ്പോഴും റുകൂഇല്‍നിന്ന് തല ഉയര്‍ത്തുമ്പോഴും രണ്ടു കൈകള്‍ ചുമലിനു നേരെ ഉയര്‍ത്തുക. പ്രാരംഭ പ്രാര്‍ഥന, ഇഅ്തിദാലിലും സുജൂദിലും സുജൂദുകള്‍ക്കിടയിലെ ഇരുത്തത്തിലും റുകൂഇലും ചൊല്ലേണ്ട പ്രാര്‍ഥനകള്‍, നിര്‍ത്തത്തില്‍ ഇടതു കൈയിന്മേല്‍ വലതു കൈ വെക്കുക, ഒന്നും രണ്ടും റക്അത്തുകളില്‍ ഫാതിഹയ്ക്കു ശേഷം ഖുര്‍ആനില്‍നിന്ന് അല്പം ഓതുക എന്നിവ സുന്നത്തായാണ് പരിഗണിക്കപ്പെടുന്നത്. അതുപോലെ അവസാന തശഹ്ഹുദിനു ശേഷമുള്ള പ്രാര്‍ഥനകളും രണ്ടാമത്തെ സലാം വീട്ടലും സുന്നത്തുതന്നെ.