Skip to main content

വൈദ്യശാസ്ത്രത്തിന് ദിശ നിര്‍ണയിച്ചവര്‍

വൈദ്യശാസ്ത്രത്തിന് ഇസ്‌ലാം വളരെ പ്രാധാന്യം നല്കിയിരുന്നു. ഇസ്‌ലാമിക പണ്ഡിതരില്‍ ഫിസിഷ്യന്‍മാരും മെറ്റാഫിസിഷ്യന്‍മാരും ഉണ്ടായിരുന്നു. അവര്‍ സന്ന്യാസികളും തത്ത്വജ്ഞാനികളുമായിരുന്നു. ഡോക്ടര്‍മാര്‍ 'അല്‍ ഹക്കീം' എന്ന് ആദരവോടെ അഭിസംബോധന ചെയ്യപ്പെട്ടു. ഹാറൂന്‍ അല്‍ റശീദിന്റെയും അല്‍ മഅ്മൂനിന്റെയും കൊട്ടാര ഭിഷഗ്വരനായിരുന്ന, എഡി.830ല്‍ ജീവിച്ച, ജിബ്‌രീലുബ്‌നു ബക്തിഷുവിന് ഭരണാധികാരികള്‍ പാരിതോഷികമായി ലക്ഷണക്കിന് ദിര്‍ഹം നല്‍കിയിരുന്നു. ഈ കുടുംബത്തില്‍പെട്ട ഏഴു തലമുറ പ്രശസ്ത ഡോക്ടര്‍മാരായിരുന്നു.

സുല്‍ത്താന്‍ മഹ്മൂദിന്റെ കാലത്ത് ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ഡ്രഗ്ഗിസ്റ്റ് എന്നിവര്‍ക്ക് പ്രത്യേക പരീക്ഷ പാസാകേണ്ടിയിരുന്നു. പ്രശസ്ത രസതന്ത്ര വിദഗ്ധനായ ജാബിറുബ്‌നു ഹയ്യാന്റെ നേതൃത്വത്തില്‍ മരുന്ന് നിര്‍മാണം പുരോഗതി നേടി. അവിടങ്ങളില്‍ ധാരാളം മെഡിക്കല്‍ ഷോപ്പുകളുണ്ടായിരുന്നു. ഫാര്‍മസി സ്‌കൂളുകള്‍ സ്ഥാപിക്കപ്പെടുകയും ഫാര്‍മസി നിഘണ്ടുകള്‍ രചിക്കപ്പെടുകയും ചെയ്തു. ഡോക്ടര്‍മാരുടെയും ഫാര്‍മസിസ്റ്റുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഖലീഫ അല്‍ മുഖ്തദിര്‍ തന്റെ വിശ്വസ്തനായ മന്ത്രിയും ഭിഷഗ്വരനുമായ അലി ഇബ്‌നു ഈസാ സിനാന്റെ നേതൃത്വത്തില്‍ പ്രവേശന പരീക്ഷകളും സര്‍ട്ടിഫിക്കറ്റ് ദാനവും കോണ്‍വൊക്കേഷനുമെല്ലാം നടത്തിയിരുന്നു. സിനാന്റെ സംഘത്തിലുള്ള ഡോക്ടര്‍മാര്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ അടുത്തുപോയി അവര്‍ക്ക് വേണ്ട ചികിത്സ നടത്തി. ഡോക്ടര്‍മാര്‍ ഇടക്കിടെ ജയിലുകള്‍ സന്ദര്‍ശിച്ചു. അക്കാലത്ത് പൊതുജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ഭരണാധികാരികള്‍ കാണിച്ചിരുന്ന നിഷ്‌കര്‍ഷ ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. 

ഒന്‍പതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക് ഹോസ്പിറ്റല്‍

ഒന്‍പതാം നൂറ്റാണ്ടില്‍ ഹാറൂന്‍ അല്‍ റശീദ് ബഗ്ദാദില്‍ സ്ഥാപിച്ച 'ഇസ്‌ലാമിക് ഹോസ്പിറ്റല്‍' ലോകപ്രശസ്തമായിരുന്നു. ഈ ആശുപത്രിയുടെ പ്രവര്‍ത്തന മഹിമയിലൂടെ അല്‍ മഅ്മൂനിന്റെയും അല്‍ മുഖ്തദിറിന്റെയും മന്ത്രിയായിരുന്ന അലി ഇബ്‌നു ഈസാ സിനാന്‍ ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി. മുസ്‌ലിം ലോകത്തുടനീളം ആസ്പത്രികളുടെ ശൃംഖല തന്നെ സൃഷ്ടിക്കപ്പെട്ടു. അവയില്‍ 34 എണ്ണം മികച്ച സേവനങ്ങള്‍ നല്കിയിരുന്ന വയായിരുന്നു. 

എഡി. 872ല്‍ ഇബ്‌നു ത്വലൂന്‍ ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ സ്ഥാപിച്ച ആദ്യത്തെ ആസ്പത്രി എഡി. 15ാം നൂറ്റാണ്ടു വരെ നിലനിന്നു. നമ്മുടെ നാട്ടില്‍ ഹോംകെയര്‍ യൂണിറ്റും പെയിന്‍ ആന്റ് പാലിയേറ്റീവ് സംവിധാനവും അടുത്ത കാലത്താണ് സ്ഥാപിക്കപ്പെട്ടതെങ്കില്‍ 17ാം നൂറ്റാണ്ടിനു മുമ്പ് തന്നെ 'സഞ്ചരിക്കുന്ന ആസ്പത്രി സംവിധാനം' ഇസ്‌ലാമിക ഭരണ പ്രദേശങ്ങളില്‍ നിലനിന്നിരുന്നു. അക്കാലത്തെ ആസ്പത്രികളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക വാര്‍ഡുകളും ഡിസ്‌പെന്‍സറികളുമുണ്ടായിരുന്നു. ആധുനിക മെഡിക്കല്‍ കോളെജുകള്‍ പോലെ ഓരോ ഡിപ്പാര്‍ട്ടുമെന്റിലും അനുബന്ധ ലൈബ്രറികളും പഠനവിഭാഗങ്ങളുമുണ്ടായിരുന്നു.

മധ്യകാല നൂറ്റാണ്ടുകളിലെ ഇസ്‌ലാമിക സര്‍വ്വകലാശാലകളില്‍ ഏറ്റവും കൂടുതല്‍ പഠനവിധേയമായ വിഷയം മെഡിക്കല്‍ സയന്‍സ് ആണ്. ബഗ്ദാദിലെയും സ്‌പെയിനിലെയും മുസ്‌ലിം പണ്ഡിതന്‍മാരായിരുന്നു മെഡിക്കല്‍ സയന്‍സിന്റെ പിതാക്കളെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. പാരീസ് യൂണിവേഴ്‌സിറ്റിയുടെ 'സ്‌കൂള്‍ ഓഫ് മെഡിസി'ന്റെ കവാടത്തില്‍ ഇന്നും രണ്ട് ഛായാചിത്രങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ബഗ്ദാദ് യൂണിവേഴ്‌സിറ്റിയിലെ പ്രശസ്ത ഇസ്‌ലാമിക ശാസ്ത്രജ്ഞരും പണ്ഡിതരുമായിരുന്ന അബൂബക്ര്‍ മുഹമ്മദ്ബ്‌നു സക്കരിയ്യ അല്‍ റാസിയുടെയും അബൂ അലി അല്‍ ഹുസൈന്‍ അബ്ദുല്ല ഇസ്മാഈല്‍ ഇബ്‌നു സീനയുടേതുമാണ് ഇത്. പാശ്ചാത്യരും പൗരസ്ത്യരും അടിസ്ഥാനമായി പരിഗണിക്കുന്നത് 'അല്‍ ഹാവി'യും 'അല്‍ ഖാനൂനു ഫിത്തിബ്ബു'മാണ്.

ഇംഗ്ലീഷ് സാഹിത്യത്തിന്റെ പിതാവായ ജിയോ ഫ്രൈയോഡര്‍ എഴുതിയ Prologue to the Centre bony Tale എന്ന കവിതയില്‍ മുപ്പത്തിരണ്ടു പേരുടെ ജീവിതപശ്ചാത്തലം വിവരിക്കുന്നുണ്ട്. ഇവരില്‍ ഒരാളായ ഡോക്ടര്‍ സൈക്ക് എന്ന കഥാപാത്രത്തിന് മധ്യകാല നൂറ്റാണ്ടുകളിലെ പ്രശസ്തരായ ഡോക്ടര്‍മാരുമായുള്ള സൗഹൃദം ചോസര്‍ വിവരിക്കുന്നുണ്ട്. ഗ്രീക്ക്, റോമാ കാലഘട്ടങ്ങളില്‍ ജീവിച്ച പ്രശസ്ത ഭിഷഗ്വരന്‍മാരായ എസ്‌കുലോപിയസിനെയും ഡൈസ്‌കോറൈഡിനെയും ഗ്യാലനെയും അലോപ്പതി ചികിത്സയുടെ പിതാവെന്നറിയപ്പെടുന്ന ഹിപ്പാക്രാറ്റസിനെയുമെല്ലാം വിവരിക്കുന്നിടത്ത് റാസിയും അവിസെന്നയും ഹാലിയും അവറോസുമെല്ലാം കടന്നുവന്നിരിക്കുന്നു. ഡമസ്‌കസും കൊര്‍ദോവയും ചര്‍ച്ചാവിഷയമായിരിക്കുന്നു. 

ചോസര്‍ വിവരിക്കുന്ന റാസിസ് ഖുര്‍ആനിന്റെ തണലില്‍ വളര്‍ന്നുവന്ന, ബഗ്ദാദിന്റെ സംഭാവനയായ അബൂബക്ര്‍ മുഹമ്മദ്ബ്‌നു സകരിയ്യ അല്‍ റാസിയാണെന്നോ, അവിസെന്ന ബുഖാറയുടെ സംഭാവനയായ അല്‍ ഖാനൂനു ഫിത്തിബ്ബിന്റെ കര്‍ത്താവായ അബു അലി ഹുസൈന്‍ അബ്ദുല്ല ഇസ്മാഈലുബ്‌നു സീനയാണെന്നോ, അവറോസ് കൊര്‍ദോവയിലെ ഖലീഫയുടെ കൊട്ടാര ഭിഷഗ്വരനും 'അല്‍ കുല്ലിയത്തുഫിത്ത്വിബ്ബ്' എന്ന മെഡിക്കല്‍ റഫറന്‍സ് ഗ്രന്ഥത്തിന്റെ കര്‍ത്താവായ അബുല്‍ വലീദ് മുഹമ്മദ്ബ്‌നു അഹ്മദ് ഇബ്‌നു റുഷ്ദ് ആണെന്നോ, ഹാലി 'കിതാബുല്‍ മുല്‍ക്' എന്ന ഗ്രന്ഥമെഴുതിയ വാനശാസ്ത്ര വൈദ്യശാസ്ത്ര വിദഗ്ധനും മുസ്‌ലിം പേര്‍ഷ്യയുടെ സംഭാവനയുമായ അലി അബ്ബാസ് ആണെന്നോ ചോസര്‍ പോലും നിനച്ചിരിക്കില്ല.

'ആല്‍ഖിനിന്റെ സമകാലികനായ ഹാറൂന്‍ അല്‍ റശീദും പിന്‍ഗാമികളും ബഗ്ദാദിനെയും സ്‌പെയിനിലെ പട്ടണങ്ങളെയും വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളും ഗ്രന്ഥങ്ങളുടെ കലവറയുമാക്കി മാറ്റിയിരുന്നു' എന്ന് പ്രസിദ്ധ ഇംഗ്ലീഷ് ചരിത്രകാരനായ ജോര്‍ജ്ജ് സാംപ്‌സണ്‍ 'എ കണ്‍സൈസ് കേംബ്രിഡ്ജ് ഹിസ്റ്ററി ഓഫ് ഇംഗ്ലീഷ് ലിറ്ററേച്ചര്‍' എന്ന ഗ്രന്ഥത്തില്‍(പേജ് 16) പറയുന്നു.

 

Feedback