സ്‌പെയിനിലെ മുസ്‌ലിം പ്രഭാവ കാലത്താണ് ശാസ്ത്ര ശാഖകള്‍ ലോകത്ത് വ്യാപകമായത്. പ്രത്യേകിച്ചും യൂറോപ്പിലേക്ക് വിജ്ഞാനം കടന്നുവന്നത്. ഗ്രീക്ക് ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത് വിജ്ഞാനം സ്വാംശീകരിച്ച മുസ്‌ലിം പണ്ഡിതന്‍മാര്‍ അവയില്‍ നൂതനാവിഷ്‌കാരം നടത്തി അത് അഷ്ടദിക്കുകളിലും എത്തിക്കുകയായിരുന്നു. ഇതര ശാസ്ത്ര ശാഖകളെപ്പോലെ 'സ്‌പെയിന്‍ യുഗത്തില്‍' വികസിച്ച ഒരു മേഖലയാണ് സസ്യശാസ്ത്രം (Botony). ചെടികളിലെ ലിംഗ വിത്യാസം, ഉത്ഭവത്തെ ആധാരമാക്കിയുള്ള വിഭജനം തുടങ്ങിയവയില്‍ അവരുടെ പഠനങ്ങള്‍ തുടര്‍പഠനത്തിന് പീഠികയായിരുന്നു. 1165ല്‍ മരണപ്പെട്ട കൊര്‍ദോവന്‍ ഭിഷഗ്വരന്‍ സ്‌പെയിനിലെയും ആഫ്രിക്കയിലെയും സസ്യങ്ങള്‍ ശേഖരിച്ച് അവയുടെ പേരുകള്‍ അറബി, ലാറ്റിന്‍, ബര്‍ബര്‍ ഭാഷകളില്‍ രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ അല്‍ അദ്‌വിയതുല്‍ മുഫ്‌റദാത്ത് (ഒറ്റമൂലികള്‍) എന്ന ഗ്രന്ഥം അമൂല്യ രചനയാണ്.
ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞനായ അബ്ദുല്ല ഇബ്‌നു അഹ്മദല്‍ ബയ്ത്വാര്‍ ഒരു മൃഗ ഡോക്ടര്‍ കൂടിയായിരുന്നു. സ്‌പെയിന്‍കാരനായ ബയ്ത്വാര്‍ ഈജിപ്തിലെത്തി അയ്യൂബി ഭരണാധികാരി അല്‍ മലികുല്‍ കാമിലിന്റെ സര്‍ക്കാരില്‍ ഔഷധ സസ്യശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ചു. (ബൈത്വാര്‍=വെറ്ററിനറി ഡോക്ടര്‍). അല്‍ മുഗ്‌നി ഫില്‍ അദ്‌വിയ അല്‍ മുഫ്‌റദ്, അല്‍ ജാമിഅ ഫില്‍ അദ്‌വിയ, അല്‍ മുഫ്‌റദ എന്നീ ഗ്രന്ഥങ്ങളാണ് ബൈത്വാറിന്റെ കീര്‍ത്തി അനശ്വരമാക്കിയത്. ഇവ ജര്‍മന്‍, ഫ്രഞ്ച്, ലാറ്റിന്‍ ഭാഷകളിലേക്ക് വിവര്‍ത്തിനം ചെയ്യപ്പെട്ടിട്ടുണ്ട്.