യുദ്ധത്തില്‍ ബന്ദിയായി പിടിക്കപ്പെട്ട മകളെ മോചിപ്പിക്കാന്‍ മോചന ദ്രവ്യവുമായി വന്നിരിക്കുകയാണ് ബനുല്‍ മുസ്ത്വലഖ് ഗോത്രത്തലവന് ഹാരിസുബ്ന് അബീദിറാര്. മോചന ദ്രവ്യം ഒട്ടകങ്ങളാണ്. മദീനയില്‍ പ്രവേശിക്കും മുമ്പ് അയാള്‍ കൂട്ടത്തിലെ നല്ല രണ്ട് ഒട്ടകങ്ങളെ അഖീഖ് താഴ്വരയില് ഒളിപ്പിച്ചുവെച്ചു.
മദീനയിലെത്തി തിരുനബിയെ കണ്ടു ''മുഹമ്മദ്, എന്റെ മകള്‍ ജുവൈരിയ്യയെ തിരിച്ചു തരൂ, ഇതാ മോചന ദ്രവ്യം.''
ഒട്ടകങ്ങളെ നിരീക്ഷിച്ച തിരുനബി ചോദിച്ചു ''കൂട്ടത്തിലുണ്ടായിരുന്ന രണ്ട് ഒട്ടകങ്ങളെ താങ്കള്‍ അഖീഖില്‍ ഒളിപ്പിച്ചു വെച്ചില്ലേ?'' ഹാരിസ് സ്തബ്ധനായി. അത് പുറത്തറിയിക്കാതെ അദ്ദേഹം ചോദിച്ചു: ''അഖീഖിലോ, എവിടെ?'' കൃത്യമായ ഇടം പറഞ്ഞു കൊടുത്തു നബി(സ്വ). വാ പൊളിച്ചു പോയി ബനുല്‍ മുസ്ത്വലഖ് ഗോത്രമുഖ്യന്.
''അല്ലാഹു അല്ലാതെ ആരാധ്യനില്ല. അങ്ങ് ദൈവദൂതന് തന്നെ, ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.'' -ഹാരിസ് തത്സമയം മുസ്ലിമായി. ഒപ്പം രണ്ട് പുത്രന്മാരും.
ഈ സംഭവത്തിനു മുമ്പു തന്നെ ജുവൈരിയ മുസ്ലിമായിരുന്നു. ബനുല്‍ മുസ്ത്വലഖ് യുദ്ധത്തിനു ശേഷം -സംഭവസ്ഥലത്തെ അടിസ്ഥാനപ്പെടുത്തി മുറൈസീഇ് യുദ്ധമെന്നും ഇതറിയപ്പെടുന്നു- യുദ്ധസ്വത്ത് ഓഹരിവെച്ചപ്പോള്‍ ജുവൈരിയയെ ലഭിച്ചത് സാബിത്തുബ്നു ഖൈസി(റ)നാണ്. ഒമ്പത് ഊഖിയ സ്വര്‍ണമാണ് സാബിത്ത്, ജുവൈരിയക്ക് മോചനദ്രവ്യം നിശ്ചയിച്ചത്. എന്നാല്‍, ഇതു നല്കാന് അവര്‍ക്കായില്ല. 20 പിന്നിട്ടിട്ടില്ലാത്ത ആ സുന്ദരി സഹായം തേടി തിരുസന്നിധിയിലെത്തി.
പ്രതാപത്തില്‍ കഴിഞ്ഞിരുന്ന ഗോത്രത്തലവന്റെ മകള്‍ മോചനത്തിന് സഹായമര്‍ഥിച്ച് മുമ്പിലെത്തിയത് ദൂതരെ വേദനിപ്പിച്ചു. അവരെ മോചിപ്പിക്കുകയും ഉന്നത പദവി നല്‍കുകയും വേണം. അങ്ങനെയാവുമ്പോള്‍ മുസ്ത്വലഖ് ഗോത്രം ഇസ്ലാമിലേക്ക് വന്നേക്കാം എന്ന് അവിടുന്ന് ചിന്തിച്ചു.
''നിന്റെ മോചനദ്രവ്യം ഞാന്‍ നല്‍കാം. എന്നിട്ട് നീ ഇഷ്ട്പ്പെടുന്നുവെങ്കില് ഞാന്‍ വിവാഹം കഴിക്കുകയുംചെയ്യാം''-നബി(സ്വ) പറഞ്ഞു. സന്തോഷ പൂര്‍വം ജുവൈരിയ നിര്‍ദേശം അംഗീകരിച്ചു. ഈ സംഭവത്തിനു ശേഷമാണ് ജുവൈരിയയുടെ പിതാവ് ഹാരിസ് മോചന ദ്രവ്യവുമായി എത്തുന്നതും മുസ്ലിമാവുന്നതും.
ബനുല്‍ മുസ്ത്വലഖിലെ നൂറിലധികം കുടുംബങ്ങള്‍ ബന്ദികളായി പിടിക്കപ്പെട്ടിരുന്നു. മോചനദ്രവ്യം നല്കാനാവാതെ കഴിയുകയായിരുന്നു ഇവരൊക്കെയും. ജുവൈരിയയെ തിരുനബി(സ്വ) വിവാഹം ചെയ്തതോടെ ചിത്രം മാറി. വിശ്വാസികളുടെ മാതാവായ ജുവൈരിയയുടെ ബന്ധുക്കളെ ബന്ദികളാക്കി വെക്കുന്നത് ശരിയല്ലെന്ന് തിരിച്ചറിഞ്ഞ സ്വഹാബികളെല്ലാം അവരെ മോചനദ്രവ്യം വാങ്ങാതെ മോചിപ്പിച്ചു. ഇവരില്‍ പലരും പിന്നീട് ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.
ഉമ്മുല്‍ മുഅ്മിനീന്‍ അഇശ പറയുന്നു: ''സ്വന്തം സമുദായത്തിന് ഇത്രയേറെ അനുഗ്രഹമായ ഒരു സ്ത്രീയെഞാന് കണ്ടിട്ടില്ല, ജുവൈരിയയെയല്ലാതെ.''
ഇവരുടെ ആദ്യ പേര് ബര്‍റ എന്നായിരുന്നു. തിരുസന്നിധിയില്‍ ആദ്യമായി എത്തുമ്പോഴാണ് ഇവരുടെ പേര് തിരുനബി(സ്വ) ജുവൈരിയ എന്നാക്കിയത്
പിതൃവ്യപുത്രന്‍ മുസാഫിഅ്ബ്നു സ്വഫ്വാന് ആയിരുന്നു ആദ്യ ഭര്‍ത്താവ്. തികച്ചും ശാന്തയും ഭക്തയുമായാണ് ജുവൈരിയ(റ) ജീവിച്ചത്. നബി(സ്വ)യുടെ വിയോഗാനന്തരം ഉണ്ടായതായി അറിയപ്പെടുന്ന ദു:ഖകരമായ സംഭവവികാസങ്ങളില്‍, ആരുടെയും പക്ഷത്ത് അവര്‍ നില കൊണ്ടില്ല. പതിവായി ഹജ്ജ് ചെയ്യുകയും തിരികെ മദീനയിലെത്തുകയും ചെയ്യാറുണ്ടായിരുന്നു. ഇടക്ക് പ്രവാചകന്റെ ഖബര്‍ സന്ദര്‍ശിക്കുകയും ചെയ്യും. തിരുനബിയുടെ നിര്യാണത്തിന് ശേഷം നാലു ഖലീഫമാരുടെ കാലത്തും അവര്‍ ആദരണീയയായി കഴിഞ്ഞുകൂടി.
ഹിജ്റ 56 റബീഉല്‍ അവ്വലില്‍ അവര്‍ രോഗത്തിനടിമയായി. താമസിയാതെ മരണപ്പെടുകയുമുണ്ടായി. മദീനാ ഗവര്‍ണര്‍ മര്‍വാനുബ്നുല്‍ ഹകം ആണ് അവരുടെ ജനാസ നമസ്കാരത്തിന് നേതൃത്വം നല്‍കിയത്. 65ാം വയസ്സിലാണ് മരിച്ചത്.