ആമിര്‍ ഗോത്രത്തിലെ ഖുസൈമയുടെ മകള്‍ സൈനബ്, ഗോത്ര വര്‍ഗ സംസ്‌കാരം അരങ്ങുവാണ ജാഹിലിയ്യാ കാലഘട്ടത്തില്‍ മക്കയില്‍ ജനിച്ചു. മുഹമ്മദിന്റെ നയചാതുരിയാല്‍, കഅ്ബാ പുനര്‍ നിര്‍മാണ വേളയില്‍ ഹജറുല്‍ അസ്‌വദ് ആര്‍ക്കും തര്‍ക്കമില്ലാത്ത വിധം യഥാസ്ഥാനത്ത് സ്ഥാപിച്ചത് അടക്കമുള്ള മക്കയിലെ പുതുചലനങ്ങള്‍ കേട്ടുകൊണ്ടും വൈകുന്നേരംവരെ വിശ്രമമില്ലാതെ പണിയെടുത്ത ഒരടിമ, കടുത്ത വിശപ്പകറ്റാന്‍ യജമാനന്റെ അനുവാദം മുന്‍കൂട്ടിവാങ്ങിക്കാതെ ഭക്ഷണം കഴിച്ചതിനു, യജമാനന്‍ കൊടും ക്രൂരതയേല്‍പ്പിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ കണ്ടുകൊണ്ടാണ് ബാല്യം കഴിച്ചുകൂട്ടിയത്. ജാഹിലിയ്യാ കാലത്തുതന്നെ ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയ വനിതയാണ് അവര്‍. അഗതികളുടെ തണലായി സൈനബ് ജീവിച്ചു. ആദരവോടെ സമൂഹം അവരെ വിളിച്ചു ഉമ്മുല്‍ മസാകീന്‍ - അഗതികളുടെ ഉമ്മ എന്ന്.
നബി(സ്വ)യില്‍ വിശ്വസിക്കാന്‍ അവര്‍ ആരെയും കാത്തുനിന്നില്ല. ധീരപോരാളി അബ്ദുല്ലാഹിബ്‌നു ജഹ്ശിന്റെ ഭാര്യാപദത്തിലുമെത്തി അവര്‍. എന്നാല്‍ ആ ദാമ്പത്യം അധികകാലം നീണ്ടുനിന്നില്ല. നബി(സ്വ)യുടെ മാതൃസഹോദരീ പുത്രനാണ് അബ്ദുല്ലാഹിബ്‌നു ജഹ്ശ്. എന്നാല്‍, അബ്ദുല്‍ മുത്ത്വലിബിന്റെ മകന്‍ ത്വുഫൈല്‍ അവരെ ആദ്യം വിവാഹം ചെയ്യുകയും, അദ്ദേഹം മരണപ്പെട്ടപ്പോള്‍, സഹോദരന്‍ ഉബൈദതുബ്‌നുല്‍ ഹാരിസ്(റ)- ബദ്ര്‍ യുദ്ധാനന്തരം രക്തസാക്ഷിയായ ആളും നബി(സ്വ)യുടെ പിതൃസഹോദരപുത്രനുമാണദ്ദേഹം- വിവാഹം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബദ്ര്‍ യുദ്ധത്തിനും ഉബൈദയുടെ(റ) രക്തസാക്ഷി ത്വത്തിനും ശേഷമാണ് നബി(സ്വ) അവരെ വിവാഹം ചെയ്തത്. ശിഅ്ബു അബീത്വാലിബിലെ മൂന്നു പട്ടിണിവര്‍ഷങ്ങളില്‍, അവയുടെ തീക്ഷ്ണത ആവോളം അനുഭവിച്ചവരാണ് സൈനബ്. ബദ്‌റിലെ അടര്‍ക്കളത്തില്‍ ദ്വന്ദയുദ്ധത്തില്‍ അബ്ദുല്ല രക്തസാക്ഷിയായി. അങ്ങനെയാണ് വിധവയായ സൈനബ് മുസ്‌ലിംകളുടെ കൂടി വേദനയായത്.
ഹിജ്‌റ നാലില്‍, തിരുദൂതര്‍ സൈനബിനെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. ആനന്ദം അടക്കാനാവാതെ സൈനബ് ക്ഷണം സ്വീകരിച്ചു. അവര്‍ ഉമ്മുല്‍ മുഅ്മിനീനായി പുതുതായി നിര്‍മിച്ച മുറിയിലേക്ക് താമസം മാറ്റി. എന്നാല്‍ ദൂതരോടൊത്തുള്ള ജീവിതവും അധികകാലം നീണ്ടില്ല. മാസങ്ങള്‍ മാത്രംനീണ്ട ദാമ്പത്യത്തിനൊടുവില്‍ ദൂതരെദുഃഖിതനാക്കി സൈനബ്(റ) യാത്രയായി. ബഖീഇലായിരുന്നു ഖബ്‌റിടമൊരുക്കിയത്.