വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ കൈയെഴുത്തു പകര്‍പ്പ് കൈവശംവെക്കാന്‍ ഭാഗ്യം ലഭിച്ച വിശ്വസ്തയായ വനിത-അതായിരുന്നു ഉമറിന്റെ മകള്‍ ഹഫ്‌സ്വ(റ). മരണവേളയില്‍ ഖുര്‍ആന്‍ പകര്‍പ്പ് അബൂബക്ര്‍(റ) ഉമറി(റ)നെ ഏല്പ്പിച്ചു. ഉമര്‍(റ) മകളും തിരുനബി യുടെ പത്‌നിയുമായ ഹഫ്‌സ്വയെ ഏല്പിച്ചാണ് കണ്ണടച്ചത്. ഹഫ്‌സ്വ(റ) ഇത് ഖലീഫ ഉസ്മാന്‍(റ) ആവശ്യപ്പെട്ടപ്പോള്‍ പകര്‍ത്തിയെഴുതുവാനായി കൈമാറി.
തിരുനബിക്ക് ഫാത്തിമ ജനിച്ച അതേ വര്‍ഷത്തിലാണ് ഉമറിന് ഹഫ്‌സയും പിറക്കുന്നത്. ഇത് നുബുവ്വത്തിന്റെ പത്തുവര്‍ഷം മുമ്പാണ്. പിതാവിനൊപ്പം ഇസ്‌ലാമിലേക്കു വന്ന ഹഫ്‌സ്വയെ സഹ്മ് ഗോത്രക്കാരനായ ഖുനൈസുബ്നു ഹുദാഫ വിവാഹം ചെയ്തു. അബ്‌സീ നിയ പലായനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴായിരുന്നു ഖുനൈസിന്റെ വിവാഹം. പിന്നീട് ഇരുവരും മദീനയിലേക്ക് ഹിജ്‌റപോയി. ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത ഖുനൈസ്(റ) വൈകാതെ മരണമടയുകയും ചെയ്തു.
യൗവനയുക്തയായ മകള്‍ കണ്ണീരില്‍ കുതിര്‍ന്ന സ്മൃതികളുമായി കഴിയുന്നത് വേദനയായത് പക്ഷേ, ഉമറി(റ)നായിരുന്നു. തന്റെ സങ്കടം തിരുനബിയുമായി ഇടയ്ക്കിടെ പങ്കുവെച്ചു അദ്ദേഹം. ദൂതര്‍ കുൂട്ടുകാരനെ സാന്ത്വനിപ്പിക്കും.
ഒരിക്കല്‍ ഉറച്ച തിരുമാനവുമായി ഉമര്‍(റ) പുറത്തിറങ്ങി. മകള്‍ക്ക് അനുയോജ്യനായ വരനെ കണ്ടെത്തണം. പ്രവാചക പുത്രി കൂടിയായ ഭാര്യ റുഖിയ്യ(റ)യുടെ മരണത്തോടെ ഒറ്റപ്പെട്ടു കഴിയുകയായിരുന്ന ഉസ്മാനുബ്നു അഫ്ഫാനെ(റ) സമീപിച്ചു. ''മകള്‍ ഹഫ്‌സയെ താങ്കള്‍ക്ക് വിവാഹം കഴിച്ചുകൂടേ?'' ഉമറിന്റെ ആവശ്യം ഉസ്മാന്‍ കേട്ട് ആലോ ചിച്ചുപറയാമെന്ന് പറഞ്ഞു. അല്പ ദിവസം കഴിഞ്ഞ്, വിവാഹത്തിനുദ്ദേശിക്കുന്നില്ലെന്ന് മറുപടി പറഞ്ഞുകൊണ്ട് ആ നിര്‍ദ്ദേശം സ്‌നേഹപൂര്‍വം നിരാകരിച്ചു. പിന്നിട് അബൂബക്‌റിനു(റ) മുന്നിലാണ് ഉമര്‍(റ) ഈ ആവശ്യമുന്നയിച്ചത്. കൂട്ടുകാരന്റെ ആവശ്യം അബൂബക്കര്‍(റ)കേട്ടു. പ്രതികരണമായി ഒന്നും പറഞ്ഞില്ല. ദു:ഖഭാരം അസഹ്യമായ അദ്ദേഹം തിരുനബിയുടെ മുമ്പാകെ പരാതിയുമായെത്തി ദുതര്‍ മൊഴിഞ്ഞു: ''കാത്തിരിക്കുക സുഹൃത്തേ, താങ്കളുടെ മകളേക്കാള്‍ ഒരു ഉത്തമഭാര്യയെ ഉസ്മാനു(റ)കിട്ടും, ഉസ്മാനേക്കാള്‍ ഉത്തമനായൊരാള്‍ക്ക് മകളെ വിവാഹം ചെയ്തുകൊടുക്കാന്‍ താങ്കള്‍ക്കാ വുകയും ചെയ്യും. ഉസ്മാനെക്കാള്‍ നല്ല ഒരാള്‍ താങ്കളുടെ മരുമകനായി വരും''.
ഉമറി(റ)ന്റെ വാടിയ മുഖം പ്രസന്നമായി. ഉസ്മാനെക്കാള്‍ നല്ലയാള്‍ തിരുനബിയല്ലാതെ മറ്റാരുമാവില്ല-ഉമര്‍(റ) ഊഹിച്ചു. ദൂതര്‍ക്കപ്പോള്‍ സൗദയും ആഇശയുമായിരുന്നു ഭാര്യമാരായുണ്ടായിരുന്നത്. തന്റെ 20-ാം വയസ്സില്‍ തിരുപത്‌നി പദത്തിലേക്ക് ഹഫ്‌സ്വയും കടന്നു വന്നു. അങ്ങനെ സന്തത സഹചാരി അബൂബക്‌റിനൊപ്പം(റ) ഉമറും(റ) തിരുദൂതരുടെ ഭാര്യാപിതാവെന്ന സ്ഥാനത്തെത്തി.
ഭക്തയും വിശ്വസ്തയുമായിരുന്ന ഹഫ്‌സ്വ(റ) നമസ്‌കാരം, നോമ്പ്, ദാനം എന്നിവയുള്‍പ്പെടെയുള്ള പുണ്യ കര്‍മങ്ങളില്‍ മുഴുകി ജീവിച്ചു. എഴുതാനും വായിക്കാനും അറിയാവുന്ന അപൂര്‍വം വനിതകളിലൊരാളായിരുന്നു ഹഫ്‌സ്വ(റ). ഖുര്‍ആനിന്റെ പകര്‍പ്പ് എഴുതിയുണ്ടാക്കുന്ന ജോലിയില്‍ ഇവരുടെ പങ്ക് നിസ്തുലമായിരുന്നു. 60ലധികം നബിവചനങ്ങളും അവര്‍ നിവേദനം ചെയ്തു.