Skip to main content

സ്വഫിയ്യ ബിന്‍ത് ഹുയയ്യ്(റ)

മധുവിധുവിന്റെ ഒന്നാം രാത്രിയില്‍, മണവാട്ടി സ്വഫിയ്യയുടെ മുഖത്തേക്ക് തിരുനബി സൂക്ഷിച്ചു നോക്കി. സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മുഖത്ത്, കണ്‍തടത്തില്‍ ഒരു കറുത്ത പാട്  ദൂതര്‍ കാരണമാരാഞ്ഞു. സ്വഫിയ്യ ആ കഥ പറഞ്ഞു:

ഖൈബറിലെ വീരനായകന്‍ കിനാനയുമൊത്തുള്ള വിവാഹത്തിന്റെ ആദ്യരാവ്. കളിചിരിക്കൊടുവില്‍ രാത്രിയുടെ ഏതോ യാമത്തില്‍ അവരുറങ്ങി. മനവും മിഴിയും ഉറക്കിലലിഞ്ഞപ്പോള്‍ സ്വഫിയയ്യുടെ അകക്കണ്ണില്‍ ഒരു സ്വപ്നം തെളിഞ്ഞു വന്നു. മദീനയുടെ മാനത്ത് ഉദിച്ച്, നീങ്ങി നീങ്ങിയെത്തിയ പൂര്‍ണചന്ദ്രന്‍ സ്വഫിയ്യയുടെ മടിത്തട്ടില്‍വന്നുവീഴുന്നു. സ്വഫിയ്യ ഞെട്ടിയുണര്‍ന്നു. കിനാന കാരണമാരാഞ്ഞു. മറുപടി പറഞ്ഞ സ്വഫിയ്യയുടെ മുഖത്ത് കിനാനയുടെ കരുത്തുറ്റകരം ആഞ്ഞു പതിച്ചു. ''ഹിജാസിലെ മുഹമ്മദിനെ നീ മനസ്സിലിട്ടു നടക്കുന്നുണ്ടാവും.'' കിനാന രോഷത്തോടെ പറഞ്ഞു. കരിവാളിച്ചു പോയി ആ സുന്ദരമുഖം.

ഖൈബര്‍കോട്ട പിടിച്ചതിനു ശേഷം മടക്ക യാത്രയില്‍, സ്വഹ്ബായില്‍ ഒരുക്കിയ കൂടാരത്തിലെ മണിയറയില്‍ സ്വഫിയ്യയുടെ മടിയില്‍ തലവെച്ച് കിടക്കുകയായിരുന്നു ഭര്‍ത്താവായ തിരുദൂതരപ്പോള്‍.

ഖൈബര്‍ പിടിച്ചടക്കിയ മുസ്‌ലിംകള്‍ ഖമ്മുസ് കോട്ടയുടെ നായകനും സ്വഫിയ്യയുടെ ഭര്‍ത്താവുമായ കിനാനയെ വധിച്ചു. സ്വഫിയ്യയടക്കമുള്ള സ്ത്രീകളെ ബന്ദികളാക്കി. അവരെ വീതം വെച്ചപ്പോള്‍സ്വഫിയ്യയെ കിട്ടിയത് ദിഹ്‌യത്തുല്‍ കല്‍ബി(റ)ക്കായിരുന്നു. എന്നാല്‍ ബനൂനളീറിലെ രാജകുമാരിയായ സ്വഫിയ്യയെ തിരുനബി എടുക്കണമെന്ന് പ്രമുഖസ്വഹാബികള്‍ നിര്‍ദേശിച്ചു. അങ്ങനെ അവരെ തിരുനബി സ്വീകരിച്ചു.

''നീ ഇസ്‌ലാം തെരഞ്ഞെടുക്കുന്നുവെങ്കില്‍ എന്റെ കൂടെ നില്ക്കാം. ജൂതമതത്തില്‍ തുടരുകയാണെങ്കില്‍ നിനക്ക് അവരിലേക്ക് മടങ്ങാം'' ദൂതര്‍ സ്വഫിയ്യക്ക് സ്വാതന്ത്ര്യം നല്കി.

''ഇസ്‌ലാമും കുഫ്‌റും തെരെഞ്ഞെടുക്കാന്‍ അങ്ങെനിക്ക് സ്വാതന്ത്ര്യം നല്കി. ജൂതമതത്തിലേക്ക്  പോകുന്നതിനെക്കാള്‍ ഞാനിഷ്ടപ്പെടുന്നത് അല്ലാഹുവിനെയും അവന്റെ റസൂലിനെയുമാണ് '' സ്വഫിയ്യ നിലപാട് വ്യക്തമാക്കി.

അങ്ങനെ മദീനയിലെ പൂര്‍ണ ചന്ദ്രനെ ഖൈബറിലെ രാജകുമാരി വരനായി വരിച്ചു. ഖൈബര്‍ സംഘം മദീനയിലെത്തിയ അന്നുതന്നെയാണ് നജ്ജാശി വഴി തിരുനബി വിവാഹം ചെയ്ത ഉമ്മു ഹബീബയും അബ്‌സീനിയായില്‍ നിന്ന് തിരിച്ചുവരുന്നതും. ഉമ്മുഹബീബക്കായി നബി(സ്വ) മുറിയൊരുക്കിയിരുന്നു. സ്വഫിയ്യയെ തല്ക്കാലം നബി(സ്വ) ഹാരിസുബ്നു നുഅ്മാന്റെ(റ) വീട്ടില്‍ പാര്‍പ്പിച്ചു.

യൗവനയുക്തയും സുന്ദരിയും എന്നതിലുപരി ഖൈബറിലെരാജകുമാരിയുമായ സ്വഫിയ്യയുടെ വരവ് ആഇശക്കും ഹഫ്‌സ്വ(റ)ക്കും നേരിയ നീരസമുണ്ടാക്കി. അവര്‍ ഇടക്കിടെ സ്വഫിയ്യയെ 'ജൂതപ്പെണ്ണ്' എന്ന് വിശേഷിപ്പിച്ചു. സ്വഫിയ്യ തിരുനബിയോട് പരാതി പറഞ്ഞു. ''എന്റെ ഭര്‍ത്താവ് മുഹമ്മദും പിതാമഹന്‍ ഹാറൂനും പിതൃവ്യന്‍ മൂസായുമാണ്. അതിനാല്‍ നിങ്ങളെക്കാള്‍ യോഗ്യയാണ് ഞാന്‍ എന്ന് അവരോട് മറുപടി പറഞ്ഞേക്ക്.'' തിരുനബി സ്വഫിയ്യക്ക് ധൈര്യം പകര്‍ന്നു.

പിന്നീട് ആഇശ, ഹഫ്‌സ്വ, സൗദ എന്നിവരുമായി അടുത്ത സൗഹൃദത്തിലായി സ്വഫിയ്യ. തിരുദൂതര്‍(സ്വ) രോഗശയ്യയിലായി. കലശലായ പനിയില്‍ അവിടുന്ന് വിറക്കുമ്പോള്‍ അടുത്തിരുന്ന സ്വഫിയ്യയുടെ കണ്ണുകള്‍ നിറഞ്ഞു. ''അങ്ങയുടെ രോഗം എനിക്കു വന്നെങ്കില്‍ റസൂലേ'' എന്ന് അവര്‍ പറഞ്ഞുപോയി. ഈ വാക്കുകള്‍ കേട്ട് മറ്റു ഭാര്യമാര്‍ പിറുപിറുത്തു.

തിരുനബി ഭാര്യമാരെ തിരുത്തി. ''സ്വഫിയ്യ പറഞ്ഞത് അവളുടെ ഹൃദയമറിഞ്ഞുകൊണ്ടു തന്നെയാണ്. നിങ്ങള്‍ അവളെ പരിഹസിച്ചത് ശരിയായില്ല''.

തിരുദൂതര്‍(സ്വ) വിടവാങ്ങി. ഇസ്‌ലാമിക ജീവിതം നയിച്ച സ്വഫിയ്യ വീട്ടിലൊതുങ്ങിക്കഴിഞ്ഞു. ധര്‍മിഷ്ഠയായിരുന്നു അവര്‍. മരണത്തിനു മുമ്പ് തന്റെവീട് ‌പോലും അവര്‍ ദാനം ചെയ്തു. ഖലീഫ ഉസ്മാന്‍ കലാപകാരികളുടെ തടങ്കലില്‍ കഴിയുമ്പോള്‍ രഹസ്യമായി സ്വഫിയ്യ അദ്ദേഹത്തിന് ഭക്ഷണമെത്തിച്ചിരുന്നു.

ഖൈബറിലെ ജൂതനേതാവ് ഹുയയ്യുബ്‌നു അഖ്ത്വബിന്റെ പുത്രിയായി ക്രിസ്തുവര്‍ഷം 608ല്‍ ജനനം. സല്ലാമുബ്‌നു മുശ്കിം ആദ്യ വരന്‍. പിന്നീട് കിനാനത്തുബ്‌നുര്‍റബീഇന്റെ വധുവായി. മുസ്‌ലിമായതിനെത്തുടര്‍ന്ന് ഹിജ്‌റ ഏഴില്‍ ഉമ്മുല്‍ മുഅ്മിനീനായി തിരുജീവിതത്തിലേക്ക് വന്നു.

62ാം വയസ്സില്‍ (ഹിജ്‌റ 52ാം വര്‍ഷം) ക്രിസ്തുവര്‍ഷം 670ല്‍ മദീനയില്‍ നിര്യാതയായി. മുആവിയ(റ)യുടെ ഖിലാഫത്ത് കാലമായിരുന്നു അപ്പോള്‍. നബിയില്‍ നിന്ന് പത്ത് ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്.
 

Feedback