അബ്ബാസീ ഖിലാഫത്തിനു കീഴില്‍ വടക്കെ ആഫ്രിക്കയിലെ തുണീഷ്യ കേന്ദ്രമാക്കി നിലവില്‍ വന്ന സ്വതന്ത്ര ഭരണകൂടമാണ് അഗ്‌ലബീ (ഹി: 184-269,ക്രി: 800-908). 110 വര്‍ഷം നിലനിന്ന ഈ ഭരണകൂടത്തിന് ക്രി. വ 800ല്‍ (ഹി. 186) ഇബ്രാഹീമുബ്‌നു അഗ്‌ലബാണ് അസ്തിവാരമിട്ടത്.
ആഫ്രിക്ക എന്നും അബ്ബാസികള്‍ക്ക് തലവേദനയായിരുന്നു. അവിടത്തെ ബര്‍ബരികള്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കി. ഹര്‍സമയെപ്പോലുള്ള ഭരണ നിപുണരായ ഗവര്‍ണര്‍മാരെ നിയോഗിച്ചിട്ടും രക്ഷയുണ്ടായില്ല. ഈജിപ്തില്‍ നിന്നുള്ള വരുമാനം (ഒരു ലക്ഷം ദീനാര്‍) മുഴുവന്‍ അങ്ങോട്ട് നല്‍കിയെന്നു മാത്രമല്ല, ആഫ്രിക്കയില്‍ നിന്ന് ബഗ്ദാദിലേക്ക് ഒന്നും ലഭിച്ചതുമില്ല.
ഈ സാഹചര്യത്തിലാണ് ഇബ്‌റാഹീമുബ്‌നു അഗ്‌ലബ് ഖലീഫ ഹാറൂന്‍ റശീദിനെ സമീപിച്ചത്. ''തന്നെ ആഫ്രിക്കയിലെ ഗവര്‍ണറാക്കുകയും സ്വതന്ത്ര ചുമതല നല്‍കുകയും ചെയ്താല്‍ അവിടെ നിന്ന് വര്‍ഷം തോറും 40,000 ദീനാര്‍ ബഗ്ദാദിനു നല്‍കാം'' എന്ന് ഇബ്‌റാഹീം ഖലീഫയെ അറിയിച്ചു.
രണ്ടാമതൊന്ന് ചിന്തിക്കാതെ ഖലീഫ ഹാറൂന്‍ അത് സമ്മതിച്ചു. അങ്ങനെ ഖൈറുവാന്‍ ആസ്ഥാനമാക്കി ക്രി. 800ല്‍ ഇബ്‌റാഹീം തുണീഷ്യയില്‍ സ്വതന്ത്ര ഗവര്‍ണറായി.
സമര്‍ഥനും ധിഷണാശാലിയുമായ ഇബ്‌റാഹീം ആദ്യത്തില്‍ ബര്‍ബറുകളോട് പിടിച്ചു നില്‍ക്കാന്‍ ഏറേ ക്ലേശം സഹിച്ചു. ട്രിപ്പോളിയിലും തുണീഷ്യയിലും ഖൈറുവാനിലും വെച്ച് അവരുമായി ഏറ്റുമുട്ടല്‍ നടത്തി. ബഗ്ദാദില്‍ നിന്നുള്ള സൈനിക സഹായത്തിന്റെ പിന്‍ബലത്തില്‍ ലഹളകളെല്ലാം അടിച്ചമര്‍ത്തി.
പന്ത്രണ്ടു വര്‍ഷം അദ്ദേഹം ഭരണം നടത്തി. സ്വതന്ത്ര ഭരണമായതിനാല്‍ ഗവര്‍ണര്‍ എന്നതിനു പകരം അമീര്‍ എന്ന നാമം സ്വീകരിച്ചു. ബഗ്ദാദിനു നല്‍കേണ്ട 40,000 ദീനാര്‍ അടവാക്കുകയും ചെയ്തു.
അബ്ബാസ എന്ന പേരില്‍ നഗരം പണിത് തലസ്ഥാനം അങ്ങോട്ട് മാറ്റി.
ക്രി. വ 812ല്‍ ഇബ്‌റാഹീം അന്തരിച്ചു.