Skip to main content

അബ്ബാസിയാ കാലഘട്ടം (23)

ചരിത്രത്തിലെ അതിശയിപ്പിക്കുന്ന യാദൃച്ഛികതകളിലൊന്നാണ് അബ്ബാസീ ഖിലാഫത്തിന്റെ ഉദയം (ക്രി.വ 750-1258). ഉമവീ ഭരണത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്ത് വരികയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപങ്ങളുണ്ടാക്കി ഉമവീ ഭരണാധികാരികള്‍ക്ക് തലവേദനയുണ്ടാക്കുകയും ചെയ്തിരുന്നത് ശീആ, ഖവാരിജ് വിഭാഗങ്ങളായിരുന്നു. എന്നാല്‍ ഒമ്പതു ശതകത്തോളം രാജ്യംഭരിച്ച ഉമവികളെ മറിച്ചിട്ട് ഒടുവില്‍ അധികാര കിരീടം ചൂടിയതാവട്ടെ അതുവരെ ചരിത്രത്തിലില്ലാത്ത അബ്ബാസികളും. ക്രി. വ 750 (ഹി. 132)ല്‍ തുടങ്ങിയ ഖിലാഫത്ത് നാലു നൂറ്റാണ്ടുകള്‍ നീണ്ടുനിന്നു. മുസ്‌ലിം ചരിത്രത്തില്‍ തന്നെ നീണ്ട ഭരണകാലമാണിത്.

ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ ഭരണകാലത്തു (717-720) തന്നെ അമവികള്‍ക്കെതിരായ അമര്‍ഷം അണിയറയില്‍ ആരംഭിച്ചിരുന്നു. മുഹമ്മദ് നബി(സ്വ)യുടെ ഗോത്രമായ ഹാശിമികളായിരുന്നു ഇതിനു പിന്നില്‍. അമവികളേക്കാള്‍ ഭരണത്തിന് അര്‍ഹര്‍ നബി കുടുംബമായ തങ്ങളാണെന്നായിരുന്നു ഇവരുടെ പക്ഷം. അവര്‍ പിന്നീട് രണ്ടുവിഭാഗമായി.

ഖിലാഫത്ത് വന്നുചേരേണ്ടത് അലിയിലേക്കും അദ്ദേഹത്തിന്റെ സന്താനങ്ങളിലേക്കു മാണെന്ന് വാദിച്ച ശീഅത്തു അലി അഥവാ ശീഈകള്‍. നബി(സ്വ)യുടെ പിതൃവ്യന്‍ അബ്ബാസിന്റെ സന്തതികളാണ് ഖിലാഫത്തിന്റെ യഥാര്‍ഥ അവകാശികളെന്നു വാദിച്ച അബ്ബാസികള്‍. മഹാന്മാരായ സ്വഹാബിവര്യന്മാര്‍, അലി(റ) എന്നിവര്‍ക്ക് ഈ പ്രശ്‌നവുമായി ഒരു ബന്ധവുമില്ല.

ഇറാഖ് കേന്ദ്രമാക്കിയായിരുന്നു ഇവരുടെ കരുനീക്കങ്ങള്‍. വര്‍ഷങ്ങള്‍ കഴിഞ്ഞു. ശീഈ വിഭാഗത്തിന്റെ ഇമാമായിരുന്ന അബൂഹാശിം അബ്ദുല്ല മരിച്ചപ്പോള്‍ (ഹി. 100) പിന്‍ഗാമിയാവാന്‍ യോജിച്ച ആളില്ലായിരുന്നു. അങ്ങനെയാണ് അടുത്ത ഇമാമായി മുഹമ്മദുബ്‌നു അലി വാഴിക്കപ്പെടുന്നത്. ഇദ്ദേഹം പ്രസിദ്ധ സ്വഹാബി അബ്ദുല്ലാഹിബ്‌നു അബ്ബാസിന്റെ പൗത്രനായിരുന്നു.

ഇറാഖിനു പുറമേ ഇറാനിലും സിറിയയിലും ഇവര്‍ ശക്തി പ്രാപിച്ചു. ഇറാനികളില്‍ അറബി വിരോധം വളര്‍ത്തിയും അമവീ വിരുദ്ധവികാരം കത്തിച്ചും ഇവര്‍ സജീവമായി നിലകൊണ്ടു.

ഹാശിം കുടുംബത്തിനും പ്രത്യേകിച്ച് അബ്ബാസികള്‍ക്കും പിന്തുണയുമായി അബൂമുസ്്‌ലിം അല്‍ ഖുറാസാനി രംഗപ്രവേശം ചെയ്തതോടെ ചിത്രം പെട്ടെന്ന് മാറിമറിഞ്ഞു. അമവീ ഭരണത്തിന് അന്ത്യം കുറിക്കാനും അബ്ബാസീ ഭരണം സ്ഥാപിക്കാനും ഓടി നടന്നത് അദ്ദേഹമാണ്. ആഭ്യന്തര ശൈഥില്യത്താല്‍ കലങ്ങിമറിഞ്ഞ മര്‍വാനുബ്‌നു മുഹമ്മദിന്റെ ഖിലാഫത്ത് ഹിജാസിലും ഇറാഖിലും സിറിയയിലും തന്നെയും ആടിയുലഞ്ഞു.

ഈ വേളയിലാണ് 750ല്‍ അബ്ബാസീ നേതാവ് അബുല്‍ അബ്ബാസിനെ കൂഫയിലെ ഖലീഫയായി അബൂമുസ്‌ലിം പ്രഖ്യാപിച്ചത്.

ഇതിനെ അടിച്ചമര്‍ത്താന്‍ വന്‍ സൈന്യവുമായി ഉമവീ ഖലീഫ മര്‍വാനുബ്‌നു മുഹമ്മദെത്തി. എന്നാല്‍ പരാജയപ്പെട്ട് പിന്തിരിഞ്ഞ് ഈജിപ്തിലെ ബൂസൂറില്‍ അഭയം തേടിയ മര്‍വാനെ അബ്ദുല്‍ അബ്ബാസ് വധിച്ചു. അങ്ങനെ ദമസ്‌കസും അവരുടെ കീഴില്‍ വന്നു. 92 വര്‍ഷം കൊണ്ട് മുആവിയ അടിത്തറയിട്ട ഉമവീഖിലാഫത്തിന് അതോടെ അന്ത്യമായി.

ഹി. 132 ദുല്‍ഹജ്ജ് 27ന് (ക്രി. 750) ഇറാഖിലെ അംബാര്‍ ആസ്ഥാനമാക്കി അബ്ദുല്‍ അബ്ബാസ് അബ്ദുല്ല അസ്സഫ്ഫാഹ് അബ്ബാസീ ഖിലാഫത്തിന്റെ സമാരംഭം കുറിച്ചു. 

Feedback