Skip to main content

യുവതുര്‍ക്കികള്‍

തുര്‍ക്കിയെ ഏകാധിപത്യത്തില്‍ നിന്ന് ദേശീയ ജനാധിപത്യ-മതേതര പാതയിലേക്ക് വഴിനടത്താനായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ രൂപംകൊണ്ട രാഷ്ട്രീയ പ്രതിഭാസമാണ് യുവതുര്‍ക്കികള്‍. തുര്‍ക്കിയെ ഫെഡറല്‍ റിപ്പബ്ലിക്കാക്കുക, വിവിധ ദേശീയതകള്‍ക്ക് സ്വയംഭരണ പദവി നല്‍കുക, പാര്‍ലമെന്റ് രൂപീകരിക്കുക, സുല്‍ത്താന്‍ ഭരണഘടനാ വിധേയനായ രാഷ്ട്രത്തലവനാകുക തുടങ്ങിയവയായിരുന്നു ഇവരുടെ മുഖ്യ ആവശ്യങ്ങള്‍

പുതുതായി നിലവില്‍ വന്ന പാര്‍ലമെന്റിനെ പിരിച്ചുവിടുകയും ഭരണഘടനയെ സസ്‌പെന്റ് ചെയ്യുകയും ചെയ്തുകൊണ്ടുള്ള സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ 1878 ഫെബ്രുവരി 14ലെ നടപടിയോടെയാണ് യുവ തുര്‍ക്കികള്‍ പരസ്യമായി രംഗത്തുവന്നത്.

ഭരണഘടന സസ്‌പെന്റ് ചെയ്തതിനെ തുടര്‍ന്ന് യുവ തുര്‍ക്കികളില്‍ പലരെയും നാടുകടത്തുകയോ  ജയിലിടക്കുയോ ചെയ്തു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ചില യുവാക്കളായിരുന്നു ഈ സംഘടനക്കു പിന്നില്‍. മദ്ഹത്ത് പാഷ, നാമക് കമാല്‍, ആയത്തുല്ല ബേഗ് തുടങ്ങിയ ആറുപേരാണ് സ്ഥാപക നേതാക്കള്‍. കൗതുകകരമായ കാര്യം സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമനും ഇവരുടെ അനുഭാവിയായിരുന്നു എന്നതാണ്. അതുപക്ഷേ സുല്‍ത്താനാവുന്നതിന്റെ മുമ്പാണ്.

സാഹിത്യകാരന്‍മാര്‍, പത്രപ്രവര്‍ത്തകര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സൈന്യത്തിലെ ഉന്നതര്‍ തുടങ്ങിയവര്‍ ഇവര്‍ക്ക് രഹസ്യപിന്തുണയും നല്‍കി.

നാടുകടത്തപ്പെട്ടവര്‍ ജനീവയും പാരീസും കേന്ദ്രമാക്കിയും പ്രവര്‍ത്തനം തുടര്‍ന്നു. യുവതുര്‍ക്കി എന്ന പേരില്‍ പത്രവും ഇറക്കി. സൈനിക ജനറല്‍മാരായ ഷൗക്കത്ത് പാഷ, അന്‍വര്‍ ഹേഗ്, നിയാസിബേഗ് എന്നിവരും പില്‍ക്കാലത്ത് യുവതുര്‍ക്കികളുടെ പിതാവ് എന്ന പേരില്‍ പ്രസിദ്ധനായ മുസ്തഫ കമാല്‍ അത്താതുര്‍ക്കും ഇവരോടൊപ്പം ചേര്‍ന്നു.

യുവതുര്‍ക്കി പിന്നീട് ജംഇയ്യത്തുല്‍ ഇത്തിഹാദിവത്തറഖി (Party of Union and Progress) എന്ന സംഘടനയായി. 1909ല്‍ ഭരണഘടനയും പാര്‍ലമെന്റും പുന:സ്ഥാപിച്ചു. വിപ്ലവത്തിനും പ്രതിവിപ്ലവത്തിനുമൊടുവില്‍ യുവതുര്‍ക്കികള്‍ വിജയം കണ്ടു. ഭരണം അവരുടെ കൈകളിലായി. സുല്‍ത്താന്‍ അലങ്കാരവുമായി.

 


 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446