സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിനെതിരൈ വിപ്ലവരംഗത്തു വന്ന യുവതുര്‍ക്കികള്‍ സ്വാതന്ത്ര്യത്തിന്റെ ശബ്ദം മുഴക്കിയപ്പോള്‍ അല്‍ ജാമിഅത്തുല്‍ ഇസ്‌ലാമിയ്യ എന്ന നവീനാശയമാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇതുവഴി ഇസ്‌ലാമിക ലോകത്തിന്റെ ഐക്യം അബ്ദുല്‍ ഹമീദ് വിഭാവന ചെയ്തു. പരിഷ്‌കരണത്തിന്റെ വന്‍ പദ്ധതികള്‍ അദ്ദേഹം സ്വീകരിച്ചു. അതില്‍ സുപ്രധാനമായ ഒന്ന് ഹിജാസ് റെയില്‍പാതയായിരുന്നു.
ഹിജാസില്‍ നിന്ന് മദീന വരെയുള്ള 1303 കി.മി. ദൈര്‍ഘ്യമുള്ള റെയില്‍പാത 1908ല്‍ സുല്‍ത്താന്‍ പൂര്‍ത്തിയാക്കി. ജര്‍മന്‍-തുര്‍ക്കി എഞ്ചിനീയറിങ്ങ് മികവില്‍ സഫലമായ ഈ വന്‍കിട പദ്ധതിക്ക് മൂന്ന് ദശലക്ഷം പവന്‍ ചെലവ് വന്നു. ഇതില്‍ മൂന്നിലൊന്ന് മുസ്‌ലിം ലോകം സംഭാവന ചെയ്തു. ബര്‍ലിന്‍ മുതല്‍ ബസ്വറ വരെ നീണ്ടുകിടക്കുന്ന റെയില്‍ റോഡ് പദ്ധതിയും അദ്ദേഹം ആവിഷ്‌കരിച്ചു.
ഹജ്ജ് യാത്രികരെ ഏറെ സന്തോഷിപ്പിച്ചു ഈ പാത. സിറിയന്‍ തീരത്തു നിന്ന് ഹിജാസിലെത്താന്‍ കപ്പല്‍ വഴി പതിനഞ്ചു ദിവസമെടുത്തിരുന്നവര്‍ കേവലം അഞ്ച് ദിവസം കൊണ്ട് പുണ്യനഗരിയിലെത്തിത്തുടങ്ങി.
മദീനയും മുസ്‌ലിം നഗരങ്ങളും സാമ്പത്തിക വാണിജ്യ പുരോഗതിയിലേക്ക് ദ്രുതഗതിയില്‍ മുന്നേറാന്‍ ഹിജാസ് റെയില്‍ ഏറ സഹായകമായി. സുല്‍ത്താന്‍ ഏവര്‍ക്കും പ്രിയങ്കരനായി.
എന്നാല്‍ ബ്രിട്ടന്‍ ഇതിലെ അപകടം മണത്തറിഞ്ഞു. അവര്‍ ഹിജാസ് ഗവര്‍ണര്‍ ശരീഫ് ഹുസൈനെ ഉപയോഗപ്പെടുത്തി. തുര്‍ക്കികള്‍ക്ക് ഹിജാസ് അക്രമിക്കാനുള്ള എളുപ്പവഴിയാവും ഈ റെയില്‍പാതയെന്ന് അവര്‍ ഗവര്‍ണറെ ധരിപ്പിച്ചു. ബ്രിട്ടന്റെ തന്ത്രത്തില്‍ വീണുപോയ ശരീഫ് ഹുസൈന്‍ 1916ല്‍ അറബ് ദേശീയ വാദികളുടെ സഹായത്തോടെ ഈ ചരിത്രപാതയെ ബോംബിട്ട് തകര്‍ക്കുകയായിരുന്നു.
ഇസ്തംബൂള്‍ സര്‍വകലാശാല, എഞ്ചിനീയറിങ്, മെഡിക്കല്‍, സയന്‍സ് കോളജുകള്‍ ഒട്ടേറെ ലൈബ്രറികള്‍, പ്രസിദ്ധീകരണാലയങ്ങള്‍ തുടങ്ങിയവ ആധുനിക തുര്‍ക്കിയുടെ രാജശില്പിയായ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ സ്ഥാപിച്ചു.