Skip to main content

സൈന്ധവ നാഗരികത

ഈജിപ്ഷ്യന്‍, മെസൊപ്പൊട്ടേമിയന്‍ നാഗരികതകള്‍ക്ക് സമകാലികമായി ഇന്ത്യയില്‍ സിന്ധു നദീതടത്തില്‍ ഏകദേശം അയ്യായിരം കൊല്ലം മുമ്പ് മഹത്തായൊരു നാഗരികത നിലവിലുണ്ടായിരുന്നു. രണ്ടായിരം ബിസിയില്‍ ഉച്ചസ്ഥാനത്തെത്തിയ ഈ നാഗരികത ബി സി 2500 മുതല്‍ 1800 വരെ നിലനിന്നു. സിന്ധു പ്രദേശത്തെ മോഹന്‍ജൊ ദാരൊ, പഞ്ചാബിലെ ഹാരപ്പ, സിന്ധിലെ തന്നെ ചാന്‍ഹുദാരോ, ഗുജറാത്തിലെ ലോത്താന്‍, രാജസ്ഥാനിലെ കാലിഭാന്‍ഗന്‍, ഹരിയാനയിലെ ബനവാലി എന്നീ ആറു നഗരങ്ങളിലാണ് വികസിത രൂപത്തില്‍ ഇത് നിലനിന്നിരുന്നത്. ഇതില്‍ മോഹന്‍ജൊ  ദാരൊ പല തവണ പുനര്‍നിര്‍മിക്കപ്പെട്ടിട്ടുണ്ട്. നഗരങ്ങള്‍ ആസൂത്രിതങ്ങളായിരുന്നു എന്നതാണ് എടുത്തുപറയത്തക്ക പ്രത്യേകത. വീതിയുള്ള നിരത്തുകള്‍ നഗരത്തെ പല മേഖലകളാക്കി തിരിക്കുന്നു. ആധുനിക നിലവാരം പുലര്‍ത്തുന്ന അഴുക്കുചാല്‍ പദ്ധതിയാണ് മറ്റൊരു പ്രത്യേകത. വീടുകള്‍, കൊട്ടാരങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവക്ക് പുറമെ സാമൂഹ്യ ആവശ്യങ്ങള്‍ക്കായുള്ള മുനിസിപ്പല്‍ കെട്ടിടങ്ങളും ധാന്യപ്പുരകളും മറ്റും നിര്‍മിച്ചിരുന്നു. ചുട്ട മണ്‍കട്ടകളാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്.

നഗരവാസികളാണെങ്കിലും കൃഷിയില്‍ വ്യാപൃതരായിരുന്നു. വെങ്കലത്തിലും ചെമ്പിലും തീര്‍ത്ത ആയുധങ്ങളും വീട്ടുപകരണങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. മണ്‍പാത്ര നിര്‍മാണം, പരുത്തിത്തുണി നെയ്ത്ത് എന്നിവയായിരുന്നു പ്രധാന കൈത്തൊഴിലുകള്‍. വാണിജ്യബന്ധങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന മൃഗങ്ങളുടെ ചിത്രങ്ങളും ലിഖിതങ്ങളും മുദ്രണം ചെയ്ത നിരവധി സീലുകള്‍ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. സൈന്ധവ നാഗരികതയുടെ കേന്ദ്രങ്ങളില്‍ ഒരു തരം ലിപി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും അവ പൂര്‍ണമായും വായിച്ച് ഗ്രഹിക്കാന്‍ സാധിച്ചിട്ടില്ല. 

ശക്തിയുടെ മൂര്‍ത്തിയായി സങ്കല്പിക്കപ്പെട്ട് ആരാധിക്കപ്പെട്ടിരുന്നത് മാതൃദേവത ആയിരുന്നു. വൃക്ഷങ്ങളും മൃഗങ്ങളും കല്ലുകളും കൂടാതെ മൃഗങ്ങളാല്‍ വലയം ചെയ്ത മൂന്നു കൊമ്പുള്ള രൂപത്തെയും ആരാധിച്ചിരുന്നു. പശുപതി(ശിവന്‍)യുടേതാണ് ഈ രൂപമെന്ന് കരുതപ്പെടുന്നു. സൈന്ധവ നാഗരികതക്ക് മെസൊപ്പൊട്ടേമിയന്‍ നാഗരികതയുമായി സാമ്യങ്ങളേറെയുണ്ട്. ഈ രണ്ട് പ്രദേശങ്ങളിലെയും ജനങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ടിരുന്നുവെന്നാണ് കരുതപ്പെടുന്നത്. സൈന്ധവ സംസ്‌കാരത്തിന്റെ അന്ത്യം പ്രളയമോ ഭൂകമ്പമോ കൊണ്ട് സംഭവിച്ചതാണെന്നും വൈദേശികാക്രമണം മൂലം സംഭവിച്ചതാണെന്നും രണ്ടഭിപ്രായമുണ്ട്.
 

Feedback
  • Thursday Oct 31, 2024
  • Rabia ath-Thani 27 1446