Skip to main content

വൈദിക സംസ്‌കാരം

വൈദികകാലം ആദി വേദകാലമെന്നും പില്‍ക്കാല വേദകാലമെന്നും വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. ആദി വേദകാലത്ത് ആര്യന്‍മാര്‍ അഫ്ഗാനിസ്ഥാന്‍, പഞ്ചാബ് എന്നീ പ്രദേശങ്ങളിലായിരുന്നു വസിച്ചിരുന്നത്. ഏഴു നദികളുടെ നാട് (സപ്തസിന്ധു) എന്നാണ് ഈ ഭൂവിഭാഗത്തെ വിളിച്ചുവരുന്നത്. ഉത്തരേന്ത്യയിലേക്കും ബംഗാള്‍ പ്രദേശങ്ങളിലേക്കും അവര്‍ പില്‍ക്കാലത്ത് വ്യാപിച്ചു. ഈ പ്രദേശമാണ് ആര്യാവര്‍ത്ത എന്നും മധ്യദേശ എന്നും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. ബി സി 1200നും 600നും ഇടയിലുള്ള കാലഘട്ടമാണ് വേദകാലഘട്ടമായി അറിയപ്പെടുന്നത്. നാലു വേദങ്ങളും ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും ഈ കാലഘട്ടത്തിലാണ് രചിക്കപ്പെട്ടത്.

ഇതിഹാസ കാലഘട്ടത്തിലാണ് ആര്യന്‍മാര്‍ ദക്ഷിണേന്ത്യയിലേക്ക് പ്രവേശിച്ചത്. 1017 സ്തുതിഗീതങ്ങളടങ്ങിയ ഋഗ്വേദമാണ് ആര്യന്‍മാരുടെ ആദ്യരചന. വേദങ്ങളില്‍ അടങ്ങിയ ജ്ഞാനം ദൈവദത്തമാണെന്നാണ് കരുതപ്പെടുന്നത്. യജുര്‍വേദം, സാമവേദം, അഥര്‍വ വേദം എന്നിവ പില്‍കാലത്ത് രചിക്കപ്പെട്ടു. വൈദികമന്ത്രങ്ങള്‍ അടങ്ങിയതാണ് സംഹിതകള്‍. 

മക്കത്തായ സമ്പ്രദായം സ്വീകരിച്ചിരുന്ന ആര്യന്‍ സമൂഹത്തിന്റെ രാഷ്ട്രത്തിലെ ഏറ്റവും ചെറിയ ഘടകം ഗ്രാമമായിരുന്നു. രാജഭരണമായിരുന്നു പൊതു ഭരണക്രമമെങ്കിലും രാജാവ് ഏകാധിപതിയായിരുന്നില്ല. ജനഹിതമനുസരിച്ച് ഭരണം നടത്താന്‍ രാജാവിനെ ഉപദേശിക്കാനായി സഭ(മുതിര്‍ന്നവരുടെ സഭ)യും സമിതി(പൊതുസഭ)യും ഉണ്ടായിരുന്നു. ബ്രാഹ്മണ്‍, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നിങ്ങനെ സമൂഹത്തില്‍ നാലു തട്ടുകളുണ്ടായിരുന്നുവെങ്കിലും ജാതിസമ്പ്രദായത്തെച്ചൊല്ലിയുള്ള വേര്‍തിരിവ് രൂക്ഷമായത് പില്‍ക്കാലത്താണ്. കൃഷിയായിരുന്നു മുഖ്യതൊഴില്‍. ഭൂമിയും കന്നുകാലികളുമായിരുന്നു മുഖ്യ സമ്പത്ത്. ധാന്യം, പാല്‍, പഴം എന്നിവക്കൊപ്പം സസ്യേതര ആഹാരവും സാധാരണമായിരുന്നു.

പൃഥ്വി, വരുണന്‍, മിത്ര, രുദ്ര, അഗ്നി എന്നിങ്ങനെ പ്രകൃതിശക്തികള്‍ക്ക് മനുഷ്യരൂപം കല്പിച്ച ദേവന്‍മാരെയാണ് ആര്യന്‍മാര്‍ വണങ്ങിയിരുന്നത്. ഇന്ദ്രന്‍ ദേവന്‍മാരിലെ പ്രധാനിയായി ഗണിക്കപ്പെട്ടു. മറഞ്ഞിരിക്കുന്ന ഒരേയൊരു ഉണ്‍മയെ കവികളും പുരോഹിതന്‍മാരും തങ്ങളുടെ വചനം കൊണ്ട് പലതാക്കി തീര്‍ക്കുന്നുവെന്ന പ്രഖ്യാപനം യഥാര്‍ഥ ദൈവസങ്കല്പവും ദൈവത്തിന്റെ ഏകത്വവും തന്നെയാണ് ബലപ്പെടുത്തുന്നത് (എന്‍സൈക്ലോപീഡിയ ഓഫ് വേള്‍ഡ് റിലീജ്യന്‍, പേജ് 187). പ്രാര്‍ഥനയും ജപവും യാഗങ്ങളുമായിരുന്നു പ്രധാന ആരാധനാ രീതികള്‍. പില്‍ക്കാലത്ത് സംരക്ഷകനായ വിഷ്ണുവിലേക്ക് ആരാധനകള്‍ കേന്ദ്രീകരിക്കപ്പെട്ടു. ഇതോടൊപ്പം മൃഗബലിയും സാധാരണമായതോടെ പുരോഹിത വര്‍ഗം സൃഷ്ടിക്കപ്പെടുകയും അവര്‍ ചില രംഗങ്ങളില്‍ മേധാവിത്വം പുലര്‍ത്തുകയും ചെയ്തു.


 

References

 
1. ഇസ്‌ലാം ചരിത്രവും വികാസവും (വാള്യം നാല്)
2. ഖുര്‍ആന്‍ ഒരു സത്യാന്വേഷിയുടെ മുമ്പില്‍
3. എന്‍സൈക്ലോപീഡിയ ഓഫ് വേള്‍ഡ് റിലീജ്യന്‍
4. ഹിസ്റ്ററി ഓഫ് വെസ്റ്റേണ്‍ സിവിലൈസേഷന്‍, അലന്‍ ബര്‍ലിങ്ങ്‌
 

Feedback
  • Sunday Nov 24, 2024
  • Jumada al-Ula 22 1446