Skip to main content

അബ്ബാസു ബ്‌നു ഫര്‍നാസ്

''മനുഷ്യന്‍ നടക്കാന്‍ പഠിച്ച കാലം മുതല്‍ പറക്കാന്‍ സ്വപ്‌നം കണ്ടുതുടങ്ങിയിരുന്നു''. ആകാശം കീഴടക്കുകയെന്നത് എക്കാലത്തേയും മനുഷ്യവര്‍ഗത്തിന്റെ വലിയ സ്വപ്‌നമായിരുന്നു. വിമാനം എന്ന സ്വപ്‌ന വാഹനത്തിന് ചിറകു മുളച്ചത് മുതല്‍ അതിനായുള്ള നിരീക്ഷണ പരീക്ഷണങ്ങള്‍ മനുഷ്യന്‍ നടത്തിത്തുടങ്ങിയിരുന്നു. ഒമ്പതാം നൂറ്റാണ്ടില്‍ ആ ആശയത്തിന് ബീജാവാപം നല്‍കിയത് മുസ്‌ലിം ശാസ്ത്രജ്ഞനായ അബ്ബാസുബ്‌നു ഫര്‍നാസ് എന്ന ശാസ്ത്രപ്രതിഭയാണ്. 

ലോകത്തെ ആദ്യത്തെ വൈമാനികനായി (പൈലറ്റ്) കരുതപ്പെടുന്ന ശാസ്ത്രജ്ഞനാണ് അബ്ബാസ് ഇബ്‌നു ഫര്‍നാസ്. ഒമ്പതാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക സുവര്‍ണ കാലഘട്ടത്തില്‍ അന്‍ദലൂസില്‍ (ഇന്നത്തെ സ്‌പെയിന്‍) ജീവിച്ചിരുന്ന പ്രതിഭാധനനായ ശാസ്ത്രജ്ഞനാണ് അബ്ബാസുബ്‌നു ഫര്‍നാസ്. രസതന്ത്രജ്ഞന്‍, ജ്യോതിശാസ്ത്രജ്ഞന്‍, വൈദ്യശാസ്ത്രജ്ഞന്‍, എന്‍ജിനീയര്‍, കവി എന്നീ നിലകളില്‍ തിളങ്ങിയ പ്രതിഭയായിരുന്നു ഇദ്ദേഹം. മുഴുവന്‍ പേര് അബ്ബാസ് അബൂ അല്‍ ഖാസിം ബ്‌നു ഫര്‍നാസുബ്‌നു വിര്‍ദാസ് അല്‍ തകുറിനി. എ ഡി 810ല്‍ ഇസിന്‍ റാന്ത് ഒന്‍ഡാ (റൊന്‍ഡാ) എന്ന സ്ഥലത്താണ് ജനനം. കൊര്‍ഡോവ ഖലീഫയുടെ ഭരണകാലത്താണ് ജീവിച്ചതും മരിച്ചതും. 

വിവിധ ശാസ്ത്ര മേഖലകളിലായി ധാരാളം കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ട്. ജ്യോതിശാസ്ത്ര മേഖലയില്‍ നല്‍കിയ സംഭാവനകളെ മാനിച്ച് പില്‍ക്കാലത്ത് ഒരു ചാന്ദ്രഗര്‍ത്തത്തിന് ഇബിന്‍ ഫര്‍നാസ് എന്നാണ് ആധുനിക ശാസ്ത്രജ്ഞര്‍ പേര് നല്‍കിയത്. വിമാനം പറത്താന്‍ ആദ്യമായി ശ്രമം നടത്തിയത് ഇബ്‌നു ഫര്‍നാസ് ആണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ബഗ്ദാദിലെ വിമാനത്താവളത്തിന്റെ പേര് ഇബ്‌നു ഫര്‍നാസ് എന്നാക്കി മാറ്റിയിരുന്നു. കൊര്‍ദോവയിലെ ഗൗദാല്‍ഖ്വിവിര്‍ എന്ന നദിക്ക് കുറുകെ നിര്‍മിച്ച പാലത്തിനും ഇബ്‌നു ഫര്‍നാസിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. 

എ.ഡി 852ല്‍ ആര്‍മന്‍ ഫിര്‍മാന്‍ എന്ന മനുഷ്യന്‍ നടത്തിയ പരീക്ഷണത്തില്‍ ആകൃഷ്ടനായാണ് ഇബ്‌നു ഫര്‍നാസ് ആകാശ പറക്കലിനായി തയ്യാറെടുക്കുന്നതും പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നതും. ആര്‍മന്‍ ഫിര്‍മന്‍ ഒരു ശാസ്ത്രജ്ഞന്‍ ആയിരുന്നില്ല. പക്ഷെ അദ്ദേഹം പ്രകൃതി പ്രതിഭാസങ്ങളെ നിരന്തരം നിരീക്ഷിക്കുന്നയാളായിരുന്നു. മരങ്ങള്‍ കൊണ്ടും പരുത്തി കൊണ്ടും മറ്റും നിര്‍മിച്ച വസ്ത്രമണിഞ്ഞ് ഖുര്‍ത്തുബ പള്ളിക്ക് മുകളില്‍ കയറി താഴേക്ക് ചാടുകയായിരുന്നു അദ്ദേഹം ചെയ്തത്. പറന്നില്ലെങ്കിലും വീഴ്ചയുടെ വേഗതയില്‍ വലിയ മാറ്റം സംഭവിക്കുകയും വളരെ പതുക്കെ താഴേക്ക് പതിക്കുകയും ചെയ്തതിനാല്‍ കാര്യമായ പരിക്കേല്‍ക്കാതെ ഫര്‍മാന്‍ രക്ഷപ്പെട്ടു. ലോകത്തെ ആദ്യത്തെ പാരച്യൂട്ട് ചാട്ടമായും ഇത് ഗണിക്കപ്പെടുന്നുണ്ട്. 

ഇത് നിരീക്ഷിച്ച ഫര്‍നാസ് ഫിര്‍മാന്റെ മരണത്തിന് 23 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ 70ാമത്തെ വയസ്സില്‍ ഒരു വിമാന എന്‍ജിന്‍ നിര്‍മിച്ചു. 875ലായിരുന്നു അത്. മരക്കഷണങ്ങള്‍ കൊണ്ടും പരുത്തികൊണ്ടും ചിറകുകള്‍ നിര്‍മിച്ചു. തുടര്‍ന്ന് ജബല്‍ അല്‍ ആരൂസ് എന്ന മലയുടെ മുകളില്‍ കയറി താഴേക്ക് ചാടി. അതിവേഗതയില്‍ താഴേക്ക് പതിക്കാതെ ഈ യന്ത്രത്തിലൂടെ അല്‍പ നേരം വായുവില്‍ തെന്നിനീങ്ങാന്‍ ഫര്‍നാസിന് കഴിഞ്ഞുവെന്നാണ് കരുതുന്നത്. ഏതാണ്ട് പത്ത് മിനിറ്റോളം അത് പറന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ രേഖപ്പെടുത്തുന്നത്. ഏതായിരുന്നാലും ഇതാണ് ലോകത്തെ ആദ്യത്തെ ആകാശ സഞ്ചാരമായി ശാസ്ത്രലോകം കരുതുന്നത്. പിന്നീട് പലതവണ പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ലാന്റിംഗിലെ വേഗത കുറയ്ക്കാനുള്ള സംവിധാനം കണ്ടെത്താന്‍ അദ്ദേഹത്തിനായില്ല. അതുകൊണ്ട് വളരെ വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമാനം തഴേക്ക് പതിച്ചിരുന്നത്. ഒരിക്കല്‍ ഇത് മൂലം ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെയുള്ള ഒരു കൃത്രിമ ആകാശവും പ്ലാനറ്റേറിയവും ഇദ്ദേഹം ഉണ്ടാക്കിയിരുന്നു. കല്ലു കൊണ്ട് കണ്ണാടിയുണ്ടാക്കുകയും നിഴലിന്റെ സഹായമില്ലാതെ സമയം കണക്കാക്കാനുള്ള ഉപകരണം കണ്ടുപിടിക്കുകയും ചെയ്തു. പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായിരുന്ന ഖലീലുബ്‌നു അഹ്മദിന്റെ മെട്രിക്‌സിനെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ വിശദീകരിക്കാന്‍ കഴിയുന്ന അന്നത്തെ ഏക പണ്ഡിതന്‍ ഫിര്‍നാസ് ആയിരുന്നുവത്രെ. എന്‍ജിനീയറിങ്, വ്യോമയാനം, ഭൗതികശാസ്ത്രം, സംഗീതം എന്നിവയിലെല്ലാം പാണ്ഡിത്യമുണ്ടായിരുന്ന അല്‍ ഫിര്‍നാസ് ഒരു ജല ഘടികാരത്തിനും രൂപം നല്‍കി. വര്‍ണരഹിതമായ ഗ്ലാസ് നിര്‍മിക്കുന്നതിനുള്ള രീതിയും കണ്ടെത്തി. 

എ ഡി 887ല്‍ കൊര്‍ഡോവയില്‍ വെച്ചാണ് അന്ത്യം.

Feedback